കണ്ണൂര്‍: ശ്വാസത്തിലും ശാസ്ത്രത്തിന്റെ ചൂട്… രാജ്യം ഭാരതരത്നം നല്കി ആദരിച്ച ശാസ്ത്രപ്രതിഭ സിഎന്‍ആര്‍ റാവുവിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതിപ്രകാരമാണ്. കഴിഞ്ഞ നാല് ദിവസം കണ്ണൂരിന്റെ ശ്വാസത്തില്‍ ശാസ്ത്രത്തിന്റെ ചൂടുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കൗമാര പ്രതിഭകളുടെ അറിവുകള്‍ക്കും കഴിവുകള്‍ക്കും മുന്നില്‍ കണ്ണൂര്‍ നമിച്ചു. ഇന്ന് രാവിലെ 11ന് മുനിസിപ്പല്‍ സ്കൂളില്‍ സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.
അറിവും അത്ഭുതവും സമ്മാനിച്ചാണ് ശാസ്ത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങുന്നത്. ക്ലാസ് മുറിയുടെ വാതില്‍ തുറന്ന് ശാസ്ത്രലോകത്തിന്റെ വിസ്മയങ്ങളിലേക്കിറങ്ങിയ കുഞ്ഞ് ശാസ്ത്രജ്ഞന്മാര് കരുതിവെച്ചത് വിശേഷണങ്ങള്‍ക്കുമപ്പുറമാണ്. അറിഞ്ഞതിനപ്പുറമുള്ള സത്യം തേടിയാണ് അവരുടെ മടക്കയാത്ര. ഒന്നും രണ്ടും സ്ഥാനത്തിനപ്പുറം ശാസ്ത്രോത്സവം പകര്‍ന്ന ഊര്‍ജ്ജമാകും ഇനി അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ അടിസ്ഥാനം. മേളയില്‍ അവതരിപ്പിച്ച പ്രോജക്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചുനിന്നു. ചെറിയ വ്യത്യാസത്തിനാണ് മത്സരാര്‍ത്ഥികള്‍ മുന്നിലും പിന്നിലുമായിത്തീര്ന്നത്.
കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ക്കായിരുന്നു മുന്‍ഗണന. ശാസ്ത്രസാങ്കേതിക വിദ്യകള്‍ മനുഷ്യന്റെയും അതുവഴി സമൂഹത്തിന്റെയും പുരോഗതിക്ക് മുതല്ക്കൂട്ടുന്നതെങ്ങനെയെന്നുള്ള അന്വേഷണമായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍. വ്യക്തിയുടെ നിലനില്‍പ്പും ഊര്‍ജ്ജസ്രോതസ്സുകളുടെ സംരക്ഷണവും ചോദ്യങ്ങളായി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇന്ധന ദൗര്‍ഭല്യവും മറികടക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു. ചൊവ്വ പര്യവേക്ഷണവും സമുദ്ര പര്യവേക്ഷണവും വെളിപ്പെട്ടു. മാലിന്യ നിര്‍മ്മാര്‍ജ്ജനവും കുടിവെള്ള ലഭ്യതയും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പരിഹരിക്കാമെന്ന് മത്സരാര്‍ത്ഥികള്‍ തെളിവ് നിരത്തി.
ആധുനികലോകത്തെ ശാസ്ത്രത്തെ തുറന്നു കാട്ടുന്നതായിരുന്നു ശാസാത്രമേളയെങ്കില് പരമ്പരാഗത രീതികളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു പ്രവൃത്തി പരിചയമേള. പ്രൊഫഷണല്‍ മികവിനപ്പുറം പരമ്പരാഗത അറിവുകളുടെ സമ്മേളനമായിരുന്നു അത്. ഒപ്പം ഉപജീവനത്തിന്റെ പ്രതീക്ഷകളും അതുകൊണ്ട് തന്നെ പ്രവൃത്തി പരിചയമേളയില്‍ മികവ് പുലര്‍ത്തിയത് ഗ്രാമപ്രദേശത്തെ സ്കൂളുകള്‍ തന്നെ. ഉളിയും ചുറ്റികയുമെടുത്ത് ബെഞ്ച് നിര്‍മ്മിച്ചവരും കൂട്ട മെടഞ്ഞവരും ചന്ദനത്തിരിയും ചോക്കും നിര്‍മ്മിച്ചവരും ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ തന്നെ.
സാമൂഹ്യശാസ്ത്രമേളയില് ചരിത്രത്തിന്റെ ഏടുകള്‍ പുനരാവിഷ്കരിക്കപ്പെട്ടു. സിന്ധുനദീതട സംസ്കാരവും ആദിവാസി ഗോത്രജനതയുടെ ചെറുത്തുനില്‍പ്പും മഹാശിലാസ്മാരകങ്ങളും വിഷയങ്ങളായി. വിവര സാങ്കേതിക വിദ്യയ്ക്ക് പുതിയ പ്രായോഗികാര്ത്ഥങ്ങള് തേടിയ ഐടി മേളയും ഗണിതത്തെ രസകരമാക്കിയ ഗണിതശാസ്ത്രമേളയും പുതിയ അനുഭവമായി. സ്പെഷ്യല്‍ സ്കൂളിലെ മത്സരാര്‍ത്ഥികള്‍ വൈകല്യം മറികടന്നും ശാസ്ത്രോത്സവത്തിലെ താരങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: