നീതിന്യായരംഗത്തെ പ്രഗത്ഭര്‍ പോലും ലൈംഗികാതിക്രമങ്ങളിലെ പ്രതികളാകുന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ജനാധിപത്യത്തിന്റെ നാലാംതൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമരംഗവും ഇതില്‍ നിന്ന് ഭിന്നമല്ലെന്ന് വ്യക്തമാക്കിയ ഒരു വനിതാമാധ്യമപ്രവര്ത്തകയാണ് ഈയാഴ്ച്ച വാര്‍ത്തയില്‍ നിറഞ്ഞ സ്ത്രീ. തെഹല്‍ക്ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായാണ് ഇവര്‍ രംഗത്തെത്തിയത്. പരാതി പിന്‍വലിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും നിലപാടില്‍ വിട്ടുവീഴ്ച്ചയില്ലാതെ നില്ക്കുന്ന ഈ വനിതാപത്രപ്രവര്ത്തകയ്ക്ക് മുന്നില്‍ പോലീസും ഭരണാധികാരികളും കീഴടങ്ങുകയാണ്. മാത്രമല്ല സഹപ്രവര്‍ത്തകയുടെ പരാതിയിന്മേല് തെഹല്‍ക്ക എംഡി ഷോമ ചൗധരിക്കും രാജി വയ്ക്കേണ്ടി വന്നു. തേജ്പാലിനെ സംരക്ഷിക്കാനും പത്രപ്രവര്‍ത്തകയുടെ പരാതി മറച്ചുവയ്ക്കാനും ഇവര്‍ ശ്രമിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും വിധമുള്ള ഒരു പരാതിയുമായി രംഗത്തെത്തിയ തെഹല്ക്കയിലെ വനിതാമാധ്യമപ്രവര്‍ത്തകയെ സ്വാധീനിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാകുകയായിരുന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് തനിക്ക് നേരിടേണ്ടിവന്ന അപമാനത്തിന് ഉത്തരവാദിയായ പ്രഗത്ഭനെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ഈ മാധ്യമപ്രവര്‍ത്തക നടത്തിയ ശ്രമം അങ്ങനെ അഭിനന്ദനീയമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: