ദമാസ്ക്കസ്: മൂന്ന് വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 11,000ത്തിലധികം കുട്ടികള്‍. ബിബിസി പ്രസിദ്ധീകരിച്ച ഓക്സ്ഫോര്‍ഡ് റിസര്‍ച്ച് ഗ്രൂപ്പ് തിങ്ക് ടാങ്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മാര്‍ച്ച് 2011 മുതല്‍ ഓഗസ്റ്റ് 2013 വരെയുള്ള കണക്കുകള്‍ പ്രകാരം 17 വയസ്സും അതിന് താഴെയും പ്രായമുള്ള 11,420 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുതത്.
വാസസ്ഥലങ്ങളില്‍ ഉണ്ടായ ബോംബാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലുമാണ് കുട്ടികളില്‍ അധികവും കൊല്ലപ്പെട്ടത്. 389 പേര് നേരിട്ടുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. വിചാരണയൊന്നും കൂടാതെ 746 കുട്ടികളെ തൂക്കിക്കൊന്നിട്ടുണ്ട്. 100ലധികം നവജാത ശിശുക്കളും ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 13നും 17നും ഇടയിലുള്ള ആണ്‍കുട്ടികളാണ് നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് ഇരയായവരില്‍ അധികവും. അലപ്പോയിലാണ് ഏറ്റവുമധികം കുട്ടികള്‍ കൊല്ലപ്പെട്ടത് 2,223 പേര്.
സ്ഥിരീകരിച്ച മരണ വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. പലയിടങ്ങളിലേയും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാത്തതിനാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടുതലാകാനാണ് സാധ്യതയെന്നും ഓക്സ്ഫോര്‍ഡ് റിസര്‍ച്ച് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നു. സിറിയയിലെ ആഭ്യന്തര യുദ്ധം കുട്ടികളെയാണ് ഏറ്റവുമധികം ബാധിച്ചത്. സ്കൂളുകള്‍, ആശുപത്രികള്‍, ജനവാസ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വിമതരും സര്‍ക്കാര്‍ സൈന്യവും അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് യുഎന്‍ കണക്കുകളില്‍ പറയുന്നത്. 7.8 മില്യണ്‍ പേര് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് യുഎന്‍ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: