തിരുവനന്തപുരം: പാരമ്പര്യേതര ഊര്‍ജോത്പാദനത്തിന് പുതിയ പദ്ധതിയുമായി കയര്‍ബോര്‍ഡ്. ചകിരിച്ചോറില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി രംഗത്തു വന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഈ സ്വയംഭരണ സ്ഥാപനം. പത്ത് മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്ക് 50 കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്. ആദ്യനിലയം തിരുവനന്തപുരത്ത് സ്ഥാപിക്കാനൊരുങ്ങുകയാണ് കയര്‍ബോര്‍ഡ്.
താഴ്ന്ന സ്ഥലങ്ങള്‍ നികത്താന്‍ മാത്രം ഉപയോഗിച്ചിരുന്ന ചകിരിച്ചോറ് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തല്‍, മാലിന്യമായി കുമിഞ്ഞുകൂടുന്ന ചകിരിച്ചോറിന് ശാപമോക്ഷം നല്‍കും. ചകിരിച്ചോറ് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന പത്ത് മെഗാവാട്ടിന്റെ പ്ലാന്റ് സ്ഥാപിക്കാന്‍ മുംബൈ ആസ്ഥാനമായുള്ള സ്ഥാപനവുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കയര്‍ബോര്‍ഡ് ചെയര്മാന് പ്രൊഫ. ജി. ബാലചന്ദ്രന് പറഞ്ഞു.
ഈര്‍പ്പം നീക്കം ചെയ്തശേഷമാണ് വൈദ്യുതോത്പാദനത്തിനായി ചകിരിച്ചോറ് ഉപയോഗിക്കുക. ഇതിനുള്ള പ്രത്യേക ്രെഡെയറിന് പേറ്റന്റുള്ളത് മുംബൈ കമ്പനിക്കാണെന്ന് അദ്ദേഹം പറഞ്ഞു. കയര്‍ ബോര്‍ഡിന്റെ ഗവേഷണ വികസന വിഭാഗമാണ് ചകിരിച്ചോറില്‍ നിന്നുള്ള വൈദ്യുതോത്പാദനത്തിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ചകിരിച്ചോറിന്റെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനതലത്തില്‍ തൊണ്ട് ശേഖരിക്കുന്നതിനുള്ള പരിപാടിക്ക് കയര്‍ ബോര്‍ഡ് രൂപംനല്‍കും. കയര്‍ഫാക്ടറികളാണ് കയര്‍ ഉത്പാദനത്തിനുശേഷം ഉപയോഗശൂന്യമായ വസ്തുവെന്ന നിലയില്‍ ചകിരിച്ചോറ് പുറന്തള്ളുന്നത്. തൊണ്ടിന്റെ 30 ശതമാനം മാത്രമാണ് കയറാക്കി മാറ്റാനാകുന്നത്, അതും സാധ്യതയുടെ പകുതിമാത്രം.
കയര്‍ ബോര്‍ഡിന്റെ ട്രാക്ടറുകള്‍ തെങ്ങുകൃഷിയുള്ള വീട്ടുപരിസരങ്ങളിലൂടെയും തോട്ടങ്ങളിലൂടെയും സഞ്ചരിച്ച് തൊണ്ട് ശേഖരിക്കുമെന്ന് പ്രൊഫ. ബാലചന്ദ്രന് പറഞ്ഞു. സംസ്ഥാനത്തെ കയര്‍മേഖലയ്ക്ക് നല്ല ഉണര്‍വുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും. കയര്‍ മേഖലയ്ക്കാവശ്യമായ തൊണ്ട് കണ്ടെത്താന്‍പോലും സമീപകാലത്ത് തമിഴ്നാടിനെയാണ് കേരളം ആശ്രയിക്കുന്നത്.
കയര്നാരുകളെ മറ്റ് സ്വാഭാവിക നാരുകളായ സില്‍ക്ക്, ചണം തുടങ്ങിയവയുമായി ചേര്‍ത്ത് പ്രത്യേകയിനം തുണി ഉണ്ടാക്കുന്നതിന് സില്‍ക്ക് ബോര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടതിനു തൊട്ടുപിന്നാലെയാണ് കയര്‍ബോര്‍ഡ് പുതിയ കണ്ടെത്തലുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഈ തുണി ഉപയോഗിച്ച് കര്‍ട്ടനുകളും മറ്റ് ഫര്‍ണിഷിംഗ് വസ്തുക്കളും ഉണ്ടാക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: