നെടുമ്പാശ്ശേരി: കോണ്‍ഗ്രസ്സ് പുനഃസംഘടന ഉറപ്പായതോടെ നെടുമ്പാശ്ശേരിയില്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തിന് (എ)യും, (ഐ)യും പിടിവലിയില്‍. പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി മാത്രമേ വഹിക്കുവാന്‍ പാടുള്ളുവെന്നതുകൊണ്ട് നിലവിലുള്ള ബ്ലോക്ക് പ്രസിഡന്റ് പി.വൈ. വര്‍ഗ്ഗീസിന് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനമോ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയോ ഏതെങ്കിലും ഒന്ന് ഒഴിയേണ്ടതുണ്ട്. ഇതില്‍ ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിയാനുള്ള തീരുമാനത്തിലാണ് വര്ഗീസെന്നാണ് ഇദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. പാര്‍ട്ടിയുടെ പുതിയ നോംസ് അനുസരിച്ച് സ്ഥാനമൊഴിയുന്ന പ്രസിഡന്റ്മാര്‍ ഏത് ഗ്രൂപ്പാണോ അതേ ഗ്രൂപ്പില്പ്പെട്ടവരായിരിക്കും പകരക്കാരനായി വരിക.
നെടുമ്പാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായ വര്‍ഗീസ് (എ) ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് ബ്ലോക്ക് പ്രസിഡന്റായതെങ്കിലും ഇപ്പോള്‍ (ഐ) ഗ്രൂപ്പിലാണ്. അതുകൊണ്ട് തന്നെ വര്‍ഗീസിന് പകരക്കാരനായി (ഐ) ഗ്രൂപ്പിലെ തന്നെ ആളായിരിക്കും പ്രസിഡന്റാകാന്‍ സാധ്യത. എന്നാല്‍ ആലുവ നിയോജക മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് (ആലുവ, നെടുമ്പാശ്ശേരി) പ്രസിഡന്റ് മാത്രം ഇത്തരത്തില്‍ തങ്ങളുടെ ഗ്രൂപ്പില്‍ നിന്ന് കൂറുമാറിയതായതിനാല് രണ്ട് ബ്ലോക്കുകളില്‍ ഏതെങ്കിലും ഒന്ന് തങ്ങള്‍ക്ക് വിട്ടുതരണമെന്ന വാദമാണ് (എ) ഗ്രൂപ്പ് ഉയര്‍ത്തുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃതലത്തിലെടുത്ത തീരുമാനത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും (ഐ) ഗ്രൂപ്പ് തയ്യാറല്ല. അതേ സമയം (ഐ) ഗ്രൂപ്പിലാകട്ടെ ബ്ലോക്ക് പ്രസിഡന്റാകാന്‍ ഒന്നിലധികം പേരാണ് ഉള്ളത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിലീപ് കപ്രശ്ശേരി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എന്‍.എം. ജമാല്‍, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. കൃഷ്ണകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ പി.സി. സുരേഷ്കുമാര്‍ എന്നിവരാണ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലിക്കുന്നത്. ബ്ലോക്ക് പ്രസിഡന്റാകുന്നതിന് പാര്‍ട്ടി നിശ്ചയിച്ചിട്ടുള്ള നോംസ് അനുസരിച്ച് ബ്ലോക്ക് ഭാരവാഹിയോ, പോഷക സംഘടനകളുടെ ജില്ലാഭാരവാഹിയോ, മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റോ, ഡി.സി.സി മെമ്പറോ ആയിരിക്കണം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തിന് പരിഹരിക്കപ്പെടേണ്ടത.് എന്നാല്‍ ബ്ലോക്ക് പ്രസിഡന്റാകാന്‍ ചരടുവലിക്കുന്നവരില്‍ പലര്‍ക്കും ഈ യോഗ്യതകള്‍ പ്രസിഡന്റാകുന്നതിന് കടമ്പയായി മാറിയിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ചിലര്‍ സാമുദായിക കാര്‍ഡിറക്കിയാണ് സ്ഥാനം നേടിയെടുക്കാന്‍ കച്ചമുറുക്കിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: