കാണ്‍പൂര്‍: ഒരു വേട്ടക്കാരന്റെ ജാഗ്രതയോടെ പതിയിരിക്കുകയായിരുന്നു ശിഖര്‍ ധവാന്. ആദ്യ രണ്ടു മത്സരങ്ങളില്‍ ചെറിയ സ്കോറിനു പുറത്തായ ആ ഇടംകൈയന്‍ ഹീറോയെ വിന്‍ഡീസും അത്രകാര്യമായെടുത്തില്ല. അതിന്റെ ഫലം കരീബിയന്‍ പട അനുഭവിച്ചറിഞ്ഞു. സ്ട്രോക്ക് പ്ലേയുടെ പരമോന്ന ദൃഷ്ടാന്തം സൃഷ്ടിച്ച ധവാന് നിര്‍ണായക മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയോടെ ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചു. 95 പന്തുകളില്‍ 20 ബൗണ്ടറികളടക്കം 119 റണ്‍സുമായി ധവാന് നിറഞ്ഞാടിയപ്പോള്‍ വെസ്റ്റിന്‍ഡീസിനുമേല്‍ അഞ്ചു വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി (2-1). സ്കോര്‍ പിന്തുടരുന്നതിലെ ഇന്ത്യന്‍ മികവ് അടിവരയിടുന്നതായി ഈ ജയം.
ധവാന്റെ കരിയറിലെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. ഏറെ നാളുകള്‍ക്കുശേഷം ഫോമിലേക്കു തിരിച്ചെത്തിയ യുവരാജ് (55)സിങ്ങിന്റെ അര്‍ധശതകവും ആരാധകരെ ആനന്ദിപ്പിച്ചു. 11 മത്സരങ്ങള്‍ക്കുശേഷമാണ് യുവി ഫിഫ്റ്റ് കുറിക്കുന്നത്. സൂപ്പര്‍ ബാറ്റിങ്ങിലൂടെ ഗ്യാലറിയെ ത്രസിപ്പിച്ച ധവാന് തന്നെ മാന്‍ ഓഫ് ദ മാച്ച്. വിരാട് കോഹ്ലി മാന്‍ ഓഫ് ദ സീരിസ്. സ്കോര്‍: വിന്‍ഡീസ് 5ന് 263 (50 ഓവര്‍). ഇന്ത്യ- 5ന് 266 (46.1).
അത്ര വലുതല്ലാത്ത ലക്ഷ്യംതേടിയ ഇന്ത്യയെ തുടക്കത്തില്‍ ഒന്നു വിറിപ്പിക്കാന് വിന്‍ഡീസിനു കഴിഞ്ഞു. രോഹിത് ശര്‍മ (4), വിരാട് കോഹ്ലി (19) എന്നിവരെ മടക്കിയയച്ച് രവി രാംപോള്‍ ഇന്ത്യയെ ഞെട്ടിച്ചുകളഞ്ഞു.
പക്ഷേ ധവാനെ ക്രീസ് വാഴാന്വിട്ടു എന്ന പിഴവിന് അവര്‍ക്കു കനത്ത വിലതന്നെ നല്‍കേണ്ടിവന്നു. അനായാസം കട്ടുകളും ഡ്രൈവുകളും ഉതിര്‍ത്ത ധവാന് എതിരാളികളെ നിരന്തരം വേട്ടയാടി. ജാസന്‍ ഹോള്‍ഡറുടെ ആദ്യ രണ്ട് ഓവറുകളില്‍ നിന്നുമാത്രം അഞ്ചു ബൗണ്ടറികള്‍ ധവാന്റെ ബാറ്റില്‍ നിന്നൊഴുകി. ധവാനൊപ്പം യുവരാജും ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ അനുസ്യൂതം റണ്‍സുകള്‍ വന്നുചേര്‍ന്നു. സുനില്‍ നരെയ്ന്റെ കുത്തിത്തിരിവുകളില് തുടക്കത്തിലൊന്നു അങ്കലാപ്പിലായെങ്കിലും പിടിച്ചുനിന്ന യുവി പതിയെ താളം കണ്ടെത്തുകയായിരുന്നു. നരെയ്നുമാത്രമേ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ മേല്‍ ആധിപത്യം നേടാനായുള്ളു. മൂന്നാം വിക്കറ്റില്‍ 129 റണ്‍സ് ചേര്‍ത്ത ഈ സഖ്യം മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. ഏഴു ഫോറുകള്‍ നേടിയ യുവിയെ നരെയ്നും ധവാനെ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡെയ്ന്‍ ബ്രാവോയും വീഴ്ത്തുമ്പോഴേക്കും ഇന്ത്യ ജയത്തിനരികിലെത്തിക്കഴിഞ്ഞിരുന്നു.
തുടര്‍ന്നുവന്ന ബര്‍ത്ത് ഡേ ബോയ് സുരേഷ് റെയ്നയും (34) തരക്കേടില്ലാതെ ബാറ്റു വീശി. പിന്നെ നായകന് എം.എസ് ധോണിയും (23 നോട്ടൗട്ട്) രവീന്ദ്ര ജഡേജയും (2 നോട്ടൗട്ട്) ചേര്‍ന്ന് ഇന്ത്യയെ പരമ്പര വിജയത്തിന്റെ ഔന്നത്യത്തിലെത്തിച്ചു. രാംപോളും ഡ്വെയ്ന്‍ ബ്രാവോയും രണ്ടുപേരെ വീതം കൂടാരത്തിലെത്തിച്ചു.
നേരത്തെ, നല്ല തുടക്കം നശിപ്പിച്ച വിന്‍ഡീസ് അത്ര കാര്യമല്ലാത്ത സ്കോറില്‍ ഒതുങ്ങിപ്പോയി. ജോണ്സന് ചാള്‍സ് (11) ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ബൗള്‍ഡാകുമ്പോള്‍ സന്ദര്‍ശകരുടെ സ്കോര്‍ 20. എങ്കിലും കെയ്റന് പവല്‍ (70), മര്‍ലോണ്‍ സാമുവല്‍സ് (71) എന്നിവര്‍ ചേര്‍ന്ന് വിന്‍ഡീസിന് കൂറ്റന്‍ സ്കോറിനുള്ള അടിത്തറ പാകി. പവല്‍ ഒമ്പത് തവണ പന്ത് അതിര്‍ത്തി കടത്തി. സാമുവല്‍സ് ഏഴു ഫോറുകളും ഒരു സിക്സറും നേടി.എന്നാല്‍ ലെന്‍ഡല്‍ സിമ്മണ്‍സിനെയും (13) ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയെയും (4) വേഗം നഷ്ടപ്പെട്ട വിന്‍ഡീസ് പതറി. ഒടുവില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ ശതകം കുറിച്ച ഡാരെന്‍ ബ്രാവോയും (51 നോട്ടൗട്ട്) ഡാരെന്‍ സമ്മിയും (37 നോട്ടൗട്ട്) അവസാന എട്ട് ഓവറുകളില്‍ അടിച്ചെടുത്ത 67 റണ്‍സുകള്‍ വിന്‍ഡീസ് സ്കോറിനു മാന്യത നല്കി.ബ്രാവോ നാലു ഫോറുകളും രണ്ടു സിക്സറുകളും പറത്തി. ഇന്ത്യയ്ക്കുവേണ്ടി ആര്.അശ്വിന് രണ്ടിരകളെ കണ്ടെത്തി; ഭുവനേശ്വര്‍കുമാര്‍ മോഹിത് ശര്‍മ മുഹമ്മദ് ഷമി എന്നിവര്‍ ഓരോന്നു വീതവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: