ജോധ്പൂര്‍: രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം നിയന്ത്രിക്കുന്നത് ജാതിസഭകളാണ്. ജാതി-മത പരിഗണനകള്‍ക്കുപരിയായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദമെങ്കിലും മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പെടെ ജാതിസമവാക്യങ്ങളെ ആശ്രയിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. പ്രബല ജാതികളുടെ പിന്തുണയില്ലെങ്കില്‍ മുഖ്യമന്ത്രിയാണെങ്കിലും രാജസ്ഥാനില്‍ തോല്‍വി ഉറപ്പ്. അശോക് ഗെലോട്ടിന്റെ സ്വന്തം മണ്ഡലമായ ജോധ്പൂരിലെ സര്ദ്ദാര്പുരയില് പ്രധാന ആശ്രയം സ്വന്തം സമുദായമായ മാലിയുടെ പിന്തുണ തന്നെ.
ഒരു ലക്ഷത്തിലധികം വോട്ടര്‍മാരാണ് സര്ദ്ദാര്പുരയിലുള്ളത്. ഇതില്‍ 35,000 മാലി വിഭാഗക്കാരാണ്. അരലക്ഷത്തോളം വോട്ടിന്റെ വന്‍ഭൂരിപക്ഷത്തില്‍ 1999ല്‍ ഗെലോട്ട് ജയിച്ചു കയറിയെങ്കിലും പിന്നീട് ഭൂരിപക്ഷം ക്രമാനുഗതമായി കുറയുന്നത് കോണ്‍ഗ്രസ് ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 15,340 ആയി കുറഞ്ഞിരുന്നു. സ്വസമുദായത്തില്‍ നിന്നുള്ള ബിജെപി നേതാവ് രാജേന്ദ്ര ഗെലോട്ടിനോട് ഒരവസരത്തില്‍ അശോക് ഗെലോട്ട് പരാജയപ്പെടുമെന്നു പോലും തോന്നിയിരുന്നു 2008ല്‍. ഇത്തവണ ബിജെപി നേതാവ് ശംഭു സിങ് കെതാസര് ആണ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണ പരാജയവും അഴിമതി ആരോപണങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ഉയര്‍ന്നു വരുന്നതും സര്ദ്ദാര്പുരയില് മത്സരം കടുത്തതാക്കുന്നു. ഇതോടെ പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഭാര്യ സുനിതാ ഗെലോട്ടിനെ രംഗത്തിറക്കി വീടുകള്‍ കയറിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ ജോധ്പൂരിലെ ജില്ലാ കോണ്‍ഗ്രസ് ഓഫീസ് പരിസരത്തും സര്ദ്ദാര്പൂര നിയോജക മണ്ഡലം ഓഫീസിലും പാര്‍ട്ടി പ്രവര്‍ത്തകരെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ലാത്ത അവസ്ഥ. പ്രവര്‍ത്തകരെല്ലാം വൈകുന്നേരങ്ങളില്‍ മാത്രമേ രംഗത്തിറങ്ങൂവെന്ന് ജോധ്പൂര്‍ ഡിവിഷണ് കോണ്‍ഗ്രസ് വക്താവ് ഡോ. അജയ് ചൗധരിയുടെ വിശദീകരണം. ഭരണവിരുദ്ധ വികാരത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ വിഷമിക്കുന്നുണ്ടെന്ന് തിരിച്ചറിയാം.
ജോധ്പൂര്‍ ഡിവിഷനിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ നില പരുങ്ങലിലാണ്. ജോധ്പൂര്‍ സിറ്റി മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയും രാജസ്ഥാന് പ്രദേശ് കോണ്‍ഗ്രസ് ക്മ്മറ്റി ആക്ടിംഗ് പ്രസിഡന്റുമായ ജുഗല്‍ കാബ്രയുള്പ്പെടെ പരാജയഭീതിയിലാണ്. മുസ്ലിം വോട്ടുബാങ്കിലെ ഭിന്നതയും ജാതി നേതൃത്വവുമായി ഉടലെടുത്തിരിക്കുന്ന അസംതൃപ്തിയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഭയപ്പെടുത്തുന്നത്. എട്ടു മണ്ഡലങ്ങളാണ് ജോധ്പൂര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. 2004ല്‍ അമ്പതു ശതമാനത്തിലധികം വോട്ടുമായി ബിജെപി സ്ഥാനാര്‍ത്ഥി ജസ്വന്ത് സിങ് വൈഷ്ണോയ് ലോക്സഭയിലേക്ക് ജയിച്ചു കയറിയതിനു സമാനമായ സ്ഥിതിയാണ് ഡിവിഷനിലെ മണ്ഡലങ്ങളിലെന്ന് സര്ദ്ദാര്പുരയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശംഭു സിങ് കെതാസര് പറയുന്നു.
വിനോദസഞ്ചാരകേന്ദ്രമായ ജോധ്പൂരിന്റെ വികസന പ്രശ്നങ്ങളാണ് കോണ്‍ഗ്രസ് ഭരണത്തില്‍ അവഗണിക്കപ്പെട്ടതെന്ന് ശംഭു സിങ് പറയുന്നു. നഗരത്തിനോടു ചേര്‍ന്നു കിടക്കുന്ന മണ്ഡലങ്ങളില്‍ പോലും വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു കഴിഞ്ഞില്ല. നഗരത്തിലെ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യാതൊന്നും നടന്നിട്ടില്ല, ശംഭു സിങ് പറയുന്നു.
എന്നാല്‍ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനകരമായ സൗജന്യമരുന്നു പദ്ധതിയുള്‍പ്പെടെ വോട്ടു നേടിത്തരുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഭാര്യ സുനിത ഗെലോട്ട് ‘ജന്മഭൂമി’യോട് പ്രതികരിച്ചത്. സ്വന്തം ഭര്‍ത്താവിന്റെ വിജയം സുനിശ്ചിതമാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ജാതിസഭകളുടെ പിന്തുണ നഷ്ടമായതിനേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് സുനിതാ ഗെലോട്ടിനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: