കണ്ണൂര്‍: ശാസ്ത്രമേളയുടെ അവസാനദിവസമായ ഇന്നലെ പ്രദര്‍ശനം കാണാനെത്തിയ ആയിരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥത കാരണം നിരാശരായി മടങ്ങേണ്ടിവന്നു. മേളയിലെ മത്സരപരിപാടികളില്‍ പങ്കെടുത്ത ഇനങ്ങളുടെ പ്രദര്‍ശനം നടത്താതെ അധികൃതര്‍ ജനങ്ങളെ നിരാശരാക്കി. ശാസ്ത്രോത്സവ മാന്വല്‍ അനുസരിച്ചും പോയ വര്‍ഷങ്ങളിലെ നടപ്പുരീതിയനുസരിച്ചും അവസാന ദിവസമായ ഇന്നലെ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തങ്ങളും കരവിരുതില്‍ നെയ്തെടുത്ത വിസ്മയ കാഴ്ചകളൊരുക്കുന്ന കൗതുക വസ്തുക്കളും കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കാറുണ്ട്. എന്നാല്‍ ഇന്നലെ മുന്‍കൂട്ടി തയ്യാറാക്കിയ പ്രോഗ്രാം നോട്ടീസ് പ്രകാരവും പത്രമാധ്യമങ്ങളിലൂടെ വായിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും ദീര്‍ഘദൂരങ്ങളില്‍ നിന്നടക്കം പ്രദര്‍ശനം കാണാന്‍ വന്നവരുടെ മുന്നില്‍ ശാസ്ത്രമേള നടന്ന ചൊവ്വ ഹയര്‍ സെക്കന്ററി സ്കൂളിലെ ഒഴിഞ്ഞ ബെഞ്ചുകളും റൂമുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ശാസ്ത്രോത്സവ മാന്വല്‍ പ്രകാരം തന്നെ അവസാനദിവസങ്ങളില്‍ നിര്‍ബന്ധമായും പ്രദര്‍ശന വസ്തുക്കള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനത്തിനും കാണാന്‍ അവസരമൊരുക്കേണ്ടതാണ്. എന്നാല്‍ ബുധനാഴ്ച പരിശോധന കഴിഞ്ഞയുടന്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശന വസ്തുക്കളുമായി സ്ഥലംവിടുകയായിരുന്നു. പ്രദര്‍ശന നഗരിയുടെ ഉത്തരവാദിത്വമുണ്ടായിരുന്ന അധ്യാപകരും മറ്റുള്ളവരും വേണ്ടത്ര ശ്രദ്ധിക്കാത്തതിന്റെ ദുരിതഫലം അനുഭവിച്ചത് മേള കാണാനെത്തിയവരാണ്. കാസര്‍കോട് മുതല്‍ പാലക്കാടടക്കമുള്ള ജില്ലകളില്‍ നിന്ന് കഷ്ടപ്പെട്ട് സ്പെഷ്യല്‍ ബസ്സുകളിലും തീവണ്ടികളിലുമായെത്തിയവര് ഏറെ അമര്‍ഷത്തോടെയാണ് മടങ്ങിയത്. പ്രവൃത്തി പരിചയമേള നടന്ന സ്കൂളുകളില്‍ മാത്രമാണ് പേരിനെങ്കിലും പ്രദര്‍ശന വസ്തുക്കള്‍ ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായും സംഘാടകരുമായും ബന്ധപ്പെട്ടപ്പോള്‍ ധിക്കാരപരമായ മറുപടിയാണ് പലരും നല്‍കിയത്. മാത്രമല്ല ദൂരസ്ഥലങ്ങളില്‍ നിന്ന് വന്നവര്‍ മടങ്ങുമ്പോള്‍ ഞങ്ങളെന്ത് ചെയ്യണമെന്ന് കൈമലര്ത്തുകയുമായിരുന്നു. പത്തും പതിനഞ്ചും കിലോമീറ്ററുകള്‍ക്കപ്പുറം താമസസ്ഥലമൊരുക്കിയതും ആവശ്യത്തിന് ഭക്ഷണവും വാഹനസൗകര്യവും ലഭിക്കാത്തതുമാണ് മത്സരാര്‍ത്ഥികള്‍ പെട്ടെന്ന് സ്ഥലംവിടാന്‍ കാരണമെന്ന് പറയപ്പെടുന്നു.
ചൊവ്വ ഹൈസ്കൂളില്‍ ഇന്നലെ നടക്കുമെന്ന് പ്രോഗ്രാം നോട്ടീസില്‍ ഉണ്ടായിരുന്ന ഐടി മേളയോടനുബന്ധിച്ച വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഡിജിറ്റല്‍ പെയിന്റിംഗ്, മള്‍ട്ടിമീഡിയ എന്നിവയുടെ പ്രദര്‍ശനവും നടക്കാതിരുന്നതും ചൊവ്വ ഹൈസ്കൂളിലെത്തിയ ഐടി സ്നേഹികളുള്പ്പെടെയുള്ളവരെ ഏറെ നിരാശപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മേള നടന്ന കോഴിക്കോടും പാലക്കാടുമുള്പ്പെടെയുള്ള സ്ഥലങ്ങളില്‍ മേളയുടെ അവസാന ദിവസങ്ങളില്‍ പ്രദര്‍ശനം കാണാന്‍ അവസരമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: