ബീജിങ്: ചൈന വ്യോമ പ്രതിരോധ മേഖലയായി പ്രഖ്യാപിച്ച തര്‍ക്ക ദ്വീപില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അതിക്രമിച്ച് കടന്നു. യുഎസ് വ്യോമസേനയുടെ ബോംബര്‍ വിമാനമായ ബി52 ആണ് കിഴക്കന്‍ ചൈനാ സമുദ്രത്തിലെ ചൈനീസ് വ്യോമാതിര്‍ത്തി ലംഘിച്ചത്. ചൈനയും ജപ്പാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ദ്വീപ്സമൂഹം ചൈന സ്വന്തം വ്യോമ മേഖലയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പ്രശ്നത്തില്‍ ജപ്പാന് പിന്തുണയുമായി അമേരിക്ക രംഗത്തുവന്നതോടെ പ്രശ്നം രാജ്യാന്തര തലത്തില്‍ ചര്‍ച്ചാ വിഷയമാകുകയായിരുന്നു.
തങ്ങളുടെ സുഹൃദ് രാഷ്ട്രമായ ജപ്പാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അമേരിക്ക മുന്നിട്ടിറങ്ങുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പു നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പ്രകോപനമുണ്ടാക്കും വിധം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ചൈനീസ് വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നത്. അതേസമയം, സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് തങ്ങളുടെ യുദ്ധ വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തിയതെന്ന് യു.എസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. കിഴക്കന്‍ ചൈനീസ് കടലില്‍ ജപ്പാന്‍കാര്‍ സെന്‍കാകുവെന്നും ചൈനക്കാര്‍ ദിയാവുവെന്നും വിളിക്കുന്ന ദ്വീപസമൂഹത്തെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ ദ്വീപുകള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഈ മേഖലയില്‍ തങ്ങളുടെ വ്യോമപ്രതിരോധം നിലവില്‍ വന്നുവെന്നും ചൈന ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും ദ്വീപ് തങ്ങളുടേതാണെന്നുമാണ് ജപ്പാന്റെ വാദം. തായ്വാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ അവകാശ വാദം ഉന്നയിക്കുന്ന സ്ഥലങ്ങളും ഉള്‍പ്പെടുന്നതിനാല്‍ ചൈനയുടെ നീക്കത്തിനെതിരെ ഈ രാഷ്ട്രങ്ങളും രംഗത്തെത്തിയിരുന്നു. കിഴക്കന്‍ ചൈനാ കടലിലെ ചെറുദ്വീപുകള്‍ നേരത്തെ തങ്ങള്‍ വാങ്ങിയതാണെന്നാണ് ജപ്പാന്റെ അവകാശവാദം. ചൈനയ്ക്കു പുറമെ, തായ്വാനും ഇതു തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുണ്ട്. ജനവാസമില്ലാത്തതാണെങ്കിലും ദ്വീപിന് സമീപം വലിയ മത്സ്യസമ്പത്തും വാതക നിക്ഷേപവുമുണ്ട്. ചൈനയുടെ വിലക്ക് ലംഘിച്ചാണ് രണ്ട് ബി 52 വിമാനങ്ങള്‍ നിരീക്ഷണ പ്രയാണം നടത്തിയത്.
അമേരിക്കന്‍ വിമാനങ്ങള്‍ പറന്നത് തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടന്നും കൃത്യമായി അവയുടെ ഗതി പിന്തുടര്‍ന്നിരുന്നെന്നും ചൈന അറിയിച്ചു. ഈ മേഖലയില്‍ വിമാനങ്ങള്‍ പറക്കുന്നത് കൃത്യമായി പരിശോധിക്കാനും അവയെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനും ചൈനക്ക് കഴിവുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: