ജീവന്മുക്താ മഹാത്മാനോ യെ പരാവരദര്‍ശിന:
തേഷാം യാ ചിത്തപദവി സാ സത്ത്വമിദി കഥ്യതേ
വസിഷ്ഠന് തുടര്‍ന്നു: പരിപൂര്‍ണ്ണമായും അനാസക്തിനിരതരായ ജ്ഞാനികളുടെ സത്സംഗം ഇല്ലാതെ, ഉള്ളിലെ ദുഷ്ടതയെ ക്ഷയിപ്പിക്കാതെ, സത്യാനുഭവം സ്വായത്തമാക്കാതെയിരിക്കുന്ന കാലത്തോളം മാത്രമേ മനസ്സാദി വിഭ്രമാത്മകധാരണകള്‍ നിലനില്ക്കുകയുള്ളൂ. കേവലമായ സത്യദര്‍ശനത്തില്‍ നിന്നും ഉദ്ഭൂതമാവുന്ന ചൈതന്യത്തിന്റെ പ്രഭയില്‍ ലോകമെന്ന ആപേക്ഷിക അനുഭവത്തെ അസത്തെന്നു തിരിച്ചറിയാന്‍ കഴിയാത്തിടത്തോളംകാലം മനസ്സ് മുതലായ ഭ്രമങ്ങള്‍ സത്യമായിത്തന്നെ അനുഭവപ്പെടും. പദാര്‍ത്ഥാനുഭവങ്ങള്‍ക്കായുള്ള ആസക്തി ഹേതുവായി ഒരുതരം അന്ധമായ ബന്ധനം തുടര്‍ന്നുകൊണ്ടേയിരിക്കും. അതിന്റെകൂടെ കുറച്ചു ദുഷ്ടതയും കൂടെയുണ്ടെങ്കില്‍ വിഭ്രാന്തിയാണ് ഫലം.
എന്നാല്‍ ആരൊരുവന് സുഖാനുഭവങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്നില്ലയോ, ആരുടെ ഹൃദയം നിര്‍മ്മലതയാല്‍ സുഖശീതളമായിരിക്കുന്നുവോ, ആരൊരുവന് തന്റെ ആശകളെയും പ്രത്യാശകളെയും ആസക്തികളെയും തീരെ ഇല്ലാതാക്കിയോ അയാളില്‍ മനസ്സെന്ന ഭ്രമചിന്തയ്ക്കവസാനമായി എന്നറിഞ്ഞാലും. ഈ ദേഹംപോലും അസത്തായ ഒന്നിന്റെ ഭ്രമാത്മകമായ ‘അനുഭവം’ മാത്രമാണെന്നറിവുറച്ച ഒരുവനില്‍ പിന്നെ മനസ്സെങ്ങിനെ ഉയരാനാണ്? അനന്തതയുടെ പരമോന്നതമായ അഭൗമദര്‍ശനം പ്രാപിച്ച് പ്രത്യക്ഷലോകം സ്വഹൃദയത്തില്‍ വിലീനമായ ഒരുവന് ജീവന് മുതലായ ഭ്രമാത്മകധാരണകള്‍ വെച്ചുപുലര്‍ത്തുകയില്ല.
തെറ്റിദ്ധാരണകളും പ്രതീതികളും അവസാനിച്ച് ഹൃദയത്തില്‍ ആത്മജ്ഞാനത്തിന്റെ സൂര്യോദയം സിദ്ധിച്ചവന് മനസ്സില്ല എന്നറിയുക. തീയിലെരിഞ്ഞ കരിയിലയെന്നപോലെ അതുപിന്നെ നാമ്പിടുകയില്ല. ‘ജീവിച്ചിരിക്കെ മുക്തിപദം പ്രാപിച്ചവരുടെ മനസ്സ് പരമസത്യവും ആപേക്ഷികമായ കാഴ്ചകളും ഒരുപോലെ വ്യക്തമായി കാണുന്നു. ആ മനസ്സ് സത്വം (സുതാര്യം) എന്നറിയപ്പെടുന്നു.’ അതിനെ മനസ്സെന്നു പറയുന്നത് തെറ്റാണ്. അത് സത്വം മാത്രമാണ്. സത്യജ്ഞാനമാര്‍ജ്ജിച്ചവര്‍ നിര്‍മനരാണ്. അവര്‍ പൂര്‍ണ്ണസമതയില്‍ അഭിരമിക്കുന്നവരാണ്. അവരുടെ ജീവിതം ഉല്ലാസപ്രദമായ വെറുമൊരു ലീലാവിനോദം മാത്രമാണ്.
വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ ആമഗ്നരായിരിക്കുമ്പോഴും അവരുടെ അന്ത:പ്രകാശം ജാജ്വല്യമാനമാണ്. തെളിവാര്‍ന്നതാണ്. അവരുടെ ഹൃദയത്തില്‍ വാസനകളും ഉപാധികളും ഇല്ലാത്തതിനാല്‍ ദ്വന്ദത, എകാത്മകത, തുടങ്ങിയ ധാരണകളൊന്നും ഉദിക്കുന്നതേയില്ല. സത്വസ്ഥിതിയില്‍ അജ്ഞതയുടെ വിത്ത് എരിഞ്ഞടങ്ങിയതിനാല്‍ ഇനിയതിനു മുളപൊട്ടാന്‍ കഴിയില്ല.
രാമാ, നീയാ സത്വസ്ഥിതിയില്‍ എത്തിയിരിക്കുന്നു. വിവേകവിജ്ഞാനത്തിന്റെ തീയില്‍ നിന്റെ മനസ്സിനെ എരിച്ചടക്കാന്‍ നിനക്ക് കഴിഞ്ഞല്ലോ. എന്താണീ ജ്ഞാനം? അനന്തമായ ബോധം, പരബ്രഹ്മം തന്നെയാണെന്നും, കാണപ്പെടുന്ന ലോകം വെറുമൊരു മായക്കാഴ്ചമാത്രമാണെന്നും അതിന്റെ സത്തപോലും ബ്രഹ്മം തന്നെയാണെന്നും ഉള്ള അറിവാണത്.
രാമാ, ഈ കാഴ്ച, ഉദാഹരണത്തിന് നിന്റെ ദേഹം, വെറും ജഡമാണ്. അസത്താണത്. അതിന്റെ സത്ത, അതിന്റെ അടിസ്ഥാനമായ ബോധത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. സ്വന്തമായി അതിനൊരു നിലനില്‍പ്പില്ല. അപ്പോള്‍പ്പിന്നെ നീയെന്തിനാണ് ദു:ഖിക്കുന്നത്?
എന്നാല്‍ എല്ലാമെല്ലാം ബോധം മാത്രമാണെന്ന് നിനക്ക് തോന്നുന്നുവെങ്കില്‍ നിന്നില്‍ വൈവിദ്ധ്യത, അതായത് വ്യതിരിക്തമായ ധാരണകള്‍ ഒരിക്കലും ഉദിക്കുകയില്ല. നിന്റെ അടിസ്ഥാനതത്വം, സഹജസ്വരൂപം അനന്തമായ ബോധമാണെന്ന് ഒരിക്കലും മറക്കാതിരിക്കുക. എല്ലാ നാനാത്വഭാവനകളെയും നീ ഉപേക്ഷിക്കുക.
നീ നീയാകുന്നു. എന്നാല്‍ ആ ധാരണപോലും നിന്നെ നിര്‍വചിക്കാന്‍ പര്യാപ്തമല്ല. അതിനെല്ലാമപ്പുറം, നീ സ്വയംപ്രഭനായ ഉണ്മയാണ്. വിശ്വസത്തയും അനന്താവബോധവുമായ നിനക്കെന്റെ നമസ്കാരം.!
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: