ബോവിക്കാനം: ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്റ്ററി സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകന് ബൈബിള്‍ വിതരണം ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കി. കോട്ടയം ജില്ലക്കാരനും ഇരിയണ്ണി വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഷിനോ.പി.തോമസാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിദ്യാര്‍ത്ഥികളെയും പ്രിന്‍സിപ്പലിനേയും തെറ്റിദ്ധരിപ്പിച്ച് മത പരിവര്‍ത്തനത്തിനുവേണ്ടി ഇംഗ്ളീഷ് ഗ്രാമര്‍ പുസ്തകം എന്ന വ്യാജേന ബൈബിള്‍ പുസ്തകം നല്‍കിയത്. ഹൈസ്കൂള്‍ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകം നല്‍കിയത്. ഇത് വായിച്ചു പഠിക്കണമെന്നും ഭാവിയില്‍ പ്രയോജനപ്പെടുമെന്നും അധ്യാപകന് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ബൈബിള്‍ പുസ്തകം കുട്ടികള്‍ രക്ഷിതാക്കളെ കാണിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പ്രതിഷേധവുമായി രക്ഷിതാക്കള്‍ സ്കൂളിനെ സമീപിച്ചെങ്കിലും പിടിഎ ഭാരവാഹികള്‍ പിന്തിരിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് കാര്യങ്ങള്‍ തിരക്കാന്‍ സ്കൂളില്‍ എത്തിയ എബിവിപി ജില്ലാ കണ്വെന്ഷന് ഇ.നിഥീഷ്, ജോ.കണ്‍വീനര്‍ പി.വി.രതീഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ള എബിവിപി നേതാക്കളെ പിടിഎ ഭാരവാഹികളും പോലീസും തടയുകയായിരുന്നു. ഇത് വാക്കേറ്റത്തിന് ഇടയാക്കി. പിന്നീട് പ്രധാനാധ്യാപകന് ചര്‍ച്ചയ്ക്ക് തയ്യാറായി. പ്രശ്നം ഉണ്ടാക്കരുതെന്നും താക്കീത് ചെയ്യാമെന്നായിരുന്നു പ്രധാനാധ്യാപകണ്റ്റെ നിലപാട്. എന്നാല്‍ എബിവിപി നേതാക്കള്‍ അധ്യാപകനെതിരെ നടപടി എടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതിനാല്‍ നടപടി എടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. അധ്യാപകനെതിരെ എബിവിപി വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പ്രധാനാധ്യാപകനും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്ത ബൈബിളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും തിരിച്ചു വാങ്ങി. പ്രശ്നത്തില്‍ പിടിഎ കമ്മറ്റിക്ക് പരാതിയില്ലെന്ന് പിടിഎ പ്രസിഡണ്ട് പ്രഭാകരന് അറിയിച്ചു.
സ്കൂള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മതപരിവര്‍ത്തനം തടയും: ഹിന്ദുഐക്യവേദി
കാസര്‍കോട്: സ്കൂള്‍ കേന്ദ്രീകരിച്ച് ക്രിസ്ത്യന്‍ മിഷണറി നടത്തുന്ന മതപരിവര്‍ത്തനവും മതപ്രചരണവും തടയുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ കമ്മറ്റി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരിയണ്ണി ഗ.വൊക്കേഷണല്‍ ഹയര്‍സെക്കണ്റ്ററി സ്കൂളില്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും തെറ്റിദ്ധരിപ്പിച്ച് ബൈബിള്‍ വിതരണം ചെയ്ത അധ്യാപകനെതിരെ നടപടി എടുക്കണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ജില്ലയുടെ പലഭാഗങ്ങളിലും ഇത്തരത്തില്‍ ക്രിസ്ത്യന്‍ മതപ്രചരണം നടത്തി ഹിന്ദു ആചാരങ്ങളെ അവഹേളിക്കുന്ന ക്രിസ്ത്യന്‍ മിഷണറി നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹിന്ദുഐക്യവേദി മുന്നറിയിപ്പ് നല്കി. ജില്ലാ പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്, ജനറല്‍ സെക്രട്ടറി പ്രവീണ്‍ കോടോത്ത്, ഷിബിന്‍, സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
അധ്യാപകനെതിരെ നടപടി വേണം: എബിവിപി
കാസര്‍കോട്: ബൈബിള്‍ വിതരണം നടത്തി വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന ഇരിയണിസ്കൂളിലെ അധ്യാപകന് ഷിനോ.വി.തോമസിനെതിരെ നടപടി എടുക്കണമെന്ന് എബിവിപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ബൈബിള്‍ വിതരണം നടത്തിയ അധ്യാപകനെതിരെ പരാതിയുമായി എത്തിയ രക്ഷിതാക്കളെ പിന്തിരിപ്പിച്ച പിടിഎ ഭാരവാഹികള്‍ക്കെതിരെയും നടപടി എടുക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ ഇ.നിഥീഷ് അധ്യക്ഷത വഹിച്ചു. പി.വി.രതീഷ്, പ്രദീഷ്കുമാര്‍, മണികണ്ഠന്, അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: