ആലുവ: എടത്തലയില്‍ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ നബീസ(65)യെ ഘാതകരെന്ന് സംശയിക്കുന്ന രണ്ടുപേരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. സമീപവാസികളായ സുരേന്ദ്രന്, പ്രമോദ് എന്നിവരാണ് കൊല നടതരതിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
നബീസ കൊല്ലപ്പെട്ടു കിടന്നിരുന്ന സ്ഥലത്തിന് സമീപത്തുനിന്നും ലഭിച്ച വിരലടയാളങ്ങളും അന്വേക്ഷണത്തില്‍ നിര്‍ണായകമായിട്ടുണ്ട്. പ്രതികളിലൊരാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. രണ്ടാമത്തെയാള്‍ മയക്കുമരുന്ന് വില്‍പ്പനക്കാരനാണ്. കവര്‍ച്ചയായിരുന്നു നബീസയെ കൊലപ്പെടുത്തിയതിന് പിന്നിലെ ലക്ഷ്യമെന്ന് പോലീസ് കരുതുന്നു. കൃത്യത്തിനുശേഷം ഇരുവരും നാടുവിട്ടിരിക്കുകയാണ്. അടുത്തിടെ ശിവഗിരി കോളനിക്ക് സമീപം കനാല്‍ പാലത്തിനടുത്തുവച്ച് സ്ത്രീയെ ആക്രമിച്ച് സ്വര്‍ണ്ണക്കവര്‍ച്ച നടത്തിയ കേസിലും വാഹനമോഷണക്കേസുകളിലും പ്രതിയാണ് ഇവരിലൊരാള്‍. കൂട്ടുപ്രതി ശിവഗിരിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വസ്തു വിറ്റ് കുറച്ചുപണം നബീസയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.
ബാങ്കില്‍നിന്ന് നബീസ ഈ പണമെടുത്തതായി പ്രതികള്‍ക്ക് അറിവ് ലഭിച്ചിരുന്നുവെന്ന് സംശയിക്കുന്നു. പണം കവര്‍ച്ച ചെയ്യാനാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. എന്നാല്‍ ബാങ്കില്‍നിന്ന് ചെറിയൊരു തുക മാത്രമാണ് നബീസ പിന്‍വലിച്ചിരുന്നത്. നബീസയുടെ മൃതദേഹത്തില്‍നിന്ന് ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് നബീസയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: