തിരുവനന്തപുരം: ഫിലിപ്പീന്‍സിനെ കശക്കിയെറിഞ്ഞ ഹയാന് ചുഴലിക്കൊടുങ്കാറ്റില്‍ കെടുതിയനുഭവിക്കുന്നവരുടെ ദുരിതാശ്വാസപുനരധിവാസ പദ്ധതികള്‍ക്കായി മാതാ അമൃതാനന്ദമയീ ദേവി 20 ലക്ഷം ഡോളര്‍ സംഭാവന നല്‍കും. സംഭാവനയുടെ പകുതി പണമായും ബാക്കി കുട്ടികളുടെ വിദ്യാഭ്യാസത്തിനായുമാണ് നല്‍കുക. കാലിഫോര്‍ണിയയിലെ മാതാ അമൃതാനന്ദമയി സെന്ററാണ് പാക്കേജ് നടപ്പാക്കുക.
നവംബര്‍ ആദ്യം മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റ് ഫിലിപ്പീന്‍സിലെ 1.3 കോടി ജനങ്ങളെ ബാധിച്ചതായാണ് കണക്ക്. 40 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. പത്തുലക്ഷം വീടുകള്‍ കൊടുങ്കാറ്റില്‍ തകര്‍ന്നതായും കണക്കാക്കുന്നു. 25 ലക്ഷം ഫിലിപ്പീന്‍കാര്‍ ഇപ്പോള്‍ ഭക്ഷ്യസഹായം ആവശ്യമുള്ളവരാണ്. മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം 7000 കഴിഞ്ഞു. ഓരോ ദിവസവും ഈ എണ്ണം വര്‍ധിച്ചുവരികയുമാണ്.
ഒട്ടേറെ നിഷ്കളങ്കര്‍ക്ക് ജീവന് നഷ്ടപ്പെട്ട ഫിലിപ്പീന്‍സിലെ ദുരന്തവാര്‍ത്ത തന്നെ ഏറെ ദുഃഖിതയാക്കിയെന്നും ഇപ്പോള്‍തന്നെ ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ക്കുമേല്‍ വലിയൊരു ഭാരമാണ് ഈ ദുരന്തം ഏല്പിച്ചിരിക്കുന്നതെന്നും ഇപ്പോള്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന അമൃതാനന്ദമയീ ദേവി പറഞ്ഞു. അതിജീവിച്ച അനേകായിരങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് കൊടുങ്കാറ്റ് തച്ചുടച്ചതെന്ന് അമ്മ ചൂണ്ടിക്കാട്ടി. അതീവദുഃഖകരമായ ഈ സാഹചര്യത്തില്‍ ഈ ദുരന്തത്തിനിരയായവര്ക്കൊപ്പമാണ് തന്റെ ഹൃദയമെന്നും അവരുടെ സമാധാനത്തിനും മാനസ്സികശക്തിക്കും വേണ്ടിയാണ് താന്‍ പ്രാര്‍ഥിക്കുന്നതെന്നും അമ്മ പറഞ്ഞു.
പാവങ്ങള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും നേര്‍ക്കുള്ള സഹാനുഭൂതിയാണ് യഥാര്‍ഥ ആത്മീയതയെന്ന് അമ്മ പറയാറുണ്ടെന്നും മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി സ്വീകരിച്ച് യഥാസമയം സഹായഹസ്തം നീട്ടാറുണ്ടെന്നും എംഎ സെന്റര്‍ പ്രസിഡന്റ് റോണ്‍ ഗോട്സെഗന്‍ ചൂണ്ടിക്കാട്ടി.
ലോകത്തെമ്പാടുമുണ്ടാകുന്ന ദുരന്തങ്ങളില്‍ അമൃതാനന്ദമയീ മഠം സഹായഹസ്തവുമായി സ്ഥിരമായിട്ടെത്താറുണ്ട്. കേദാര്‍നാഥിലുണ്ടായ പ്രളയത്തില്‍ ദുരന്തമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി മഠം 80 ലക്ഷം ഡോളറിന്റെ പദ്ധതിക്കാണ് രൂപംകൊടുത്തിരിക്കുന്നത്.
2001 മുതല്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ടായിട്ടുള്ള ഒരു ഡസനോളം ദുരന്തങ്ങളില്‍ മഠം സഹായം നല്‍കിയിട്ടുണ്ട്. 2004ലെ സുനാമിയില്‍ സര്‍വവും നഷ്ടപ്പെട്ടവരുടെ രക്ഷയ്ക്കായി 2.2 കോടി ഡോളറിന്റെ ദുരിതാശ്വാസമാണ് മഠം നടപ്പാക്കിയത്. ജപ്പാന് ഭൂകമ്പത്തിനും 2011ലെ ആണവദുരന്തത്തിലും അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കായി 10 ലക്ഷം ഡോളറിന്റെ സഹായം മാതാ അമൃതാനന്ദമയീ സെന്റര്‍ വിതരണം ചെയ്തിരുന്നു. 2005ലെ കത്രീന കൊടുങ്കാറ്റില്‍ ദുരിതമനുഭവിച്ചവര്ക്കായും പത്തു ലക്ഷം ഡോളറിന്റെ സഹായമാണ് വിതരണം ചെയ്തത്. ഹെയ്തി ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും മഠം സഹായമെത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: