തൃപ്പൂണിത്തുറ: സംഘടിത സാമുദായിക ശക്തിയുടേയും ധനശക്തിയുടേയും പിന്തുണയോടെ സങ്കുചിത വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ പൈതൃകസ്വത്തുക്കളെ അന്യാധീനപ്പെടുത്തുവാനുള്ള നീക്കങ്ങള്‍ ആണ് പശ്ചിമഘട്ട സംരക്ഷണത്തിലും ആറന്മുളയിലും നടക്കുന്നതെന്നും അത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പൂര്‍ണാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പൂര്‍ണാനദിയുടെ കിഴക്കേ തോണിക്കടവില്‍ ശ്രീനാഥ് പി.നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്ന പൂര്‍ണാനദി പൂജയില്‍ ശ്രീ പൂര്ണത്രയീശന് കുംഭമാസത്തിലെ ഉത്സവത്തോടനുബന്ധിച്ച് സന്ദര്‍ശനം നടത്താറുളള പ്രദേശങ്ങളിലെ നദീമിത്രങ്ങള് ജലം നിറച്ച കുംഭങ്ങളുമായി പങ്കെടുക്കുകയും ജലാര്‍പ്പണം നടത്തുകയും ചെയ്തു.
യോഗത്തില്‍ പൂര്‍ണാ സംരക്ഷണസമിതി സംഘടനാ കാര്യദര്‍ശി കെ.ജി.ശ്രീകുമാര്‍ സംസാരിച്ചു. ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിന്റെ ഊട്ടുപുര തൃപ്പൂണിത്തുറയുടെ പൈതൃകസ്വത്താണെന്നും അതിനു ക്ഷേത്രവുമായുള്ള ബന്ധത്തെ മനസ്സിലാക്കിയാവണം ബന്ധപ്പെട്ട അധികൃതര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ സേവാസംഘം എടുത്തിട്ടുള്ള നിലപാടുകളെ പൂര്‍ണ സംരക്ഷണ സമിതി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എം.ആര്.എസ്.മേനോന്, ബിന്ദു ടീച്ചര്‍, വാണീ രാധാകൃഷ്ണന്, പ്രൊഫ.കെ.എന്‍.ഗോപാലകൃഷ്ണ കുറുപ്പ്, വൈക്കം രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: