കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തെ സഹായിക്കാന്‍ വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങള്‍ സഹകരണ ബാങ്കുകളില്‍ ചിതലെടുത്ത് നശിക്കുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് സഹകരണ മന്ത്രിയായിരുന്ന ജി. സുധാകരന് നടപ്പാക്കിയ അഭിമാന പദ്ധതിക്കാണീ ദുരവസ്ഥ. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ കടക്കെണിയില്‍ നിന്ന് ഒരുപരിധിവരെ മോചിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പുസ്തകങ്ങള്‍ ഉപയോഗശൂന്യമായി നശിക്കുന്നത്.
യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ സാഹിത്യകാരന്മാരുടെ കയ്യടിക്കുവേണ്ടി നടത്തിയ പദ്ധതിയാണിതെന്നാണ് ആക്ഷേപമുയരുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. കുറഞ്ഞത് 25,000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഭരണസമിതിയിലും ഇടതു പക്ഷത്തിനായിരുന്നു ആധിപത്യമെന്നതിനാല്‍ രാഷ്ട്രീയ പക്ഷപാതിത്വമെന്ന ആരോപണത്തില്‍ നിന്ന് തലയൂരാനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിദ്ധീകരണങ്ങളും നാമമാത്രമായെങ്കിലും സഹകരണ സ്ഥാപനങ്ങള്‍ വാങ്ങിയിരുന്നു.
ഏതാണ്ട് 13,000ഓളം സഹകരണ സ്ഥാപനങ്ങളാണ് പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടിയത്. എന്നാല്‍ ഗ്രന്ഥശാല സ്ഥാപിക്കാനുള്ള തീരുമാനം 99ശതമാനം സഹകരണ സ്ഥാപനങ്ങളിലും വര്‍ഷം അഞ്ച് പിന്നിട്ടിട്ടും നടപ്പായില്ല.
ഗ്രന്ഥശാല പ്രവര്‍ത്തിക്കാനുള്ള കെട്ടിടമോ മറ്റു സ്ഥലസൗകര്യങ്ങളോ സഹകരണ സ്ഥാപനങ്ങളിലില്ല. അത്യാവശ്യത്തിന് പോലും ജിവനക്കാരില്ലാത്ത ഇവിടങ്ങളില്‍ ഗ്രന്ഥശാലയുടെ ചുമതല ആര് വഹിക്കണമെന്നത് സംബന്ധിച്ചും വ്യക്തതയുണ്ടായിരുന്നില്ല. പൊതുജനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ പുസ്തകങ്ങളില്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷാനുകൂല സാഹിത്യകാരന്മാരുടെ കൃതികളായിരുന്നു. അതിനാല്‍ തന്നെ റോയല്‍റ്റി ഇനത്തിലും മറ്റും ഭരണക്കാരുടെ സ്വന്തക്കാരായ സാഹിത്യകാരന്മാര്ക്കല്ലാതെ മികവ് തെളിയിച്ച ജനകീയ സാഹിത്യകാരന്മാര്‍ക്കൊന്നും കാര്യമായ നേട്ടം ലഭിച്ചതുമില്ല.
തുടക്കത്തില്‍തന്നെ സര്‍ക്കാര്‍ പദ്ധതി സഹകരണ ബാങ്കുകളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. പഞ്ചായത്ത് തോറും ലൈബ്രറി കൗണ്‍സിലിന്റെ ഗ്രാന്റും സഹായങ്ങളും ലഭിക്കുന്ന വിവിധ ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സഹകരണ ബാങ്കുകളില്കൂടി ഗ്രന്ഥശാലകള്‍ തുടങ്ങുന്നത് അനാവശ്യമാണെന്ന് ജിവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ഒറ്റത്തവണയായി 25,000 രൂപ മുടക്കി പുസ്തകങ്ങള്‍ വാങ്ങിയെങ്കിലും തുടര്പ്രവര്ത്തനങ്ങളെക്കുറിച്ചോ പിന്നീട് പുസ്തകങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ചോ സര്‍ക്കാരിനോ വകുപ്പ്മന്ത്രിക്കോ യാതൊരു വ്യക്തതയുമുണ്ടായിരുന്നില്ല.
വിവിധപദ്ധതികളുടെ പേരില്‍ കോടികള്‍ ചെലവഴിക്കുന്ന സാംസ്കാരിക വകുപ്പും ലൈബ്രറി കൗണ്‍സിലും ഉള്ളപ്പോള്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന് പ്രസിദ്ധീകരണങ്ങള്‍ നല്കുന്ന സാഹിത്യകാരന്മാര്ക്ക് റോയല്‍റ്റി നല്‍കേണ്ട ബാദ്ധ്യത സഹകരണബാങ്കുകളെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഗോഡൗണുകളിലും പുസ്തകശാലകളിലും ഉറഞ്ഞ് നശിക്കേണ്ട പുസ്തകങ്ങള്‍ പണം നല്കി വാങ്ങി സഹകരണ സ്ഥാപനങ്ങളില്‍ കൂട്ടിയിട്ട് ചിതലെടുത്തും പൊടിപിടിച്ചും നശിക്കുന്നുവെന്ന വ്യത്യാസം മാത്രമേ സംഭവിച്ചിട്ടുള്ളൂ.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: