ന്യൂദല്‍ഹി: ബിജെപിക്ക് വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കിട്ടുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. ഫേസ്ബുക്കില്‍ ജെയ്റ്റ്ലി നടത്തിയ പ്രതികരണത്തില്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നിലപാടുകളെ അതി കര്‍ക്കശമായി വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ;ബിജെപി ദല്‍ഹി ഘടകം വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി. വിജയ് ഗോയലും ഡോ. ഹര്‍ഷവര്‍ദ്ധനും ചേര്‍ന്ന് പ്രകടന പത്രിക ഇറക്കിയ വേളയില്‍ പങ്കെടുക്കാന്‍ എനിക്കും അവസരം ഉണ്ടായി. പ്രകടന പത്രിക വളരെ മെച്ചപ്പെട്ട രീതിയില്‍ തയ്യാറാക്കിയ രേഖയാണ്, അത് ദല്‍ഹിയിലെ പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ പോരുന്നതും വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടുന്നതില്നിന്നു ആശ്വാസം പകരുന്നതിനു സഹായകരവുമാണ്. ദല്‍ഹി തെരഞ്ഞെടുപ്പ് പതിവായി രണ്ടു പാര്‍ട്ടികള്‍ തമ്മിലാണ്. കുറഞ്ഞ പ്രദേശങ്ങളില്‍ സ്വാധീനമുള്ള ചെറിയ പാര്‍ട്ടികളും രംഗത്തുണ്ട്. അവ പലപ്പോഴും ചിലര്‍ക്കു നഷ്ടമുണ്ടാക്കുന്നവരാണ്. ഇത്തവണ ആം ആദ്മി പാര്‍ട്ടി അവരുടെ ഭാഗ്യം പരീക്ഷിക്കുന്നു. ദല്‍ഹിയില്‍ അവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
ദല്‍ഹിയില്‍ കോണ്‍ഗ്രസ് രണ്ടുതരത്തില്‍ ഭരണ വിരുദ്ധ വികാരം നേരിടുകയാണ്. വിലക്കയറ്റം, സാമ്പത്തിക കെടുകാര്യസ്ഥത, എണ്ണമറ്റ അഴിമതികള്‍, സുരക്ഷാ കാര്യങ്ങളില്‍ വേണ്ടത്ര കരുതലില്ലാത്ത ഒരു കേന്ദ്ര സര്‍ക്കാരും അതിന്റെ പ്രവര്‍ത്തനങ്ങളും-ഇതെല്ലാം വോട്ടര്‍മാരുടെ മനസിനെ ദല്‍ഹിയില്‍ സ്വാധീനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ നേതൃത്വമില്ലായ്മയുണ്ട്. നിശ്ചയ ദാര്‍ഢ്യമില്ലാത്ത ഒരു നേതാവിന്റെ കീഴിലുള്ള പ്രവര്‍ത്തനക്ഷമമല്ലാത്ത സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്ന നവ നേതൃത്വം ഒട്ടും പ്രചോദനം നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാരിനെതിരേ ഒട്ടേറെ അഴിമതിക്കേസുകളില്‍ ലോകായുക്ത നടത്തിയ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടുകളും പ്രാദേശിക തലത്തിലും ജനങ്ങളില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാക്കിയിരിക്കുന്നു. വൈദ്യുതി നിരക്കിലും ജല നിരക്കിലും ഉണ്ടാക്കിയ വന്‍ വര്‍ദ്ധനയും ജനങ്ങള്‍ക്കു വേണ്ടത്ര സേവന സൗകര്യങ്ങള്‍ ലഭ്യമാക്കാത്തതും എതിര്‍പ്പിനു കാരണമായിട്ടുണ്ട്. കോണ്‍ഗ്രസിന് ഇത്തവണ ജനകീയ വോട്ട് ഏറെ കുറയുമെന്ന് ഞാന്‍ ഇപ്പോഴെ പറയുന്നു. 1952-ലെ തെരഞ്ഞെടുപ്പു മുതല്‍ നോക്കിയാല്‍ ഇത്തവണ കോണ്‍ഗ്രസിനു കിട്ടാന്‍ പോകുന്നത് ചരിത്രത്തിലെ ഏറ്റവും കുറവു വോട്ടായിരിക്കും.
ആം ആദ്മി പാര്‍ട്ടി നിലനില്‍ക്കുന്നത് പ്രചാരണവും ദോഷം മാത്രം കാണുന്നതിലൂടെയുമാണ്. അതിന് വോട്ടര്‍ പിന്തുണ കുറവാണ്. അതിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സാഹസികമാണ്. അടുത്തിടെ പുറത്തുവന്ന വിവരങ്ങള്‍ കാണിക്കുന്നത് അതിന്റെ നേതാക്കള്‍ പറയുന്ന ധാര്മ്മികതയെല്ലാം വെറും മുഖപടമാണെന്നാണ്. അതിന്റെ നേതാക്കള്‍ പറയുന്നത് അനധികൃത ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കും, സാമ്പത്തിക തര്‍ക്കങ്ങള്‍ ഒത്തു തീര്‍ക്കും, ബിസിനസ് എതിരാളികള്‍ക്കെതിരേയുള്ള പ്രകടനങ്ങളില്‍ പങ്കാളികളാകും തുടങ്ങിയ കാര്യങ്ങളാണ്. ഇത് നിശ്ചയമായും ഒരു ‘താല്കാലിക പരിപാടി’ പാര്‍ട്ടിയാണ്. ബിജെപിക്ക് രാഷ്ട്രീയാന്തരീക്ഷം അനുകൂലമാണ്. ഡോ. ഹര്‍ഷവര്‍ദ്ധന്റെ നേതൃത്വം വിശ്വാസ്യതയും ആര്‍ജ്ജവവും പാര്ട്ടിക്കുണ്ടാക്കിക്കൊടുത്തു. അദ്ദേഹം നല്ലൊരു പ്രൊഫഷണല്‍ കൂടിയായത് കൂടുതല്‍ സഹായകമായി. ബിജെപിക്ക് ഉജ്ജ്വലമായ വിജയം ഞാന്‍ മുന്നില്‍ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: