ജെയിനെവ: ഇറാനിലെ ആണവ പദ്ധതികള്‍ ഭാഗികമായി മരവിപ്പിക്കുന്നത് സംബന്ധിച്ച് ഇറാനും ലോക രാജ്യങ്ങളും തമ്മില്‍ ധാരണയിലായി. ആണവ പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ഇറാനുമായി അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടതോടെ പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന തര്‍ക്കത്തിനാണ് താല്‍ക്കാലിക പരിഹാരമായിരിക്കുന്നത്. ആറു മാസത്തേക്ക് ആണവ പദ്ധതികള്‍ നിര്‍ത്തിവയ്ക്കാനാണ് ധാരണ. ഇതോടെ ഇറാനെതിരെ ഐക്യരാഷ്ട്രസഭയും പാശ്ചാത്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തില്‍ ഉടന്‍ തന്നെ അയവു വരുത്തിയേക്കും.
ജെയിനെവയില്‍ നാല് ദിവസമായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ആണവപദ്ധതികള്‍ നിയന്ത്രിക്കാന്‍ തീരുമാനമായത്. ഇറാനും ആറ് വന്‍ ശക്തി രാജ്യങ്ങളുമാണ് ജെയിനെവയിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇറാന് വിദേശ കാര്യ മന്ത്രി മുഹമ്മദ് ജാവേദ് സാരിഫ് ട്വിറ്ററിലൂടെയാണ് ധാരണയിലെത്തിയ വിവരം ലോകത്തെ അറിയിച്ചത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലൂറെന്റ് ഫാബിയസ് ഇറാന് വിദേശകാര്യ മന്ത്രിയുടെ ട്വീറ്റിനെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനെതിരായ ഉപരോധങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇളവ് പ്രഖ്യാപിക്കുമെന്നും പകരം യുറേനിയം സമ്പുഷ്ടീകരിക്കുന്നത് ഇറാന് വെട്ടിച്ചുരുക്കുമെന്നും ധാരണയില്‍ പറയുന്നു. ആറു മാസത്തിനിടയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി സ്വീകാര്യമായ ഒരു ധാരണയില്‍ എത്താനാണ് പദ്ധതി.
ആണവപദ്ധതി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വാഗതം ചെയ്തു. ആണവ പദ്ധതികള്‍ നിര്‍ത്തിവെപ്പിക്കാന്‍ ധാരണയുണ്ടാക്കാന്‍ കഴിഞ്ഞത് ഇറാനുമായുള്ള സഹകരണത്തിന്റെ പ്രഥമ ചുവടുവെപ്പാണെന്നും അണുബോംബ് നിര്‍മിക്കാനുള്ള ഇറാന്റെ വഴിയാണ് ഇതോടെ അടഞ്ഞിരിക്കുന്നതെന്നും ഒബാമ മാദ്ധ്യമങ്ങളോട് പറഞ്ഞു. അനാവശ്യ പ്രതിസന്ധികള്‍ ഒഴിവാക്കാനും പുതിയ ചക്രവാളം തുറക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സാരിഫ് പറഞ്ഞു.
അതേസമയം, രൂക്ഷഭാഷയിലാണ് ഇസ്രയേല്‍ പ്രതികരിച്ചത്. അന്താരാഷ്ട്ര സമൂഹം ഇറാന് അധികം വിട്ടുവീഴ്ച ചെയ്യുകയാണെന്നും ഭാവിയില്‍ ഇറാന് ആണവായുധം നിര്‍മിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും ഇസ്രയേല്‍ രഹസ്യാന്വേഷണ മന്ത്രി യുവാല്‍ സ്റ്റെയിനിറ്റ്സ് പറഞ്ഞു.
പത്തു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇറാന് ആണവ പദ്ധതികള്‍ താത്കാലികമായി മരവിപ്പിക്കുന്നത്. അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ആണവ പദ്ധതികളില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ക്ക് ഉത്തേജനം പകരാന്‍ യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ജെയിനെവയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതോടെയാണ് നാല് ദിവസത്തെ ചര്‍ച്ചകള്‍ ഇടക്കാല ഉടമ്പടിക്ക് വഴിയൊരുക്കുക്കിയത്.
ആണവ പദ്ധതിയില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജെയിനെവയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചത്. ഐക്യരാഷ്ട്രസഭയും പാശ്ചാത്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തില്‍ അയവ് വരുത്തുന്നത് അടക്കമുള്ള വാഗ്ദാനങ്ങള്‍ നയതന്ത്ര പ്രതിനിധികള്‍ മുന്നോട്ടുവച്ചിരുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണമായിരുന്നു ഇതുവരെ ചര്‍ച്ചയ്ക്ക് വിലങ്ങുതടിയായി നിന്നിരുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തെ ആണവായുധ നിര്‍മാണത്തിന് ഇറാന് ഉപയോഗിക്കുമെന്ന ആശങ്ക നേരത്തെ തന്നെ അമേരിക്കയും ഇസ്രയേലും പങ്കു വച്ചിരുന്നതാണ്. എന്നാല്‍ രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജാവശ്യം നിറവേറ്റാനാണ് യുറേനിയം സമ്പുഷ്ടീകരണം എന്നാണ് ഇറാന്റെ നിലപാട്. അഹമ്മദി നെജാദ് പ്രസിഡന്റായിരിക്കെ ആണവ വിഷയത്തില്‍ ഇറാന് ലോകരാജ്യങ്ങളുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. എന്നാല്‍ ഇറാനില്‍ ഹസന് റൂഹാനി അധികാരത്തിലെത്തിയതോടെ നിലപാട് മാറി. ചര്‍ച്ചകള്‍ക്ക് നടത്താന്‍ ഇറാന് സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു.
കടുത്ത വെല്ലുവിളികള്‍ക്കിടെയാണ് ആണവ വിഷയത്തില്‍ ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത്. ആദ്യഘട്ട കൂടിയാലോചനക്ക് ശേഷം ആണവായുധങ്ങള്‍ കൈവശം വെക്കുന്നതിനും വികസിപ്പിക്കുന്നതിനും എതിരായ കരാറില്‍ ഇറാന് ഒപ്പുവച്ചിരുന്നു. ഒപ്പം ഇറാനിലെ ആണവ പദ്ധതിയിടങ്ങളില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് അനുമതിയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: