തിരുവനന്തപുരം : ഇണങ്ങാത്ത കണ്ണിയായി സിപിഎം ഔദ്യോഗിക നേതൃത്വം വിലയിരുത്തുന്ന വിഎസ് അച്യുതാനന്ദനെ ലക്ഷ്യം വച്ചുതന്നെ സിപിഎം സംഘടനാരേഖ. സുദീര്‍ഘമായ സംഘടനാരേഖയില്‍ എല്ലാ സൂചനകളും അച്യുതാനന്ദനെ വീര്പ്പുമുട്ടിക്കാനെന്ന് വ്യക്തം. വര്‍ത്തമാന രീതി മാറ്റണമെന്ന് രേഖയില്‍ പറയുമ്പോള്‍ മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ളവരുമായി സഹകരണം ഉറപ്പാക്കാനുള്ള പഴുതൊരുക്കുകയാണ്. ലീഗുമായും കേരളാ കോണ്‍ഗ്രസ്സുമായും ധാരണയാകാമെന്ന് സിപിഎം ഔദ്യോഗിക നേതൃത്വം അണിയറയില്‍ ധാരണയാകുമ്പോള്‍ അതിനെതിരായ നിലപാടാണ് അച്യുതാനന്ദന് പൊതുവേദിയിലെടുക്കുന്നത്. കേരളാ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിനൊരുങ്ങുമ്പോഴും ഈ തടസ്സങ്ങളുണ്ട്. പാര്‍ട്ടിയെ ബഹുജന പ്രസ്ഥാനമാക്കുന്നതിന് ഇപ്പോഴും തടസ്സമുണ്ടെന്ന രേഖയിലെ പ്രസ്താവന ഇത് അരക്കിട്ടുറപ്പിക്കുകയാണ്.
പാര്‍ട്ടിയില്‍ എല്ലാ ഘടകങ്ങളിലും ജീര്ണതയുണ്ടെന്നാണ് സംഘടനാ രേഖ പറയുന്നത്. ആ ജീര്‍ണത മാറ്റാനുള്ള സംഘടനാ നടപടികള്‍ക്ക് പ്ലീനം അംഗീകാരം നല്കുമെന്നുറപ്പാണ്. എന്നാല്‍ തന്റേത് ജീര്‍ണതയാണെന്ന് സമ്മതിച്ച് പാര്‍ട്ടിക്ക് വഴിപ്പെടാന്‍ അച്യുതാനന്ദന് തയ്യാറാകുമോ ? ഇല്ലെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം ബോധ്യമാണ്. യോഗങ്ങളില്‍ മൗനം സമ്മതമെന്ന നിലപാടെടുത്താലും യോഗം കഴിഞ്ഞിറങ്ങിയാല്‍ ‘വീണ്ടും ശങ്കരന് തെങ്ങേല്’ എന്ന നിലപാടാണ് വിഎസ് സ്വീകരിച്ചുപോന്നത്.
ഒന്നര പതിറ്റാണ്ടിനുശേഷം സിപിഎം സംസ്ഥാന നേതൃത്വം ഒന്നടങ്കം പാലക്കാടിന്റെ മണ്ണിലേക്കെത്തിയത് ബോധപൂര്‍വ്വം തന്നെയാണ്. ലാവ്ലിന് കേസില്‍ പിണറായി വിജയന് വിടുതല്‍ നേടിയതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടു ദീര്‍ഘകാലത്തേക്കുള്ള നയപരിഷ്കാരത്തിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നിരിക്കേ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ക്കു മരുന്നു കണ്ടെത്തുകയാവും പ്ലീനത്തിന്റെ മുഖ്യലക്ഷ്യം. 1998ല്‍ പാലക്കാട്ടു നടന്ന സംസ്ഥാന സമ്മേളനത്തില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ മറനീക്കി പുറത്തുവന്ന വിഭാഗീയതക്ക് പരിപൂര്‍ണമായ അന്ത്യം കുറിക്കുക എന്ന ലക്ഷ്യവും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം ലക്ഷ്യമിടുന്നുണ്ട്.
ഒരു കേഡര്‍ പാര്‍ട്ടിയില്‍ അനുവദനീയമല്ലാത്ത സംഘടനാ ദൗര്‍ബല്യങ്ങളും വിഭാഗീയതയും പരിഹരിക്കുക എന്നതാണ്. എന്നാല്‍ 98ന്റെ സമ്മേളന ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് കാണാനുള്ളത്. കാരണവര്‍ വിഎസിനെതിരെ അച്ചടക്കത്തിന്റെ ലെനിനിസ്റ്റ് വാള് ഉയരുമെന്നുറപ്പാണ്. സംഘടനക്കകത്ത് ദുര്‍ബലനും പുറത്ത് ജനകീയനുമായ വിഎസ് അച്യുതാനന്ദന് എങ്ങനെയാണ് ഈ ഗതിയിലായതെന്ന് ചികഞ്ഞ് നോക്കുമ്പോള്‍ പാലക്കാട് സംസ്ഥാന സമ്മേളനം തന്നെയാണ് ഉത്തരം നല്‍കുന്നത്. 98 ജനുവരിയില്‍ പാലക്കാട് സമ്മേളനവേദിയില്‍ ഇഎംഎസിന്റെ അപേക്ഷ തിരസ്കരിക്കാന്‍ വിഎസിന് ഒപ്പം പിണറായിയും ഉണ്ടായിരുന്നു. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവും പാലക്കാട് സമ്മേളനത്തിലായിരുന്നു. പിണറായിയും കോടിയേരിയും ചേര്‍ന്ന് അച്യുതാനന്ദന് വേണ്ടി ധീരമായി പട നയിച്ചു. അന്ന് വീണത് ഔദ്യോഗിക പാനലിലെ സിഐടിയു പക്ഷക്കാരനായ എംഎം ലോറന്‍സ്, സി. രവീന്ദ്രനാഥ്, സി. കണ്ണന്, വി.ബി. ചെറിയാന്, അപ്പുക്കുട്ടന് വള്ളിക്കുന്ന്, ഐവി ദാസ് തുടങ്ങിയവര്‍.വേദിയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാവ് ഇഎംഎസ് അപേക്ഷിച്ചിട്ടും വിഎസ് വഴങ്ങിയില്ല. വെട്ടിനിരത്തല്‍ എന്ന പദം സിപിഎമ്മിന് സമ്മാനിച്ചതും പാലക്കാട് സമ്മേളനം. പിന്നീട് വിഭാഗീയത പാര്‍ട്ടിയില്‍ പതിവായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: