കോതമംഗലം: ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഭൂമിയില്‍പ്പെട്ട കെട്ടിടവും മതിലും പൊളിച്ച് സ്വകാര്യവ്യക്തി കയ്യേറ്റശ്രമം നടത്തിയിട്ട് ഒരമാസമായിട്ടും തിരിച്ചുപിടിക്കാന്‍ നടപടി വൈകുന്നു. കോതമംഗലം മുനിസിപ്പല്‍ പരിധിയില്‍ കോതമംഗലം-മൂവാറ്റുപുഴ റോഡില്‍ കറുകടത്തിനും പുതുപ്പാടിക്കുമിടയിലുള്ള ഞാണൂള്മല ബസ്സ്റ്റോപ്പിനോട് ചേര്‍ന്നുള്ള ആരോഗ്യവകുപ്പിന്റെ കീഴിലുള്ള 15 സെന്റോളം വരുന്ന സ്ഥലമാണ് സമീപവാസി കയ്യേറി കെട്ടിടവും മതിലും പൊളിച്ചുമാറ്റിയിട്ടുള്ളത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാരപ്പെട്ടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രമായി കുടുംബക്ഷേമ കേന്ദ്രമൈതാനിയില് പ്രവര്‍ത്തിച്ചുവരികയും പിന്നീട് 1955ല്‍ മൂവാറ്റുപുഴ സബ്ഇന്‍സ്പെക്ടറുടെ ഓഫീസായി പ്രവര്‍ത്തിക്കുകയും 2006ല്‍ ഈ ഓഫീസ് മൂവാറ്റുപുഴ താലൂക്ക് ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റുകയും ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി മേലധികാരികള്‍ക്ക് സമര്‍പ്പിച്ചിരിക്കുകയായിരുന്നു.
ഇതിനിടയിലാണ് ഇതിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന സ്ഥലമുടമ കെട്ടിടവും മതിലും പൊളിച്ചുമാറ്റിയത്. കോതമംഗലം മുനിസിപ്പാലിറ്റിയുടെ കെട്ടിടനമ്പര്‍ കെഎംസി 21/25 എന്ന നമ്പറിലുള്ള കെട്ടിടം വര്‍ഷങ്ങളായി ആരോഗ്യവകുപ്പിന്റെ കീഴിലുള്ളതാണെന്ന് മുനിസിപ്പല്‍ രേഖകള്‍ വ്യക്തമാക്കുന്നു.
പ്രസ്തുത ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, ഡിഎംഒ എന്നിവര്‍ക്ക് മൂവാറ്റുപുഴ ഫുഡ് ഇന്‍സ്പെക്ടറും വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെല്ത്ത്സെന്റര് അധികൃതരും നല്കിയ പരാതിയെത്തുടര്‍ന്ന് വസ്തു സര്‍ക്കാരിന്റേതാണെന്ന് കാണിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കയ്യേറ്റം നടത്തിയ വസ്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബക്ഷേമ ഉപകേന്ദ്രം നിര്‍മ്മിക്കാന്‍ സറണ്ടര്‍ ചെയ്തിട്ടുള്ളതാണെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ആരോഗ്യവകുപ്പിന്റേയോ ഫുഡ് ഇന്‍സ്പെക്ടറുടെയോ ഓഫീസില്‍ കാണാനില്ലെന്ന് അറിയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ആരോഗ്യവകുപ്പിലെ ഉന്നത അധികാരികള്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അഡീഷണല്‍ ഡിഎംഒ ഡോ. കെ.സുഹിത, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മീനു എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പിന്നീട് സംഘം വാരപ്പെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടത്തിന്റെയും പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെയും ഫോട്ടോകളും രേഖകളും പരിശോധിച്ചു. ഫുഡ്ഇന്സ്പെക്ടര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോതമംഗലം പോലീസ് സ്ഥലം സന്ദര്‍ശിച്ചു.
ഇതിനിടെ സ്ഥലം കയ്യേറ്റത്തിനെതിരെ വ്യാപകപ്രതിഷേധമുയര്ന്നുവന്നിരിക്കുകയാണ്. എന്നാല്‍ കോതമംഗലത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനായി രംഗത്തെത്തിയിട്ടുള്ളതായി അറിയുന്നു. കയ്യേറ്റത്തിനെതിരെ ബിജെപിയുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: