ഭോപ്പാല്‍/ഐസ്വാള്‍: മിസോറം, മധ്യപ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും മിസോറമില്‍ നാല്പത് സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശില്‍ 51 ജില്ലകളിലായി 53,896 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. 4.65 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മിസോറാമില്‍ കോണ്‍ഗ്രസും മിസോറാം ജനാധിപത്യ സഖ്യവും തമ്മിലാണ് മത്സരം. 53,896 പോളിംഗ് ബൂത്തുകളില്‍ നിന്നായി നാല് കോടിയിലധികം വരുന്ന വോട്ടര്‍മാരാണ് മധ്യപ്രദേശില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. 230 മണ്ഡലങ്ങളില്‍ 2583 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഭരണം തിരിച്ചു പിടിച്ച് പഴയ പ്രതാപത്തിലെത്താനാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ബുധ്നിക്കിന് പുറമെ വിധിഷയിലും ജനവിധി തേടുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ കൗര്‍, പ്രതിപക്ഷ നേതാവ് അജയ്സിംഗ, ബിജെപി എംപി യശോധര രാജ സിന്ധ്യേ, മുന്‍ കേന്ദ്ര മന്ത്രി സുരേഷ് പച്ചോരി, കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ മകന് ജയവര്ദ്ധന് സിംഗ് എന്നിവരാണ് മത്സര രംഗത്തുളള പ്രമുഖര്‍. നക്സല്‍ ബാധിത മേഖലകളടങ്ങിയ എട്ട് ജില്ലകളില്‍ കര്‍ശന സുരക്ഷ യിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മിസോറാമില്‍ നാല്പത് സീറ്റിലേക്കുളള തെരഞ്ഞെടുപ്പില്‍ 142 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഭരണ കക്ഷിയായ കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും നയിക്കുന്ന മിസോറാം ജനാധിപത്യ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. അതിനിടെ മദ്ധ്യപ്രദേശിലെ പല മണ്ഡലങ്ങളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്ധ്യപ്രദേശിലെ ബിന്ദില് വോട്ടെടുപ്പിനിടെ വെടിവയ്പ്പ് നടന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. മൊറേനി ജില്ലയിലെ സുമാവനി മണ്ഡലത്തില്‍ ബുത്ത് പിടിച്ചെടുക്കാന്‍ നടന്ന സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അംബാഹില് എന്ന സ്ഥലത്താണ് വെടിവയ്പുണ്ടായത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഭീണ്ട് ജില്ലയിലെ ലെഹര്‍ മണ്ഡലത്തില്‍ 2150 നമ്പര്‍ ബൂത്തിന് പുറത്തും വെടിവയ്പ് നടന്നു. രണ്ട് ഗുണ്ടാസംഘങ്ങള്‍ക്ക് നേരെയായിരുന്നു വെടിവയ്പ്. ഇവിടെ മുന്‍ നഗരസഭാ അധ്യക്ഷന്‍ രാജ്കുമാര് മഹാതെയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളവോട്ട് നടത്താനുള്ള ശ്രമങ്ങളാണ് ഇവിടെ വെടിവയ്പില്‍ കലാശിച്ചത്. മുഖ്യമന്ത്രി ശിവരാജ് ചൗഹാന് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ജ്യോതിരാദിത്യ സിന്ധ്യ ഗ്വാളിയാറിലെ ശിശുമന്ദിരത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ചുരുഹട്ടില് പ്രതിപക്ഷ നേതാവ് അജയ് സിംഗ് വോട്ട് രേഖപ്പെടുത്തി. നേരത്തെ ഭീകരര്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനിടയുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനകൂടി കണക്കിലെടുത്ത് ഇന്നത്തെ വോട്ടെടുപ്പിനു കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിന്നത്. മദ്ധ്യപ്രദേശില്‍ ഡിസംബര്‍ എട്ടിനും മിസോറാമില്‍ ഡിസംബര്‍ ഒമ്പതിനുമാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: