കോഴിക്കോട്: അടുത്ത ലോക്സഭാ തെരെഞ്ഞെടു പ്പില്‍ വിലപേശല്‍ ശക്തിയായി മാറണമെന്ന് മലയോര കര്‍ഷകരോട് ഡോ. പി.പി. സിറിയക്. ഇന്നലെ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച തെളിവെടുപ്പിലാണ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി അംഗമായ ഡോ. സിറിയക് കര്‍ഷകരോട് ഇത്തരമൊരാഹ്വാനം ചെയ്തത്.
കര്‍ഷകര്‍ക്ക് അനുകൂലമായ ശൂപാര്‍ശ നല്കാന് സമിതിക്ക് സാധിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാറാണ് ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനമെടുക്കേണ്ടത്. കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ലോക്സഭാ തെരെഞ്ഞെടുപ്പ് അവസരം മുതലെടുത്ത് വിലപേശല്‍ ശക്തിയായി മാറാന്‍ സംഘടിത ശ്രമം നടത്താനും കര്‍ഷകര്‍ തയ്യാറാകണം, അദ്ദേഹം ആവശ്യപ്പെട്ടു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പിഴവുകള്‍ വന്നിട്ടുണ്ട്. റിമോട്ട് സെന്‍സിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള പഠനമാണ് ഇത്തരമൊരു പിഴവ് വരുത്തിയിരിക്കുന്നത്. ജനവാസ പ്രദേശങ്ങളും കൃഷിസ്ഥലങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളായി മുദ്രകുത്തപ്പെട്ടു. പ്രാദേശികമായി ജനപ്രതിനിധികളും ഗ്രാമപഞ്ചായത്തും സര്‍വെ നടത്തി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തയ്യാറാകണം. വനംവകുപ്പ് ആണ് യൂക്കാലിപ്റ്റസ് പോലെയുള്ള മരങ്ങള്‍ നട്ട് പരിസ്ഥിതി നശിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ കാവിലുംപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലാണ് സമിതി തെളിവെടുപ്പ് നടത്തിയത്. കാവിലുംപാറയില്‍ നടന്ന തെളിവെടുപ്പിലും ഇതേ വികാരമാണ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്‍മാനും സമിതി അധ്യക്ഷനുമായ പ്രൊഫ. ഉമ്മന്‍ വി.ഉമ്മന്‍ കര്‍ഷകരോട് പങ്കുവെച്ചത്. കര്‍ഷകരുടെ ആശങ്കകള്‍ സര്‍ക്കാറിനെ അറിയിക്കുമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് അനുഗുണമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ നടന്ന രണ്ട് തെളിവെടുപ്പ് കേന്ദ്രങ്ങളിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംഘടിതമായ നീക്കം സംഘടിപ്പിക്കുന്നതില്‍ സഭാ നേതൃത്വവും രാഷ്ട്രീയപാര്‍ട്ടികളും മുന്‍കയ്യെടുത്തിരുന്നു. കാവിലുംപാറയില്‍ നടന്ന തെളിവെടുപ്പില്‍ ചാത്തന്തോട്ടം സെന്റ്ജോസഫ് പള്ളി വികാരി വിനുപുളിക്കല്, കൂരാച്ചുണ്ടില്‍ നടന്ന തെളിവെടുപ്പില്‍ മുതുകാട് പള്ളിവികാരി ഫാ.ഡാന്റിസ് കിഴക്കരെക്കാട്ട്, ചക്കിട്ടപ്പാറ പള്ളി വികാരി ജോസഫ് കുനാനിക്കല്‍, പൂഴിത്തോട് പള്ളിവികാരി ഫാ. സോയി പെരിവേലില്, പെരുവണ്ണാമൂഴി പള്ളിവികാരി ഫാ. ബിജോ ചെമ്പരത്തിയില്‍, കുളത്തുവയല്‍ പള്ളിവികാരി ഫാ. വിനോയ് പുരയിടം, കല്ലാനോട് പള്ളിവികാരി ഫാ. മാത്യുചെറുവേലി എന്നിവരും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമിതി് മുമ്പാകെ നിവേദനങ്ങള്‍ സമര്‍പ്പിച്ചു. കുടിയേറ്റകര്‍ഷകരെ നഷ്ടപരിഹാരം നല്‍കാതെ കുടിയിറക്കാനാണ് കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശുപാര്‍ശകളെന്ന് ഫാ.ജോസഫ് കുനാനിക്കല്‍ കൂരാച്ചുണ്ടില്‍ നടന്ന തെളിവെടുപ്പ് യോഗത്തില്‍ പറഞ്ഞു. കാട്ടുജീവികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കര്‍ഷകര്‍ക്കില്ല. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പോലെയുള്ള ഉട്ടോപ്യന്‍ ആശയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ രണ്ടാംതരം പൗരന്മാരായാണ് മലയോരകര്ഷകരെ കാണുന്നത്. കുടിയേറ്റജനതയെ പ്രകോപിപ്പിച്ചാല്‍ ഭവിഷ്യത്തുണ്ടാകും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: