കൊച്ചി: ആദ്യ രണ്ടു നാളുകളില്‍ വീശിയടിച്ച പാലക്കാടന്‍ കാറ്റിനെ അതിജീവിച്ച് സംസ്ഥാന സ്കൂള്‍ മീറ്റിന്റെ പോയിന്റ് പട്ടികയില്‍ എറണാകുളം മുന്നിലെത്തി. മൂന്നാം ദിവസം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 192 പോയിന്റുമായാണ് ആതിഥേയര്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 20 വീതം സ്വര്‍ണ്ണവും വെള്ളിയും 23 വെങ്കലവും എറണാകുളം ഇതുവരെ അക്കൗണ്ടിലെത്തിച്ചിട്ടുണ്ട്. 175 പോയിന്റുകളോടെ പാലക്കാട് പിന്നാലെ പായുന്നുണ്ട്. 23 സ്വര്‍ണ്ണവും 10 വെള്ളിയും 21 വെങ്കലവും നിലവിലെ ചാമ്പ്യന്മാരുടെ സമ്പാദ്യം. 8 വീതം സ്വര്‍ണ്ണവും വെള്ളിയും 6 വെങ്കലവും 80 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. നാല് സ്വര്‍ണ്ണവും അത്രതന്നെ വെള്ളിയും 8 വെങ്കലവും നേടിയ തിരുവനന്തപുരം നാലാമത്. അതേസമയം, മുന്‍ ചാമ്പ്യന്മാരായ കോട്ടയം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സ്കൂളുകളുടെ പോരാട്ടഗതിയിലും മാറ്റങ്ങള്‍ ദൃശ്യമായി. ആദ്യ ദിനങ്ങളില്‍ പിന്നിട്ടുനിന്ന നിലവിലെ ജേതാക്കളായ കോതമംഗലം സെന്റ് ജോര്ജ്എച്ച്എസ്എസ് പ്രഥമ സ്ഥാനത്തേക്കുകയറി. ഇന്നലെ മാത്രമവര്‍ 48 പോയിന്റുകള്‍ വാരിക്കൂട്ടി. 9 സ്വര്‍ണ്ണവും 10 വീതം വെള്ളിയും വെങ്കലവും സെന്റ് ജോര്‍ജിന്റെ ചുണക്കുട്ടികള്‍ നെഞ്ചോടു ചേര്‍ത്തുകഴിഞ്ഞു. സെന്റ്ജോര്‍ജിന്റെ കടുത്ത എതിരാളിയും രണ്ടാം സ്ഥാനക്കാരുമായ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന് 6 സ്വര്‍ണ്ണവും 7 വെള്ളിയും നാല് വെങ്കലവുമടക്കം 54 പോയിന്റാണുള്ളത്. 7 സ്വര്‍ണ്ണവും നാല് വെള്ളിയും 5 വെങ്കലവും നേടിയ പാലക്കാട് ജില്ലയിലെ പറളി (52 പോയിന്റ്) സ്കൂളാണ് ആദ്യ മൂന്നിലുള്ള മറ്റൊരു ടീം.
തുടക്കത്തില്‍ അല്‍പ്പം ക്ഷാമം നേരിട്ടെങ്കിലും തിങ്കളാഴ്ച്ച എട്ട് റെക്കോര്‍ഡുകള്‍ പിറന്നു. ഒരു പ്രകടനം നിലവിലെ റെക്കോര്‍ഡിനെ സമംപിടിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസിന്റെ പി.യു. ചിത്ര, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ മതിരപ്പള്ളി ഗവ. വിഎച്ച്എസ്എസിലെ ഷിജോ മാത്യു, ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ ആതിര. കെ.ആര്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസിനെ ഡിബി സെബാസ്റ്റിയന്, 3 കി.മീ. നടത്തത്തില്‍ പാലക്കാട് പറളി എച്ച്എസിലെ കെ.ടി. നീന, ഹാമര്‍ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അഞ്ജു കുര്യാക്കോസ്, സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ ട്വിങ്കിള്‍ ടോമി, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ എം.എന്‍. നസിമുദ്ദീന് എന്നിവര്‍ പുതിയ വേഗവും ദൂരവും ഉയരവുമൊക്കെ കുറിച്ചപ്പോള്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ എളമക്കര എച്ച്എസ്എസിലെ ശ്രീനിത്ത് മോഹന്‍ നിലവിലെ റെക്കോര്‍ഡിനൊപ്പമെത്തി. മേള ഇന്ന് സമാപിക്കും. അവസാന ദിവസമായ ഇന്ന് 23 ഫൈനലുകള്‍ നടക്കും.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: