കോഴിക്കോട്: ലോക വൃദ്ധദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കായി നടത്തിയ കവിതാരചനാ മത്സരത്തില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസിന് ബഹുമതി. മലപ്പുറം കുഞ്ഞുണ്ണിനായര്‍ മെമ്മോറിയല്‍ മൈത്രി മന്ദിരം എല്‍ഡേഴ്സ് ഹോമിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരത്തില്‍ പൊതു വിഭാഗത്തില്‍ നിന്നാണ് കെ. മോഹന്‍ദാസിന്റെ ‘ഓര്‍മ്മയിലെ പൂക്കാലം’ കവിത ഒന്നാംസ്ഥാനത്തിനര്ഹമായത്.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായെത്തിയ 2500 ഓളം രചനകളില്‍ നിന്നാണ് ഒന്നാം സ്ഥാനത്തിനര്‍ഹമായ രചന തെരഞ്ഞെടുത്തത്. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. വിനി പട്ടാമ്പി, മലയത്ത് അപ്പുണ്ണി, പി.പി. ശ്രീധരനുണ്ണി എന്നിവരടങ്ങിയ കമ്മറ്റിയാണ് വിധി നിര്‍ണ്ണയം നടത്തിയത്. 2011 ലെ ജന്മഭൂമി ഓണപ്പതിപ്പിലാണ് ഓര്‍മയിലെ പൂക്കാലം കവിത പ്രസിദ്ധീകരിച്ചത്. സ്കൂള്‍, കോളജ് പൊതുവിഭാഗങ്ങളിലായി 27 പേര് സമ്മാനാര്‍ഹരായി.
ട്രോഫിയും 5000 രൂപയുമാണ് ബഹുമതി. ഡിസംബര്‍ 1 ന് മലപ്പുറം കന്മനത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് സമര്‍പ്പിക്കുമെന്ന് കണ്‍വീനര്‍ പി.സി.സി. രാജ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: