തിരുവനന്തപുരം: ഇരുമ്പയിര് ഖനനത്തിന് കോഴിക്കോട്ടെ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ അനുമതി നല്കിയ സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കോഴയാരോപണങ്ങളെ കുറിച്ച് ഉടന്‍ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമേ അന്വേഷണം ഉണ്ടാകൂ എന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ വ്യവസായ വകുപ്പ് നല്കിയ കുറിപ്പ് പരിഗണിച്ചാണ് പ്രധാനമായും ഖനനാനുമതി റദ്ദാക്കാനുള്ള തീരുമാനം. ഇത്തരം പ്രദേശങ്ങളില്‍ ഖനനം നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവും നിലവിലുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്ന പുതിയ സാഹചര്യവും കണക്കിലെടുത്തു. ചക്കിട്ടപാറപോലെ ഒരു പ്രദേശത്ത് ഖനനം സാധ്യമല്ലെന്നാണ് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ വ്യക്തമാക്കുന്നത്.
മുന്‍ മന്ത്രി എളമരം കരീം ആരോപണ വിധേയനായ ഖനനാനുമതിക്കു പിന്നില്‍ കോഴയിടപാട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ചില വെളിപ്പെടുത്തലുകളുമുണ്ടായി. അതു സംബന്ധിച്ച് അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിനാണ് പരിശോധിച്ച ശേഷം മാത്രമേ അന്വേഷണം ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി അറിയിച്ചത്. തെറ്റ് ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല. എന്നാല്‍ തെറ്റു ചെയ്യാത്ത ആരെയെങ്കിലും ശിക്ഷിക്കാനും കൂട്ടുനില്‍ക്കില്ല. ആക്ഷേപം ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനം എന്താണെന്ന് പരിശോധിച്ച ശേഷം മാത്രമേ അന്വേഷണവും നടപടികളുമുണ്ടാകൂ. പല വെളിപ്പെടുത്തലുകളും മുമ്പും ഉണ്ടായിട്ടുണ്ട്. അവയെല്ലാം പിന്നീട് മാറുന്നതും കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2009 ല്‍ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരാണ് സ്വകാര്യകമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത്. ഈ സര്‍ക്കാര്‍ അത് നീട്ടി നല്‍കുകയും ചെയ്തു. സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം കോഴവാങ്ങിയെന്നാണ് വെളിപ്പെടുത്തലുകള്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: