കോഴിക്കോട്ടെ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ ഇരുമ്പയിര് ഖാനനത്തിന് പൊതുമേഖലാ കമ്പനിയായ കുദ്രേമുഖ് അയണ്‍ ഓര് കമ്പനിയെ തഴഞ്ഞ് ബെല്ലാരി ആസ്ഥാനമാക്കിയുള്ള എംഎസ്പിഎന്‍ എന്ന സ്വകാര്യകമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അന്ന് വ്യവസായമന്ത്രിയായിരുന്ന എളമരം കരീം ഇതിനുവേണ്ടി അഞ്ച് കോടി രൂപ കോഴയായി വാങ്ങിയെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്. ഇടനിലക്കാരനായ, എളമരം കരീമിന്റെ ബന്ധു നൗഷാദില്കൂടിയാണ് ഖാനന അനുമതി ഇടപാട് നടന്നതെന്നും ആരോപണമുണ്ട്. സിപിഎം പ്ലീനം നടക്കുന്ന വേളയിലാണ് പാര്‍ട്ടി നേതാവായ എളമരം കരീം അഴിമതിയുടെ കരിനിഴലില്‍ നില്‍ക്കുന്നത്. 2009 മെയ് മാസത്തിലാണ് ഖാനനത്തിന് മുന്നോടിയായ സര്‍വ്വേ നടത്താന്‍ ഇടതുസര്‍ക്കാര്‍ അനുമതി നല്‍കിയത്. 2013 ജനുവരിയില്‍ ഖാനന അനുമതിക്ക് മുമ്പുള്ള സര്‍വ്വേ നടത്താനുള്ള അനുമതി നീട്ടിനല്‍കിയത് യുഡിഎഫ് സര്‍ക്കാരാണ്. ചക്കിട്ടപാറ വില്ലേജില്‍ 1058-91 ഹെക്ടര്‍ ഭൂമിയില്‍ ഖാനനം നടത്താന്‍ കുദ്രേമുഖ് അയണ്‍ ഓര് കമ്പനിയാണ് സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് അപേക്ഷ നല്‍കിയത്. എംഎസ്പിഎന്‍ കമ്പനിക്കനുകൂലമായ തീരുമാനം 1957 ലെ മൈന്‍സ് ആന്റ് മിനറല്‍സ് നിയമപ്രകാരം ഒരേ സ്ഥലത്ത് ഖാനനപാട്ടത്തിന് വേണ്ടി ഒന്നിലേറെ പേര് അപേക്ഷിച്ചാല്‍ ആദ്യം ലഭിക്കുന്ന അപേക്ഷക്ക് മുന്‍ഗണന നല്‍കണമെന്ന നിയമം ലംഘിച്ചാണ്.
പശ്ചിമഘട്ടം പിരസ്ഥിതിലോല പ്രദേശമാണെന്നും പരിസ്ഥിതി വിനാശകരമായ ഒരു നടപടിയും പാടില്ലെന്നും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഈ ഭൂമിതട്ടിപ്പില്‍ കര്‍ഷകര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഇളമരം കരീമിന്റെ ബന്ധു നൗഷാദ് 55 ഏക്കറാണ് തട്ടിയെടുത്തത്. ഈ ഇടപാടില്‍ നൗഷാദ് 35 കോടി നേടിയതായും ആരോപണമുണ്ട്. ജില്ലയില്‍ ഇരുമ്പയിര് ഖാനനത്തിന് അനുമതി നല്‍കിയതിന് പിന്നില്‍ നടന്ന അവിശുദ്ധ ഇടപെടലുകളെക്കുറിച്ച് സിബിഐ അന്വേഷണിക്കണമെന്ന് ബിജെപിയും യുഡിഎഫ് ചീഫ് വിപ്പ് പി.സി. ജോര്‍ജും ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനെപ്പറ്റി ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയെങ്കിലും നൗഷാദ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതുവരെ അവര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ ഹൈക്കോടതി നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരും തങ്ങള്‍ നല്കിയ ഖാനനാനുമതി റദ്ദാക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. പരിസ്ഥിതിലോല മേഖലയില്‍ ഖാനനം നിരോധിച്ച് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം വന്നിരിക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. എല്‍ഡിഎഫിന്റെ നയം പൊതുമേഖലയില്‍ മാത്രമേ ഖാനനാനുമതി നല്‍കുകയുള്ളൂ എന്നായിരുന്നു. ഈ നയം അട്ടിമറിച്ചാണ് എളമരം കരീം ഖാനനാനുമതി നല്‍കിയത്.
ഖാനനാനുമതിയല്ല, ഖാനനത്തിനു മുമ്പുള്ള സര്‍വ്വേക്കാണ് അനുമതി നല്‍കിയതെന്ന കരീമിന്റെ വാദം വിലപ്പോകുന്നില്ല. കോഴിക്കോട് ജില്ലയിലെ 740 ഹെക്ടര്‍ ഭൂമിയില്‍ കണ്ടെത്തിയ 79 ദശലക്ഷം ടണ്‍ ഇരുമ്പയിര് നിക്ഷേപം 30 വര്‍ഷത്തിന് ശേഷമേ ഖാനനം നടത്താവൂ എന്നായിരുന്നു കേന്ദ്രനിര്‍ദ്ദേശം. 2008 ലാണ് എംഎസ്പിഎന്‍ ഖാനനാനുമതി തേടി ഇടതുസര്‍ക്കാരിനെ സമീപിച്ചത്. ഖാനനാനുമതി നല്‍കിയത് പൊതുമേഖലാ സ്ഥാപനങ്ങളെ പരിഗണിക്കുകയോ കൂടുതല്‍ വരുമാനസാധ്യത നേടുകയോ ചെയ്യാതെയാണ്. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അറിവോടെയാണത്രെ അനുമതി നല്‍കിയിട്ടും സംസ്ഥാനസര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രാനുമതി. പക്ഷെ വനംവകുപ്പ് ഇതിന് അംഗീകാരം നല്‍കിയിരുന്നില്ല. ഇപ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വ്യവസായവകുപ്പ് ഖാനനാനുമതി നിഷേധിച്ചിരിക്കുകയാണ്. കേരളത്തിന്റെ പ്രകൃതിസമ്പത്ത് ചൂഷണം ചെയ്യാന്‍ മണല്‍, വനം, ക്വാറി, ഖാനന മാഫിയകള്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയക്കാര്‍ അവരെ പ്രീണിപ്പിച്ച് കോഴ വാങ്ങി ചൂഷണാനുവാദം നല്‍കുകയോ ചൂഷണത്തിനെതിരെ കണ്ണടക്കുകയോ ചെയ്യുന്നത് സര്‍വ്വസാധാരണമാകുകയാണ്. 44 നദികളുള്ള കേരളത്തില്‍ മണല്‍കൊള്ളയാണ് നദികളെ നശിപ്പിച്ച് ജലക്ഷാമം സൃഷ്ടിച്ചത്. പരിസ്ഥിതിലോലവും ഭൂകമ്പസാധ്യതയുമുള്ള ഇടുക്കിയില്‍ ക്വാറികള്‍ സുലഭമാണ്.
ഇതൊന്നും ബന്ധപ്പെട്ടവര്‍ അറിയാതെ നടക്കുന്നതല്ല, മറിച്ച് അത് പ്രോത്സാഹിപ്പിച്ച് ലാഭം കൊയ്യാനാണ് മന്ത്രിമാര്‍ മാത്രമല്ല അവരുടെ ബന്ധുക്കളും ശ്രമിക്കുന്നത്. ഐസ്ക്രീം കേസിലും മന്ത്രിയുടെ സഹോദരീ ഭര്‍ത്താവായിരുന്നല്ലോ പ്രമുഖ ഇടനിലക്കാരന്. ചക്കിട്ടപ്പാറയിലെ ഇടനിലക്കാരന് കരീം വ്യവസായമന്ത്രിയായശേഷം കോടിപതിയായി മാറി. സ്വാഭാവികമായും കരീമും ഈ വളര്‍ച്ചയുടെ ഗുണഭോക്താവായിരിക്കണം. ചക്കിട്ടപ്പാറ ഖാനനത്തിന് സിപിഎം അനുകൂലമായിരുന്നതിനാണല്ലോ വ്യവസായമന്ത്രിയായിരുന്ന കരീം അനുമതി നല്‍കിയത്. എന്നിട്ടും ഇപ്പോള്‍ യുഡിഎഫാണ് അനുമതി നല്‍കിയതെന്നാണ് വാദിക്കുന്നത്. കേരളത്തില്‍ 100 ദശലക്ഷം ടണ്‍ ഇരുമ്പയിര് നിക്ഷേപമുണ്ടെന്ന ജിഎസ്ഐയുടെ കണ്ടെത്തല്‍ ഖാനിമാഫിയകളെയും അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരെയും സന്തുഷ്ടരാക്കുന്നതാണ്. നിയമം ഉണ്ടായാല്‍ പോരാ- അത് പ്രാവര്‍ത്തികമാകണം. ചക്കിട്ടപ്പാറ ഖാനനത്തിനെതിരെ ഉയര്‍ന്ന എതിര്‍പ്പുകളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് ഖാനനാനുമതി റദ്ദാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കരീം മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നിയമനടപടി ഭീഷണി ഉയര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: