പ്രജാപതിയുടെ സങ്കല്പത്താല് സൃഷ്ടിക്കപ്പെട്ട സകലതും തന്നെ രയി പ്രാണാത്മകമാണ്. “രയി’ ശബ്ദത്താല്‍ ദ്രവ്യവും “പ്രാണ” ശബ്ദത്താല്‍ ഊര്‍ജവും അര്‍ത്ഥമാക്കപ്പെടുന്നു. ദ്രവ്യാത്മകമായതൊക്കെയും രയിയാണെന്നതിനാല് മൂര്‍ത്തവും അമൂര്‍ത്തവുമായ സകല ദൃശ്യ പ്രപഞ്ചവും രയിയെന്നല്ലാം തിരിച്ചറിയുന്നുവെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഉപനിഷദ് വിചാരയജ്ഞം നാല്പതാം ദിവസം പ്രശ്നോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി. പ്രാണനാകട്ടെ ചൈതന്യമാണ്. സൗരയൂഥത്തില്‍ കഴിയുന്ന നാം കാണുന്നതില്‍വെച്ച് ഏറ്റവും വലിയ ഊര്‍ജസ്രോതസ്സായ സൂര്യനെ പ്രാണനെന്ന് ആദ്യമായും ഋഷി നിര്‍ദ്ദേശിക്കുന്നു. എപ്പോഴാണോ സൂര്യനെ നാം പ്രാണനായി കാണുന്നത് അപ്പോള്‍ ചന്ദ്രനെ രയിയായി കാണുന്നു. സൂര്യനെ പ്രാണനെന്നറിയുന്ന ഋഷി സൂര്യോദയത്തില്‍ പ്രാണോദയത്തെ കാണുന്നു. സൂര്യന് കിഴക്കുദിച്ച് ഓരോ ദിക്കിനെയും പ്രകാശിപ്പിക്കുമ്പോള്‍ അതത് ദിക്കിലുള്ള സകല വസ്തുക്കളെയും സ്വതേജസ്സിനാല്‍ ചേര്‍ക്കുന്നു. സൂര്യോദയത്തെ നോക്കി സകല പ്രജകള്‍ക്കും ചൈതന്യത്തെ നല്കുന്ന പ്രാണന്റെ ഉദയത്തെ കണ്ടറിയുന്ന മന്ത്രം കാലം നിര്ണ്ണയിക്കാനാവാത്തത്ര പഴയ സംഹിതയില്പോലും പറയപ്പെട്ടിട്ടുണ്ട്! അതുപോലെ ഒരു സംവത്സരത്തെ പ്രജാപതിയായി കാണുമ്പോള്‍ ഉത്തരായനം പ്രാണനും ദക്ഷിണായനം രയിയുമാണെന്ന് മനസിലാക്കണം. ഉദയാത്മകമാണ് പ്രജാപതി. സൃഷ്ടിയില്‍ കാണപ്പെടുന്ന എല്ലാംതന്നെ ദ്രവ്യം, ഉൗര്‍ജം എന്നീ രണ്ട് ഭാവങ്ങള്‍ ചേര്‍ന്നതാണെന്ന് സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: