കൊച്ചി: ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ല, താലൂക്ക് തലങ്ങളില്‍ പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ല കളക്്ടര്‍ക്ക് നിര്‍ദേശം നല്കി. ജനസമ്പര്‍ക്കപരിപാടിയുടെ അന്ന് ലഭിച്ചവയും താഴെത്തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരിഹരിക്കേണ്ടവയുമായ പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പരാതികളിലെ തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിന് കളക്്ടറേറ്റില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ല കളക്്ടാര്‍ പി.ഐ. ഷെയ്്ക്ക് പരീത് മുഖ്യമന്ത്രിയെ അറിയിച്ചു.
ബാങ്കുകളില്‍ നിന്നുള്ള വിദ്യാഭ്യാസ വായ്പ, കാര്‍ഷിക വായ്പ എന്നിവ സംബന്ധിച്ച പരാതികളും വായ്പാതിരിച്ചടവ് മുടങ്ങിയ കേസുകളിലെ ജപ്തി നടപടികളെ കുറിച്ചുള്ള പരാതികളും പരിഹരിക്കുന്നതിന് ബാങ്ക് അദാലത്ത് സംഘടിപ്പിക്കാനും വീഡിയോ കോണ്‍ഫറന്‍സില്‍ തീരുമാനമായി. ഭൂരഹിതരില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ക്ക് സീറോ ലാന്‍ഡ് ലെസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ മുന്‍ഗണന നല്‍കും. നിലവില്‍ എ.പി.എല്‍ കാര്‍ഡുള്ളവരും എന്നാല്‍ ബി.പി.എല്ലിലേക്ക് മാറാന്‍ അര്‍ഹരുമായവരുടെ അപേക്ഷകളില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഉടനെ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഒരിക്കല്‍ ധനസഹായം അനുവദിച്ചവരുടെ തുടര്‍ന്നുള്ള അപേക്ഷകള്‍ രണ്ടു വര്‍ഷത്തിനു ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. അസുഖം, ശാരീരികവൈകല്യങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് സാമൂഹികനീതി വകുപ്പിന്റെയും സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെയും വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കും.
നാഷണല്‍ ഫാമിലി ബനിഫിറ്റ് സ്കീമിലേക്കുള്ള അപേക്ഷകള്‍ കാലതാമസം കണക്കാക്കാതെ തീരുമാനിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുര്‍ബല, അവശ ജനവിഭാഗങ്ങള്‍ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചിട്ടുള്ള വിവിധ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് ആവശ്യമായ പ്രചാരണം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി. എ.ഡി.എം ബി. രാമചന്ദ്രനും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: