പള്ളുരുത്തി: പള്ളുരുത്തി തങ്ങള്‍നഗറില്‍ മുസ്ലീംയൂത്ത് ലീഗ്, പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം, ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കത്തിക്കുത്തേറ്റ, യഹിയ (32)നെ ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് സംഘര്‍ഷത്തിനു കാരണമായ സംഭവങ്ങള്‍ ഉരുത്തിരിഞ്ഞത്. പ്രദേശത്ത് മയക്കുമരുന്നുവില്പ്പനക്കാരനെന്ന് ആരോപിച്ച് നിയാസ് (26) എന്ന ചെറുപ്പക്കാരനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ തടഞ്ഞുവെക്കുകയും, മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തു. ഈ സംഭവത്തെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ ചെറുപ്പക്കാരനുവേണ്ടി ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും, മറ്റുകാര്യങ്ങള്‍ക്കുമായി മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് യൂത്ത് ലീഗ് പ്രവര്‍ത്തകരായിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ പള്ളുരുത്തി പോലീസ് കേസെടുത്തിരുന്നു. കേസില്‍ ജാമ്യം ലഭിച്ചുവന്നവര് ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞതായി പറയുന്നു. നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സദാചാരപോലീസ് ചമഞ്ഞതാണ് പ്രശനങ്ങള്‍ക്ക് കാരണമെന്ന് മറുവിഭാഗം പറയുന്നു. സംഭവങ്ങള്‍ക്കെല്ലാം തുടര്‍ച്ചയായി ഇടക്കൊച്ചി അക്വിനാസ് കോളേജിനുസമീപം താമസിക്കുന്ന മറേക്കാട്ട് വീട്ടില്‍ സജീര്‍ എന്നയാളുടെ വീടിനുനേരെ ആക്രമണമുണ്ടായതായും പള്ളുരുത്തി പോലീസില്‍ പരാതിലഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.30യോടെ ഒരുസംഘം ആളുകള്‍ വീടിനുനേരെ സോഡാകുപ്പിവലിച്ചെറിയുകയായിരുന്നുവെന്ന് പറയുന്നു.
ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും, ഗേറ്റുകളും തകര്‍ന്നു. പോലീസെത്തി ആക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും ആയുധങ്ങളുമായി പ്രദേശത്ത് എത്തിയതോടെ നാട്ടുകാര്‍ ഭീതിയുടെ മുള്‍മുനയിലാണ്. ആക്രമണം നടന്നഘട്ടത്തില് പോലീസ് നിഷ്ക്രിയമായതാണ് തുടരെ അക്രമങ്ങള്‍ ഉണ്ടാകാന്‍ കാരണമായത് മട്ടാഞ്ചേരി അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: