തിരുവനന്തപുരം: നൂറ് ശതമാനം കാഴ്ചയില്ലാത്ത നിര്ധനന് പഞ്ചായത്ത് നിഷേധിച്ച കമ്പ്യൂട്ടര്‍ നല്കാന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. പാറശ്ശാല പഞ്ചായത്തിന്റെ നടപടിക്കെതിരെ പരശുവയ്ക്കല്‍ സ്വദേശി നടരാജന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. 2013-14 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി നടരാജന് ഡിസംബറില്‍ കമ്പ്യൂട്ടര്‍ നല്‍കാമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് കമ്മീഷന് ഉറപ്പു നല്കി.
നൂറ് ശതമാനം കാഴ്ചയില്ലാത്ത നടരാജന് ഉപജീവനത്തിന് കസേരകളും കട്ടിലുകളും വരിഞ്ഞാണ് ജീവിക്കുന്നത്. 2012ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കാഴ്ചയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന കമ്പ്യൂട്ടറും ബ്രെയ്ലി അറ്റാച്ച്മെന്റുകളും തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് നടരാജന് 2011 ജൂണില്‍ പാറശ്ശാല പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. നേരിട്ട് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും കണ്ടിട്ടും ഫലമുണ്ടായില്ല. പദ്ധതി നിലവിലില്ലെന്നാണ് ഇവര്‍ നടരാജനെ അറിയിച്ചത്. എന്നാല്‍ ഇതേ പഞ്ചായത്ത് ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്കൂട്ടറും കമ്പ്യൂട്ടറും അനുവദിക്കാന്‍ തീരുമാനിച്ചതായി നടരാജന് പരാതിപ്പെട്ടു.
പരാതി ലഭിച്ചയുടനെ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി തദ്ദേശസ്വയംഭരണ സെക്രട്ടറിക്കും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും ജില്ലാ കളക്ടര്‍ക്കും നോട്ടീസയച്ചു. തുടര്‍ ന്ന് ഒക്ടോബര്‍ 30ന് ചേര്‍ന്ന ഗ്രാമപഞ്ചായത്ത് കമ്മറ്റി ഡിസംബറില്‍ നടരാജന് കമ്പ്യൂട്ടര്‍ നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: