കണ്ണൂര്‍: ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ശാസ്ത്ര നാടക മത്സരത്തില്‍ പാലക്കാട് ജില്ലയിലെ കാട്ടുകുളം എകെഎന്എംഎംഎഎംഎച്ച്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കിരാതം എന്ന നാടകം മികച്ച നാടകമായി തെരഞ്ഞെടുത്തു. ഇതേ നാടകത്തിലെ എലിപ്പെണ്ണ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എം.പി.സൗമ്യയെ മികച്ച നടിയായും നടനായി കോഴിക്കോട് ജില്ലയിലെ മേമുണ്ട എച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബാലപാഠമെന്ന നാടകത്തില്‍ ബാലന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആര്.ശിവപ്രസാദും തെരഞ്ഞെടുക്കപ്പെട്ടു.
കുന്നുകള്‍ നിരത്തുന്നതിലൂടെ നശിക്കുന്നത് കുന്ന് മാത്രമല്ലെന്നും പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാധാരമായ ഏറ്റവും ചെറിയ ജീവിയുള്പ്പെടെയുള്ള ആവാസവ്യവസ്ഥയാണ് നശിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്ന കാട്ടുകുളം സ്കൂളിലെ അധ്യാപകനായ കെ.പി.രാജേഷ് രചന നിര്‍വ്വഹിച്ച നാടകമാണ് കിരാതം. സ്കൂളിലെ വിദ്യാര്‍ത്ഥികളായ പി.ജിഷ്ണു, ആതിര, രാഹുല്‍ വി.നായര്‍, എസ്.സ്വാബിജദാസ്, എം.പ്രശാന്ത്, സഞ്ജയ് എസ്.നായര്‍, ശ്രീഷിന പ്രസാദ്, അജിന് പി.ജോര്‍ജ്, നീതു മനോജ്, സോഫി എന്‍.സേവ്യര്‍ തുടങ്ങിയവരാണ് നാടകത്തിലെ മറ്റ് അഭിനേതാക്കള്‍.
പത്തനംതിട്ട പ്രമാടം മല്ലശ്ശേരി നേതാജി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘കഖ ഗഘങ്ങ’ എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം. വവാലുകളുടെ പ്രധാന്യവും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുന്ന നാടകത്തിന്റെ രചന ബോഫി ആര്.സേവ്യറാണ് നിര്‍വ്വഹിച്ചത്. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ആപ്പിളുകളും ദൈവകണങ്ങളും എന്ന നാടകത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയ പ്രൊഫ. വി.പി.അബ്ദുള്ളക്കുട്ടി മികച്ച സ്ക്രിപ്റ്റ് റൈറ്ററായും തമോഗര്‍ത്തം എന്ന നാടകത്തിന്റെ സംവിധായകനെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: