ശ്ലോകം: 12
ഭക്തതാപപ്രശമനപീയൂഷസ്യന്ദിലോചനഃ
കാരുണ്യസ്റ്റിദ്ധനേത്രാന്തഃ കാംക്ഷിതാര്ത്ഥപ്രദായകഃ
50. ഭക്തതാപപ്രശമനപീയൂഷസ്യന്ദിലോചനഃ – (ഭക്ത-താപപ്രശമന – പീയുഷസ്യന്ദി – ലോചനഃ). ഭക്തരുടെ താപങ്ങളെ പൂര്‍ണ്ണമായി ശമിപ്പിക്കുന്ന കാരുണ്യാമൃതം ഒഴുക്കുന്ന കണ്ണുള്ളവര്‍. ഭഗവാന്റെ കരുണാകടാക്ഷം ഏറ്റാല്‍ ഭക്തന്റെ എല്ലാ ദുഃഖങ്ങളും പൂര്‍ണ്ണമായി ശമിക്കും. നാരായണീയം ഭഗവാന്റെ കണ്ണുകളെ കാരുണ്യാലോകലീലാശി ശിരതഭുവനം” എന്നാണ് വിശേഷിപ്പിക്കുന്നത്. നൂറാം ദശകത്തിലെ മൂന്നാം ശ്ലോകവും വ്യാഖ്യാനവും വായിക്കുക.
കാരുണ്യാമൃതംകൊണ്ട് താപങ്ങളെല്ലാം ശമിപ്പിക്കുന്ന ഗുരുവായൂരപ്പന്റെ നോട്ടം കിട്ടാന്‍ ദീര്‍ഘമായ തപസ്സും യാഗവും തീര്‍ത്ഥയാത്രയും മറ്റും നടത്തണമെന്നില്ല. ഭഗവാനെ ഭക്തിയോടെ സ്മരിക്കുകയും പൂര്‍ണമായി ആശ്രയിക്കുകയും മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ. ഇക്കാര്യം തുടര്‍ന്ന് കൂടുതല്‍ വിശദമാകും.
51. കാരുണ്യസിദ്ധ നേത്രാന്തഃ – കാരുണ്യം കൊണ്ട് സ്തിഗ്ദ്ധമായ കടക്കണ്ണുള്ളവന്. അന്യരുടെ കഷ്ടപ്പാടില്‍ ഉണ്ടാകുന്ന മനസ്സലിവാണ് കാരുണ്യം. കുളിര്‍മ്മയും മാര്‍ദ്ദവവുമുള്ള ഹൃദ്യമായ അവസ്ഥയാണ് സ്നിഗ്ദ്ധത. ഭഗവാന്റെ കടക്കണ്നോട്ടത്തിന്റെ വിശേഷണമായി പറയുമ്പോള്‍ ആ നോട്ടം കിട്ടാന്‍ ഭാഗ്യമുണ്ടായവര്‍ അനുഭവിക്കുന്ന ശാന്തിയും സന്തോഷത്തെയും കുറിക്കുന്നു. 50-ാം നാമത്തില്‍ ഭഗവാന്റെ കണ്ണുകളെ പീയൂഷസ്യന്ദിയായി പറഞ്ഞു. ആ ആശയം ഈ നാമം ആവര്‍ത്തിച്ചുറപ്പിക്കുന്നു. രണ്ടാം ദശകത്തിലെ ഒന്നാം ശ്ലോകത്തിലും നാരായണീയം ഗുരുവായൂരപ്പന്റെ കാരുണ്യകുലനേത്രത്തെ വണങ്ങുന്നുണ്ട്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: