തിരുവനന്തപുരം: വലിയമല ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ്ടെക്നോളയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിനിരയാവുന്ന സംഭവത്തില്‍ സ്ഥാപനമേധാവി ഡിസംബര്‍ 31നകം വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവിട്ടു. റാഗിങ്ങ് തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഹോസ്റ്റല്‍ വാര്ഡന് സ്ഥാനത്ത് നിന്നു നീക്കംചെയ്യപ്പെട്ട കെ.വി.ഫിലിപ്പ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ പട്ടികവിഭാഗത്തില്‍പ്പെട്ട ഒരുവിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത കേസില്‍ മൂന്നുവിദ്യാര്‍ത്ഥികള്‍ക്ക് താന്‍ കര്‍ശന ശിക്ഷ നല്‍കിയതായി ഫിലിപ്പ് പരാതിയില്‍ പറയുന്നു. എന്നാല്‍ സ്ഥാപനമേധാവി ശിക്ഷ ഇളവുചെയ്തു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന റാഗിങ്ങ് എതിര്‍ത്തപ്പോഴൊക്കെ കോളേജ് അധികൃതര്‍ മൗനം പാലിച്ചതായി പരാതിയില്‍ പറയുന്നു. റാഗിങ്ങിനെതിരെ വിദ്യാര്‍ത്ഥികള്‍ കോളേജ് അധികാരികള്‍ക്ക് നല്കിയ പരാതികളുടെ പകര്‍പ്പുകളും ഫിലിപ്പ് കമ്മീഷനില്‍ ഹാജരാക്കി. ഫിലിപ്പ് വാര്‍ഡനായി തുടരണമെന്ന് ആവശ്യപ്പെട്ട് 115 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ടു നല്കിയ നിവേദനവും ഹാജരാക്കി. മേല്‍കോടതികള്‍ റാഗിങ്ങിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതായി ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.
റാഗിങ്ങിനെതിരെ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ഉത്തരവാദിത്തം അധികൃതര്‍ക്കുണ്ട്. റാഗിങ്ങ് ചൂണ്ടിക്കാണിക്കുമ്പോള്‍ കണ്ണടയ്ക്കുന്ന അധികാരികള്‍ റാഗിങ്ങിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. റാഗിങ്ങിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതികളിന്മേല് സ്വീകരിച്ച നടപടികള്‍ വിശദീകരണത്തില്‍ വ്യക്തമാക്കണമെന്നും ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: