പള്ളുരുത്തി: പോലീസ് കൈകാട്ടിയിട്ടും നിരത്തിലൂടെ ചീറിപ്പാഞ്ഞ ഇരുപതോളം സൂപ്പര്‍ബൈക്കുകളുടെ ഉടമകളെ പോലീസ് തെരയുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ തിരക്കേറിയ പള്ളുരുത്തിയുടെ നിരത്തിലൂടെ അപകടകരമാംവിധത്തില്‍ ഓട്ടം നടത്തിയ ഇരുപതോളം ബൈക്കുകളുടെ നമ്പറുകളാണ് പള്ളുരുത്തി ട്രാഫിക്ക് എസ്ഐയുടെ നേതൃത്വത്തില്‍ ശേഖരിച്ചത്. വാഹനപരിശോധനക്കിടെ നിര്‍ത്താതെ പാഞ്ഞ ബൈക്കുകളുടേയും പൊതുജനങ്ങള്‍ ശേഖരിച്ചുനല്‍കിയ നമ്പറുകളുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ സഹായത്തോടെ അമിത വേഗത്തില്‍ പാഞ്ഞവരുടെ വിലാസം പോലീസ് കണ്ടെത്തിയത്. ഇവരുടെ വിലാസത്തില്‍ പോലീസ് നേരിട്ടെത്തി നോട്ടീസ് നല്കുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെ പള്ളുരുത്തിയിലൂടെ അമിതവേഗത്തില്‍ പാഞ്ഞ രണ്ട് സൂപ്പര്‍ ബൈക്കുകള്‍ റോഡില്‍ അപകടത്തില്‍ പെട്ടിരുന്നു.
തിങ്കളാഴ്ച ട്രാഫിക്ക് പോലീസിന്റെ പരിശോധനക്കിടെ വേഗത്തില്‍ വന്ന ബൈക്ക് പോലീസുകാരന്റെ കയ്യിലിടിച്ചിരുന്നു. നിര്‍ത്താതെ പോയ ബൈക്കിന്റെ നമ്പര്‍ എതിരെവന്ന ഒരുയാത്രക്കാരന് പോലീസിനു ശേഖരിച്ച് നല്‍കുകയായിരുന്നു. ഇത്തരം കേസുകളില്‍ പെട്ട ബൈക്കുകളുടെ പെര്‍മിറ്റ് സസ്പെന്റ് ചെയ്യുന്ന നടപടികളെക്കുറിച്ചും മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്നുണ്ട്. ഇത്തരക്കാരുടെ ലൈസന്‍സും പോലീസ് പിടിച്ചെടുക്കും. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പടിഞ്ഞാറന്‍ കൊച്ചിയില്‍ നിരവധി വാഹന അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തോപ്പുംപടി ബീച്ച് റോഡിനു സമീപം അഞ്ചാംക്ലാസ് കാരി സൂപ്പര്‍ ബൈക്ക് ഇടിച്ച് മരണപ്പെട്ടിരുന്നു. കുമ്പളങ്ങിയില്‍ 77 വയസ്സുകാരനെ ഇടിച്ചുതെറിപ്പിച്ച ബൈക്കും പോലീസ് പിടികൂടിയിരുന്നു. ഒരു മാസം മുമ്പ് ഇടക്കൊച്ചിയില്‍ വെച്ച് അമിത വേഗതയില്‍ പാഞ്ഞുവന്ന ബൈക്കിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: