തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിക്കുന്ന എസ്ബിടി- ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗിന്റെ ലീഗ് മത്സരങ്ങള്‍ ഇന്നാരംഭിക്കും. രാവിലെ ഏഴു മണി മുതലാണു മത്സരങ്ങള്‍ ആരംഭിക്കുക. 6.15നു പ്രസ്ക്ലബ് പ്രസിഡന്റ് പി.പി.ജെയിംസ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റിന്റെ പതാകയുയര്‍ത്തും. ഉച്ചയ്ക്കു മൂന്നു മണിക്ക് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. കേന്ദ്ര മന്ത്രി ശശി തരൂര്‍ ബാറ്റ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നു സിനിമാ-രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന സെലിബ്രിറ്റി ടീമും തിരുവനന്തപുരം പ്രസ് ക്ലബ് ടീമും ഏറ്റുമുട്ടുന്ന പ്രദര്‍ശന മത്സരം നടക്കും.
രാവിലെ ഏഴിനു തന്നെ ലീഗ് മത്സരങ്ങള്‍ ആരംഭിക്കും. ഇന്നലെ നടന്ന രണ്ടു പ്രദര്‍ശന മത്സരങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മറ്റി കേസരി ടീമും തിരുവനന്തപുരം പ്രസ്ക്ലബ് ടീമും വിജയികളായി. കേസരി ടീം കെഎന്ഇഎഫിനെയും പ്രസ് ക്ലബ് ടീം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ടീമിനെയും പരാജയപ്പെടുത്തി.
കേസരി ടീമിലെ പ്രേം കുമാറും, പ്രസ് ക്ലബ് ടീമിലെ ജോമി മാത്യുവും മാന്‍ ഓഫ് ദ മാച്ചുകളായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിനിടെ ജെപിഎല്ലിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാര്‍, കെ.സി.ജോസഫ് എന്നിവര്‍ പങ്കെടുത്തു. ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന് സമ്മാനദാനം നിര്‍വഹിച്ചു. ഇന്നു രാവിലെ ഏഴിനാരംഭിക്കുന്ന ലീഗ് മത്സരങ്ങളില്‍ ആദ്യം ഗ്രൂപ്പ് ഡിയില്‍ നിന്നും പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മറ്റി ടീമും കൊല്ലം പ്രസ്ക്ലബ് ടീമും ഏറ്റമുട്ടും. 7.30നു ഗ്രൂപ് സിയില്‍ നിന്നും തിരുവനന്തപുരം പ്രസ്ക്ലബ് ടീമും കാസര്‍ഗോഡ് ടീമും തമ്മിലുള്ള മത്സരം നടക്കും. 8.30നു ഗ്രൂപ് ബിയില്‍ കോഴിക്കോടും തൃശൂരും തമ്മിലും, 9.30നു ഗ്രൂപ് എയില്‍ എറണാകുളവും കോട്ടയവും തമ്മിലും ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ 10.30നു മലപ്പുറവും വയനാടും തമ്മില്‍ ഏറ്റുമുട്ടും. 11.30നു ഗ്രൂപ് സിയില്‍ ആലപ്പുഴ പത്തനംതിട്ടയെയും, 12.30നു ഗ്രൂപ് ബിയില്‍ കോഴിക്കോട് കണ്ണൂരിനെയും, 1.30 ഗ്രൂപ് സിയില്‍ കാസര്‍ഗോഡ് ആലപ്പുഴയെയും നേരിടും. രണ്ടു മണിക്ക് ഗ്രൂപ്പ് എയിലെ എറണാകുളം-മലപ്പുറം മത്സരത്തോടെ ഇന്നത്തെ ലീഗ് മത്സരങ്ങള്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: