ചെന്നൈ: ശങ്കരരാമന് വധക്കേസില്‍ ഒന്നാം പ്രതി കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി രണ്ടാം പ്രതി ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതി എന്നിവരടക്കമുള്ള 23 പ്രതികളെയും പുതുച്ചേരി പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വെറുതേ വിട്ടു.
പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. എട്ടു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് പുതുച്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. കൊലപാതകം, ഗൂഢാലോചന, കുറ്റം ചെയ്യാന്‍ പണം നല്കല് എന്നിവ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൊല്ലപ്പെട്ട ശങ്കരരാമന്റെ പത്മ അടക്കമുള്ള സാക്ഷികള്‍ക്ക് പ്രോസിക്യൂഷന് വാദത്തെ സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
2004 സെപ്റ്റംബര്‍ മൂന്നിനാണു കാഞ്ചീപുരം വരദരാജപെരുമാള്‍ ക്ഷേത്രം മാനേജര്‍ ശങ്കരരാമന് ക്ഷേത്രപരിസരത്ത് കൊല്ലപ്പെട്ടത്. ജയേന്ദ്ര സരസ്വതി മഠാധിപതിയായശേഷം മഠത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ച ശങ്കരരാമനെ കൊല്ലാന്‍ ജയേന്ദ്ര സരസ്വതി വാടകക്കൊലയാളികളെ നിയോഗിച്ചു എന്നായിരുന്നു പ്രോസിക്യൂഷന് കേസ്. തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ നിന്നു ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടില്‍ നടക്കുന്ന വിചാരണയില്‍ നീതി ലഭിക്കില്ലെന്നു കാണിച്ചു ജയേന്ദ്ര സരസ്വതി നല്കിയ ഹര്‍ജി പരിഗണിച്ചു സുപ്രീം കോടതി കേസ് പുതുച്ചേരി സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു. വിചാരണ നടപടികളുടെ വിഡിയോ ദൃശ്യം വേണമെന്നാവശ്യപ്പെട്ട ശങ്കരരാമന്റെ മകന് ആനന്ദ് ശര്‍മ ഇതില്‍ നിന്നു പിന്മാറുകയും വിധി പ്രസ്താവിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു രേഖാമൂലം കോടതിയെ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസ് ഇന്ന് വിധി പറയുന്നതിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: