ജോധ്പൂര്‍: ജനക്കൂട്ടം എഴുന്നേറ്റുപോയതോടെ പ്രസംഗം മതിയാക്കി രാഹുല്‍ഗാന്ധി വേദിവിട്ടു. ജോധ്പൂരില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് നാണക്കേടായി മാറിയ ഈ സംഭവം.
ജോധ്പൂരിലെ ഉമൈദ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ രാഹുലിനെ കാത്ത് രണ്ടേകാല്‍ മണിക്കൂറോളമാണ് ജനങ്ങള്‍ വെയിലത്തു നിന്നത്. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെ വേദിയിലെത്തിയ രാഹുലിനു മുമ്പായി കോണ്‍ഗ്രസ് നേതാക്കളുടെ പ്രസഗം പരമ്പര. ഇതിനു ശേഷം രാഹുല്‍ പ്രസംഗിച്ചു അല്‍പ്പസമയം കഴിഞ്ഞതോടെ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ എണീറ്റു പോവുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം എണീറ്റു തുടങ്ങിയതോടെ അപകടം മനസ്സിലാക്കിയ രാഹുല്‍ഗാന്ധി പെട്ടെന്നു തന്നെ പ്രസംഗം അവസാനിപ്പിച്ചു. എട്ടു മിനുറ്റിനുള്ളില്‍ പ്രസംഗം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി വേദിവിടുകയായിരുന്നു. എന്നാല്‍ സംഭവത്തേപ്പറ്റി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും തയ്യാറായില്ല.
ഉച്ചയ്ക്ക് ഒരു മണിക്ക് രാഹുല്‍ എത്തുമെന്നായിരുന്നു ജോധ്പൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പതിവുപോലെ മണിക്കൂറുകള്‍ വൈകിമാത്രമാണ് രാഹുല്‍ വേദിയിലേക്കെത്തിയത്. രാജസ്ഥാന് പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജുഗല്‍ കാബ്ര, കേന്ദ്രമന്ത്രിമാരായ സി.പി. ജോഷി, ചന്ദ്രേഷ്കുമാരി കടോച്, മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ പ്രസംഗിച്ച ശേഷമാണ് രാഹുല്‍ പ്രസംഗിച്ചത്. മുഖ്യമന്ത്രി പതിനഞ്ചു മിനുറ്റോളം പ്രസംഗിച്ചപ്പോള്‍ രാഹുലിന്റെ പ്രസംഗം കേവലം എട്ടു മിനുറ്റായി ചുരുങ്ങിയതിനു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിശദീകരണം നല്‍കാനാകുന്നില്ല.
നവംബര്‍ 16ന് ദല്‍ഹിയിലെ ദക്ഷിണ്‍പുരിയില്‍ വിരാട് സിനിമാ ഗ്രൗണ്ടില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലും സമാനമായ സ്ഥിതിവിശേഷം സംജാതമായിരുന്നു. ഇവിടെ നാലുമണിക്കൂര്‍ വൈകിയെത്തിയ രാഹുല്‍ഗാന്ധി പ്രസംഗിച്ചു ആറു മിനുറ്റ് പിന്നിട്ടതോടെ ജനങ്ങള്‍ ബഹിഷ്ക്കരിച്ച് ഇറങ്ങുകയായിരുന്നു സമാനമായ സ്ഥിതിവിശേഷമാണ് ജോധ്പൂരിലും ഉണ്ടായത്. എന്നാല്‍ ജനക്കൂട്ടം ഗ്രൗണ്ടിനു പുറത്തേക്കിറങ്ങിയ ഉടന്‍ തന്നെ രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചതിനാല്‍ വലിയ നാണക്കേടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
രാഹുല്‍ഗാന്ധിയുടെ പരിപാടികള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാതിരിക്കുന്നത് കോണ്‍ഗ്രസിനു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യോഗസ്ഥലത്തെ ഒഴിഞ്ഞ കസേരകള്‍ കാണിച്ചുകൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്കിത്തുടങ്ങിയതും കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമവൃത്തത്തിലാക്കുന്നു. ഇതിനു പരിഹാരമായി മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് രാഹുല്‍ഗാന്ധിയുടെ യോഗസ്ഥലത്ത് ഏര്‍പ്പെടുത്തുന്നത്.
തത്സമയ സംപ്രേഷണത്തെ നിരുത്സാഹപ്പെടുത്തി കോണ്‍ഗ്രസ് തന്നെ ചാനലുകള്‍ക്ക് ദൃശ്യങ്ങള്‍ നല്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് രാഹുലിന്റെ പരിപാരികളില്‍ ഒരുക്കുന്നത്. ദല്‍ഹിയിലെ എഐസിസി ആസ്ഥാനത്തു നിന്നും സിഗ്നലുകള്‍ സ്വീകരിക്കുന്നതിനുള്ള സന്ദേശങ്ങള്‍ എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കുന്നുണ്ട്. യോഗസ്ഥലത്തെ ആളുകള്‍ മാത്രമുള്ള ഭാഗങ്ങള്‍ കാണിക്കുകയും കാലിയായ പ്രദേശങ്ങള്‍ ഒഴിവാക്കിയുമാണ് പുതിയ സജ്ജീകരണം. ക്രിക്കറ്റ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനു സമാനമായ സജ്ജീകരണങ്ങളാണ് വന്‍തുക മുടക്കി ഇതിനായി കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: