സ്ത്രീ സുരക്ഷക്കുവേണ്ടിയുള്ള ചുവടുവെപ്പുകളില്‍ തലസ്ഥാന നഗരം മാറുകയാണ് തികച്ചും വ്യത്യസ്തമായി. കേരളത്തിലെ വനിതകള്‍ക്ക് വഴികാട്ടിയായി അഞ്ച് പെണ്രത്നങ്ങളുമുണ്ട് ഈ വ്യത്യസ്ത പാതയില്‍. പൂര്‍ണ്ണമായും വനിതകള്‍ക്ക് വേണ്ടി മാത്രം നിരത്തിലിറങ്ങുന്ന ഷീ ടാക്സിയുടെ ഡ്രൈവര്‍മാരാണ് ഇവര്‍ അഞ്ച് പേരും. ഇന്ത്യയിലെ തന്നെ ആദ്യ വനിതാ ടാക്സി സംരംഭത്തില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഷീ ടാക്സി ഡ്രൈവര്‍മാരായ ആനി, റസിയ, ആശാകുമാരി, ഹീര, ജയ്സി എന്നീ അഞ്ചുവനിതകള്‍. ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ കാര്‍ ഓടിച്ച് പരിചയമുള്ള തൃശൂര്‍ സ്വദേശി 59 കാരിയായ ആനി കേരളചരിത്രത്തില്‍ ആദ്യമായി കാര്‍ ഓടിച്ച് ചരിത്രംസൃഷ്ടിച്ച വനിതയാണ്. 1978 ല്‍ ഹെവി ലൈസന്‍സ് എടുത്ത് ലോറി ഓടിച്ച് വീണ്ടും ചരിത്രത്തില്‍ ഇടം നേടി. അതിനുശേഷം സ്കൂട്ടര്‍ ലൈസന്‍സ് എടുത്തു. 40 വര്‍ഷമായി ഡ്രൈവിംഗ് പരിശീലനരംഗത്തും ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നു. ആറ്റിങ്ങല്‍ സ്വദേശിയായ ജയ്സി രമേഷ് 20 വര്‍ഷമായി സ്വന്തം കാര്‍ ഓടിക്കുന്നു. മകന് ദുബായിലാണ്. പലപ്പോഴും കോഴിക്കോടുവരെ കാര്‍ തനിയെ ഓടിച്ചു പോകേണ്ട അവസരം ഉണ്ടായിട്ടുണ്ട് ജയ്സിക്ക്. ജന്‍ഡര്‍ പാര്‍ക്കിന്റെ പരസ്യം കണ്ടപ്പോള്‍ ആത്മവിശ്വാസം തോന്നിയതിനാലാണ് അപേക്ഷനല്‍കിയത്. രാത്രിയിലും യാത്രചെയ്യേണ്ടിവരുമെങ്കിലും ഈ ദൗത്യം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാനാണ് തീരുമാനമെന്ന് ജയ്സി പറയുന്നു. എറണാകുളം സ്വദേശിയായ ഹീര 8 വര്‍ഷമായി ഡ്രൈവിംഗ് സ്കൂള്‍ ഇന്സ്ട്രക്ടറാണ്. 14 വര്‍ഷമായി തിരുവനന്തപുരത്ത നീറമണ്‍കരയില്‍ സ്വന്തമായി ഡ്രൈവിംഗ് സ്കൂള്‍ നടത്തിവരികയാണ്.
ദൂരയാത്രകള് ഓടിച്ചു പരിചയമുള്ളതിനാല്‍ സ്വന്തമായി ഒരു സ്ഥിരവരുമാനം ആഗ്രഹിച്ചാണ് ഷീ ടാക്സിയിലേക്ക് ഹീര അപേക്ഷ അയച്ചത്. കൊല്ലം പള്ളിമുക്ക് സ്വദേശിയാണ് റസിയ നൗഷാദ്. ബിസിനസുകാരനായ ഭര്‍ത്താവും മൂന്നു മക്കളുമടങ്ങുന്നതാണ് റസിയയുടെ കുടുംബം. വീട്ടമ്മയായ റസിയ 12വര്‍ഷമായി സ്വന്തം വാഹനം ഓടിക്കുന്നു. കേരളം, ബാംഗ്ലൂര്‍, തമിഴ്നാട് എന്നിവടങ്ങളില്‍ വാഹനം ഓടിച്ച് പരിചയം ഉണ്ട്. ജീവിച്ചിരിക്കുന്ന കാലത്ത് എന്തെങ്കിലും ചെയ്തു എന്ന് അഭിമാനിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുകയാണെന്ന് റസിയ പറയുന്നു. പട്ടം സ്വദേശിയായ ആശ മാരുതി ഇന്‍ഡസിന്റെ ഡ്രൈവിംഗ് സ്കൂളില്‍ 15 വര്‍ഷമായി ടീച്ചറാണ്. സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനിക്കുന്നതായി ആശ പറയുന്നു. ഭര്‍ത്താവും രണ്ടു മക്കളുമുണ്ട് ആശക്ക്. വനിതകള്‍ക്കുവേണ്ടിയുള്ള സംരംഭത്തില്‍ ഭാഗമായതിന്റെ സന്തോഷം മറച്ചു വെക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. സ്ത്രീകളെ സുരക്ഷിതമായി അവരുടെ വീടുകളിലെത്തിക്കേണ്ട ഉത്തരവാദിത്തം ഭാരിച്ചതാണെങ്കിലും അത് തങ്ങളുടെ കടമയാണെന്ന് ഇവര്‍ കരുതുന്നു.
24 മണിക്കൂറും സേവനം നടത്തുന്ന ഷീ ടാക്സി പൂര്‍ണ്ണമായും വനിതകള്‍ക്ക് വേണ്ടിയുള്ള സംരംഭമാണ്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് നടപ്പാക്കുന്ന ഈ നൂതന പദ്ധതിയുടെ ഗുഡ്വില് അംബാസഡര്‍ നടി മഞ്ജുവാര്യരാണ്. ഷീ ടാക്സിയുടെ ഉദ്ഘാടനവും മഞ്ജുവാണ് നിര്‍വ്വഹിച്ചത്.
തിരുവനന്തപുരം നഗരത്തില്‍ മാത്രമാണ് ഷീ ടാക്സികള്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. 3 മാസത്തിനുള്ളില്‍ 100 കാറുകള്‍ സേവന സജ്ജമാക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഷീ ടാക്സി വ്യാപിപ്പിക്കും. സ്ത്രീകള്‍ക്ക് യാത്രചെയ്യാന്‍ നഗരത്തില്‍ എവിടെ നിന്നു വിളിച്ചാലും ടാക്സിയുടെ സേവനം ലഭ്യമാകും.
സാധാരണ ടാക്സി നിരക്കുതന്നെയാണ് ഷീ ടാക്സിയും ഈടാക്കുന്നത്. കവടിയാര്‍ ടെക്നോപാര്‍ക്ക് എന്നിവിടങ്ങളാണ് ഷീ ടാക്സിയുടെ പ്രധാന സെന്ററുകള്‍. അടുത്തമാസം ആദ്യത്തോടെ പൂര്‍ണ്ണതോതില്‍ ഷീ ടാക്സി പ്രവര്‍ത്തിച്ചുതുടങ്ങും.
പ്രതിമാസം 20000 രൂപയെങ്കിലും വരുമാനം ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. കാറുകളുടെ വശങ്ങളില് പരസ്യം പതിപ്പിച്ച് ആ ഇനത്തിലും വരുമാനം ഉണ്ടാക്കാനാകും. ജാഗ്രതാ സന്ദേശത്തിനുള്ള അലേര്‍ട്ട് സ്വിച്ചുമായും സുരക്ഷാ ആപ്ലിക്കേഷന്‍ സജ്ജീകരിച്ച മൊബെയില്‍ ഫോണ്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളും ഷീ ടാക്സിയില്‍ ഉണ്ടാകും. ടോള്ഫ്രീനമ്പരായ 8950000453 ല്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താല്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ടാക്സി എത്തും.
പത്തുദിവസത്തെ സാങ്കേതിക പരിശീലനത്തിനൊപ്പം കരാട്ടെയിലും പരിശീലനം നേടിയതിനുശേഷമാണ് ഷീ ടാക്സി ഡ്രൈവര്‍മാരായി ഇവര്‍ എത്തിയത്. ഏതായാലും സ്തീമുന്നേറ്റത്തിന്റെ പാതയിലെ ഒരു നാഴികക്കല്ലിന്റെ പ്രതീകമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ പഞ്ചരത്നങ്ങള്‍.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: