‘പാര്‍ട്ടിയില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടിയുടെ പ്രാദേശിക തലത്തിലുള്ള യോഗങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തണം. രാത്രികാലങ്ങളില്‍ യോഗം നടക്കുന്നത് മൂലമാണ് സ്ത്രീകള്‍ പങ്കെടുക്കുന്നതിനു വൈമുഖ്യം കാണിക്കുന്നത്..” സിപിഎമ്മിന്റെ സംസ്ഥാന പ്ലീനത്തിലെ ചര്‍ച്ചയും തീരുമാനവുമാണിത്.
സംശയിക്കേണ്ട, ടെലിവിഷനും സീരിയലും ഒന്നുമല്ല കാരണം, ഇന്നു പരക്കെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സ്ത്രീ സുരക്ഷ തന്നെ. സഞ്ചരിക്കാന്‍ ഷീ ടാക്സി വന്നാലും സ്ത്രീകള്‍ക്ക് അവരെ സ്വയം രചിക്കാന്‍ എന്തു ചെയ്യാനാവും. ഇവിടെയാണ് രാഷ്ട്രീയക്കാര്‍ ഏതാണ്ടു മറന്നു തുടങ്ങിയ വനിതാ സംവരണ ബില്ലിനെക്കുറിച്ചു വീണ്ടും ഓര്‍മ്മ വരുന്നത്. അടുത്തിടെ പുറത്തുവന്ന ചില കണക്കുകള്‍ കൂടി അറിയുമ്പോള്‍ ‘അബല’കളുടെ ശാക്തീകരണം എത്ര അകലെയാണെന്ന് മൂക്കത്തു വിരല്‍ വെച്ചു പോകും.
സ്വാതന്ത്ര്യാനന്തരകാലം മുതല്‍ മാത്രം കണക്കാക്കിയാലും ഇന്ത്യയിലെ നിര്‍ണ്ണായക മേഖലകളിലെല്ലാം വനിതകള്‍ പ്രവര്‍ത്തിച്ചു പോന്നിരുന്നു. എന്നാല്‍ സ്ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യം എന്നും അവഗണിക്കപ്പെട്ടിട്ടേയുള്ളൂ. പൊതുരംഗത്ത് പ്രവര്‍ത്തിച്ചുവന്ന് പ്രശസ്തരായ പല വനിതകളും പില്ക്കാലത്ത് പല കാരണങ്ങളാല്‍ അവഗണിക്കപ്പെട്ട ചരിത്രം നമുക്കുണ്ട്. ഇത് ഒരു തരത്തില്‍ സ്ത്രീകളോടുള്ള വിവേചനം തന്നെ അല്ലെ. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സ്ത്രീകള്‍ തന്നെ രംഗത്തിറങ്ങേണ്ടി വരുന്നതെന്തുകൊണ്ടാണ് ? സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് പൊതുവേ കാരണക്കാരായ പുരുഷസമൂഹത്തിലെ ഒരു ചെറിയ വിഭാഗംപോലും ഇതിനെതിരെ രംഗത്ത് വരുന്നില്ല എന്നു മാത്രമല്ല, തങ്ങളുടെ വാക്കുകളിലൂടെ നേരിട്ടല്ലെങ്കില്‍ പോലും സ്ത്രീയെ ചവിട്ടി താഴ്ത്താന്‍ സമൂഹത്തിനു പ്രചോദനം കൊടുക്കുകയല്ലേ ചെയ്യുന്നത്? രാജ്യത്തെ വനിതകള്‍ പൊതുരംഗത്തു നിന്ന് അകലുകയാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്കില്‍ പറയുമ്പോള്‍ അതിന് കാരണമാകുന്നതും ഇത്തരം വിവേചനങ്ങള്‍ തന്നെയല്ലെ?
സമൂഹത്തില്‍ 50 ശതമാനത്തിന് മുകളില്‍ വരുന്ന വനിതകള്‍ക്ക് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന നിയമനിര്‍മാണ സഭയില്‍ നാമമാത്രമായ പ്രാതിനിധ്യമേയുള്ളൂവെന്നത് ഗൗരവമായി കാണേണ്ടതാണ്. ഏത് സമൂഹത്തിനും അവരുടെ ആവശ്യങ്ങള്‍ ജനാധിപത്യവേദികളില്‍ എത്തിക്കണമെങ്കില്‍ മതിയായ പ്രാതിനിധ്യം ഉണ്ടാവണം. രാജ്യത്തെ ഭരണ സംവിധാനത്തിനുള്ളില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൊണ്ടുവരുന്നതിനും അതിന് പരിഹാരം കണ്ടെത്തുന്നതിനും നിയമസഭകളിലെ അവരുടെ പ്രാതിനിധ്യം പ്രധാനപ്പെട്ട ഒരു ഘടകമാണ്. പാര്‍ലമെന്റിലും വനിതാ പ്രാതിനിധ്യം നാമമാത്രമാണ്. പുരുഷന്മാര്ക്കെപ്പം സ്ത്രീകള്‍ക്കും പ്രാധാന്യം നല്കുന്നതിനുവേണ്ടിയാണ് പാര്‍ലമെന്റിലും നിയമസഭകളിലും വനിതാസംവരണത്തിന് വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ ദേശീയതലത്തില്‍തന്നെ ഉണ്ടായത്.
പാര്‍ലമെന്റില്‍ 33 ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും വനിതാ സംവരണ ബില്ലിന് ഇന്നേവരെ ഒരു പുരോഗതിയും സംഭവിച്ചിട്ടില്ല. ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു, രാജ്യസഭയില്‍ എത്തിയിട്ടുപോലുമില്ല. പാര്‍ലമെന്റിലെ വനിതാ പ്രതിനിധികളുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് (ഐപിയു) നടത്തിയ ഒരു സര്‍വ്വെയില്‍ ഇന്ത്യയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇങ്ങനെയാണ്. 188 രാജ്യങ്ങളിലെ വാര്‍ഷിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം പാര്‍ലമെന്റിലെ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ 108-ാം സ്ഥാനത്താണ്. കൃത്യമായി പറഞ്ഞാല്‍ ലോക്സഭയില്‍ 11 ശതമാനവും രാജ്യസഭയില്‍ 10.6 ശതമാനവും വനിതകള്‍ മാത്രം. പാര്മെന്റിനുവേണ്ടി പ്രവര്‍ത്തക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്.
2013ലെ കണക്കനുസരിച്ച് 21.3 ശതമാനം വനിതകളാണ് ആഗോളതലത്തില്‍ പാര്‍ലമെന്റ് അംഗങ്ങളായുള്ളത്. രണ്ട് വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ നേരിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അയല്‍ രാജ്യങ്ങളായ നേപ്പാള്‍, പാക്കിസ്ഥാന്, ചൈന എന്നിവയെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയാണ് ഏറ്റവും പിന്നില്‍. ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുമ്പോള്‍ അയല്‍ രാജ്യങ്ങളുടെ മുമ്പില്‍ ഇക്കാര്യത്തില്‍ തലകുനിക്കേണ്ട അവസ്ഥയാണ് ഇന്ത്യക്ക്. വനിതാ പ്രതിനിധികളുടെ കാര്യത്തില്‍ നേപ്പാള്‍ 24-ാം സ്ഥാനത്തും, ചൈന 55ഉം, പാക്കിസ്ഥാന് 66 ഉം സ്ഥാനത്തുമാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുള്ള പാക്കിസ്ഥാനില്‍ വനിതാ പ്രാതിനിധ്യത്തിന് ഇത്ര പരിഗണന നല്‍കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിവിധ തലങ്ങളിലെ വനിതകളില്‍ നിന്നുയരുന്ന ആവശ്യവും, വനിതാ സംവരണബില്‍ പാസാക്കണം എന്നതാണ്. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കണം എന്നാണ് ഇവരുടെ ആവശ്യം.
ലോക്സഭയിലേക്കും, സംസ്ഥാന നിയമസഭകളിലേക്കും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്കുന്ന ബില്‍ 1996മുതല്‍ നിയമമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഐപിയു വിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂന്നില്‍ ഒന്ന് പ്രാതിനിധ്യം പോലും ഇന്ത്യയിലെ വനിതകള്‍ക്ക് ലഭിക്കുന്നില്ലെന്ന് വ്യക്തമാകുന്നു.
1999ല്‍ 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച വനിതകള്‍ 49 ശതമാനമായിരുന്നു. എന്നാല്‍ 2009 ആയപ്പോള്‍ ഇത് 59 ആയി വര്‍ധിച്ചുവെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ പറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ വനിതകള്‍ക്ക് വേണ്ടത്ര സംവരണം നല്‍കുന്നുണ്ട്. അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ചൈന, പാക്കിസ്ഥാന് എന്നീ അയല്‍ രാജ്യങ്ങളും സ്ത്രീകള്‍ക്ക് സംവരണ സീറ്റ് നല്‍കുന്നുണ്ട്. ലോക രാഷ്ട്രങ്ങളില്‍ സംവരണ സീറ്റിന് വലിയ പ്രധാന്യം നല്കുമ്പോള് ഇന്ത്യയെ പോലെ ഒരു ജനാധിപത്യ രാജ്യം വനിതകള്ക്കതിരെ മുഖം തിരിക്കുന്നത് വാസ്തവത്തില്‍ നാണക്കേട് തന്നെ അല്ലെ. വനിതാ പ്രാധിനിധ്യം ജനാധിപത്യത്തിന്റെ അവശ്യഘടമാണെന്നാണ് ഐപിയു സെക്രട്ടറി ജനറല്‍ ആന്റേഴ്സ് ബി ജോണ്സണ് പറയുമ്പോള്‍ തന്നെ ദേശീയ രാഷ്ട്രീയത്തില്‍ വനിതകളുടെ സാന്നിധ്യം വിരലിലെണ്ണാവുന്നതാണ്. യു പി മുഖ്യമന്ത്രിയായിരുന്ന മായാവതി, ബംഗാളിലെ മമതാ ബാനര്‍ജി, തമിഴ്നാട്ടിലെ ജയലളിത, ദല്‍ഹിയിലെ ഷീല ദീക്ഷിത്, യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി, ലോക് സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, ഗ്രാമ പഞ്ചായത്തുകള്‍ മുതല്‍ പാര്‍ലമെന്റുവരെയുള്ള തെരഞ്ഞെടുക്കപ്പെടുന്ന വേദികളിലെ കുറേ ഏറെ സ്ത്രീകള്‍, ഇവരില്‍ അവസാനിക്കുന്നു രാഷ്ട്രീയം. ചുരുക്കം ചിലരാല്‍ അറിയപ്പെടേണ്ടതാണോ നമ്മുടെ രാഷ്ട്രീയം.
കേരള രാഷ്ട്രീയത്തിലെ സ്ഥിതി ദേശീയ രാഷ്ട്രീയത്തെക്കാള്‍ മോശമാണ്. വിദ്യാഭ്യാസത്തിലായാലും എണ്ണത്തിലായാലും കേരളത്തില്‍ മുന്‍പന്തിയിലുള്ള സ്ത്രീകള്‍ക്ക് എന്ത് അംഗീകാരമാണ് ലഭിക്കുന്നത്.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സ്ഥാനമാനങ്ങളില്ലാതായിക്കഴിഞ്ഞു എന്നതാണ് വസ്തുത. ഇങ്ങനെ തുടര്‍ന്നാല്‍ പ്രതിഷേധങ്ങള്‍ നടത്താന്‍ പോലും സ്ത്രീകളെ കിട്ടാത്ത സ്ഥിതി ഉണ്ടാകും. ഗ്രൂപ്പ് വഴക്കും, അഴിമതി ആരോപണങ്ങളും കൊണ്ടു മാത്രം ശ്രദ്ധേയമായ കേരള രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യത്തിന് എന്ത് സ്ഥാനമാണ് നമ്മുടെ ഭരണനേതൃത്വം നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കേരളത്തിലെ സ്ത്രീകള്‍ക്ക് ഭരണ അവസരം ലഭിച്ചത് 1995ലെ തെരഞ്ഞെടുപ്പിലാണ്. എന്നാല്‍ ഇന്ന് കേരള നിയമസഭയില്‍ ഉള്ളത് 10 താഴെ മാത്രം വനിതാ പ്രതിനിധികളാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മികവ് തെളിയിക്കുന്നവര്‍ കേരളത്തിലുണ്ട്. അവസരവും പിന്തുണയും ലഭിച്ചാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരാണ് നമ്മുടെ വനിതകള്‍. എന്നാല്‍ ഇന്ന് ഇവര്‍ക്ക് ലഭിക്കാതെ പോകുന്നതും ഈ അവസരങ്ങളും പിന്തുണയുമൊക്കെയാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നവരും ഭരണാധികാരികളും ഓര്‍ക്കാതെ പോകുന്നതുമായ ഒരു കാര്യമുണ്ട്, വനിതാ സംവരണ ബില്‍. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ബില്‍ പാസാകാതെ കെട്ടിക്കിടക്കുന്നത് ഇവരുടെയൊക്കെ അലംഭാവം കൊണ്ടല്ലേ. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് പരിഹാരം തേടി അലമുറയിടുന്ന വനിതകള്‍പോലും ഈ സംവരണ ബില്ലിനെക്കുറിച്ച് ഇപ്പോള്‍ ഒരക്ഷരംപോലും മിണ്ടുന്നില്ല. എത്രയോ ബില്ലുകള്‍ ഇതിനിടയില്‍ പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞു. മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ബില്ലിനുവേണ്ടി ഒരിക്കല്‍പോലും ശ്രമിച്ചിട്ടില്ലെന്നുവേണം പറയാന്‍. വികസനവാഗ്ദാനങ്ങള്ക്ക് മുന്‍തൂക്കം കൊടുക്കുമ്പോള്‍ വനിതാ സംവരണ ബില്ലിനും ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാന്യം നല്കേണ്ടതല്ലേ.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ അതിനെതിരെ പ്രവര്‍ത്തിക്കാനും പലതും ചെയ്യാനും വനിതകള്‍ക്ക് സാധിക്കും. വനിതാ സംവരണ ബില്‍ പാസാകുന്നതോടെ സ്ത്രീകളുടെ രാഷ്ട്രീയ അധികാരം സാധ്യമാകും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായല്ല മറിച്ച് നമ്മുടെ രാജ്യത്തിനുവേണ്ടി വനിതകള്‍ക്കുവേണ്ടി വനിതാസംവരണ ബില്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം.
സര്‍ക്കാര്‍ തലത്തില്‍ നിന്നും മാത്രമല്ല, രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഇനിയുള്ള ദിനങ്ങളില്‍ വനിതകളുടെ ഭാഗധേയം ഉറപ്പു വരുത്താന്‍ ശ്രമം ഉണ്ടാകണം. വനിതകള്‍ക്ക് പുരുഷന്മാര്ക്കൊപ്പം തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിനും പൊതുപ്രവര്‍ത്തനത്തിനും ഉള്ള അന്തരീക്ഷം ഉണ്ടായെങ്കില്‍ മാത്രമേ നമ്മുടെ ജനാധിപത്യ സംവിധാനത്തിന് നിലനില്‍പ്പുണ്ടാകുകയുള്ളൂ.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: