കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയിലെ സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സുവര്‍ണ്ണ താരം ശ്രീനിത് മോഹന്‍ എതിരാളികളില്ലെങ്കിലും സ്വന്തം റെക്കോര്‍ഡ് ഭേദിക്കാന്‍ കഴിയാത്തതില്‍ നിരാശനാണ്.
നിലവിലെ മീറ്റ് റെക്കോഡ് 2.11 മീറ്റര്‍ ആണ്. 2012ല്‍ തിരുവനന്തപുരത്ത് ശ്രീനിത് തന്നെ കുറിച്ചത്. ദേശീയ റെക്കോഡിനെക്കാള്‍ മികച്ച ചാട്ടമായിരുന്നു അത്. 2011ല്‍ കര്‍ണാടകത്തിന്റെ എസ്. ഹര്‍ഷിത് കുറിച്ച 2.10 മീറ്റര്‍ ഉയരവും മറികടന്നു. ഇക്കുറി സ്വന്തം റെക്കോഡിനെക്കാളും മേലെ പറക്കാനായിരുന്നു ഈ പന്ത്രണ്ടാം ക്ലാസുകാരന് എത്തിയത്. പക്ഷേ, 2.10 മീറ്റര്‍ താണ്ടാനേ കഴിഞ്ഞുള്ളൂ. നിലവിലെ ദേശീയ റെക്കോഡ് പ്രകടനത്തിനൊപ്പമെത്തി. തുടര്‍ന്ന് 2.12 മീറ്ററില്‍ ശ്രമം നടത്തി. വിചാരിച്ചപോലെ കാലുയര്ന്നില്ല.
റണ്ണപ്പിലെ താളം നഷ്ടമായതാണ് കാരണമെന്ന് ശ്രീനിത് പറഞ്ഞു. ട്രയല്‍ നോക്കാന്‍പോലും പിറ്റിലെ ഒഫീഷ്യല്‍സ് സമ്മതിച്ചില്ലെന്നും ശ്രീനിത് പരാതിപറഞ്ഞു. റണ്ണപ്പ് തിട്ടപ്പെടുത്താനും കഴിഞ്ഞില്ല. റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ മീറ്റില്‍ നല്ല ദൂരം കുറിക്കുമെന്ന് ശ്രീനിതിന്റെ ഉറപ്പ്.1.94 മീറ്റര്‍ അനായാസം കടന്നു. 2 മീറ്ററും ആദ്യശ്രമത്തില്‍ മറികടന്നു. 2.05 മീറ്റര്‍ രണ്ടാംചാട്ടത്തില്‍. 2.10ല്‍ ഒന്നാംചാട്ടം ധാരാളമായിരുന്നു. എന്നാല്‍ അതേ താളം നിലനിര്‍ത്താന്‍ എറണാകുളം എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഈ പന്ത്രണ്ടാം ക്ലാസുകാരന് സാധിച്ചില്ല. 2.16 മീറ്റര്‍ വരെ താണ്ടിയിട്ടുണ്ട് ശ്രീനിത്. 1.94 മീറ്റര്‍ ചാടിയ കല്ലടി സ്കൂളിന്റെ സനല്‍ സ്കറിയക്കാണ് രണ്ടാം സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: