ലണ്ടന്‍: ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഡബിള്‍ സ്ട്രൈക്കിന്റെ ബലത്തില്‍ വെസ്റ്റാമിനെ 3-0ത്തിനു കീഴടക്കി ചെല്‍സി (24) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. സതാമ്പ്ടനെതിരായ ജയം ആഴ്സനലിനെ പ്രഥമ സ്ഥാനത്ത് നിലനിര്‍ത്തി(2-0). കടുത്ത മത്സരത്തില്‍ എവര്‍ട്ടനെ സമനിലയ്ക്കു പിടിച്ച ലിവര്‍പൂള്‍ 24 പോയിന്റുമായി രണ്ടാമതുണ്ട് (3-3).
ഗോള്‍ ക്ഷാമത്തിനു വിരാമിട്ട ലാംപാര്‍ഡ് 21, 81 മിനിറ്റുകളിലായാണ് വെസ്താമിന്റെ വലയില്‍ പന്തെത്തിച്ചത്. പെനാല്‍റ്റിയിലൂടെയായിരുന്നു ചെല്‍സി താരത്തിന്റെ ആദ്യ ഗോള്‍. ഓസ്കര് (34-ാം മിനിറ്റ്) നീലപ്പടയുടെ മറ്റൊരു സ്കോറര്‍. സതാമ്പ്ടനുമായുള്ള മുഖാമുഖത്തില്‍ ആഴ്സനലിന്റെ രണ്ടു ഗോളുകളും ഒളിവര്‍ ജിറോഡ് കുറിച്ചു.
എവര്‍ട്ടനോടു ലിവര്‍പൂള്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അഞ്ചാം മിനിറ്റില്‍ കൗടീഞ്ഞോ റെഡ്സിനു ലീഡ് നല്കി. മൂന്നു മിനിറ്റുകള്‍ക്കുശേഷം കെവിന് മിറാലസ് എവര്‍ട്ടനെ ഒപ്പമെത്തിച്ചു. 19-ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ ലിവര്‍പൂള്‍ വീണ്ടും മുന്നില്‍. എന്നാല്‍ റൊമേലു ലുക്കാക്കു (72, 82) എവര്ട്ടന് ആദ്യമായി ആധിപത്യം നല്കി. പക്ഷേ, കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ ഡാനിയേല്‍ സ്റ്റര്‍ഡിജ് എവര്‍ട്ടന്റെ വലകുലുക്കി ലിവര്‍പൂളിന്റെ രക്ഷകവേഷമണിഞ്ഞു. മറ്റു മത്സരങ്ങളില്‍ സ്വാന്‍സി ഫുള്‍ഹാമിനെയും (2-1) ക്രിസ്റ്റല്‍ പാലസ് ഹള്‍ സിറ്റിയെയും (1-0) ന്യൂകാസില്‍ നോര്‍വിച്ചിനെയും (2-1) സ്റ്റോക്ക് സിറ്റി സണ്ടര്‍ലാന്റിനെയും (2-0) പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: