ന്യൂദല്‍ഹി: വിവാദമായ ആരുഷി-ഹേംരാജ് വധക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് ഗാസിയാബാദ് സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. 15 മാസത്തെ വിചാരണക്കുശേഷമാണ് അഞ്ചര വര്‍ഷത്തെ പഴക്കമുള്ള കേസിന്റെ വിധി വരുന്നത്. കേസില്‍ പ്രതികളായ രാജേഷ് തല്‍വാറും ഭാര്യ നൂപുര്‍ തല്‍വാറും ഇപ്പോള്‍ ജാമ്യത്തിലാണ്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. വിധി കേട്ട് കോടതിയില്‍ ഇരുവരും പൊട്ടിക്കരഞ്ഞു. തല്‍വാര്‍ ദമ്പതികളാണ് മകള്‍ ആരുഷിയെ കൊലപ്പെടുത്തിയതെന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. 2008 മെയ് 15, 16 തീയതികളിലാണ് ആരുഷിയേയും, വീട്ടുജോലിക്കാരനായ ഹേംരാജിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ഉത്തര്‍പ്രദേശ് പോലീസ് അന്വേഷിച്ച കേസില്‍ ഹേംരാജ് തന്നെയാണ് ആരുഷിയെ കൊലചെയ്തതെന്നായിരുന്നു നിഗമനം.
എന്നാല്‍ ഹേംരാജിനെ വീടിന്റെ ടെറസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ രാജേഷ് തല്‍വാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രക്ഷിതാക്കളല്ല, മറിച്ച് പുറത്തുള്ളവര്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു യുപി പോലീസിന്റെ വാദം. എന്നാല്‍ സംഭവം വിവാദമായതോടെ അന്നത്തെ മായാവതി സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറി.
2012 ജൂണ്‍ 12നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഒന്നരവര്‍ഷം നീണ്ട വിചാരണവേളയില്‍ 39 സാക്ഷികളേയും വിസ്തരിച്ചു. കേസിന്റെ അവസാന വിചാരണ ആരംഭിച്ചത് 2013 ഒക്ടോബര്‍ 10-നാണ്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ക്കുശേഷം ഈ മാസം 12നാണ് വിചാരണ അവസാനിച്ചത്. കൊല നടന്ന ദിവസം രാത്രി നാലു പേര് മാത്രമാണ് വീട്ടിലുണ്ടയിരുന്നത്. സംഭവം നേരിട്ട് കണ്ടതിന് സാക്ഷികളില്ല.
വീട്ടിലുണ്ടായിരുന്നവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ആരുഷിയുടെ രക്ഷിതാക്കളാണെന്നും അതുകൊണ്ടുതന്നെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത് ഇവര്‍ക്കാണെന്നും സിബിഐ കോടതിയില്‍ വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: