വയല്‍ക്കരയിലുളള ഒരു കുന്ന്
പുലര്‍ച്ചക്ക് കാണാതായി.
മഴയും വെയിലും എവിടെയെല്ലാം തിരഞ്ഞു!
പന്തലംകുന്ന്, പൂത്രക്കുന്ന്, പുളിയാറക്കുന്ന്, പറക്കുന്ന്,
ചോലക്കുന്ന്, ചന്തക്കുന്ന്, കരിമ്പനക്കുന്ന്…
പേര് വിളിക്കുമ്പോള്‍ വരിവരിയായിവന്ന്
ലോറിയില്‍ കയറണം.
പറഞ്ഞ സ്ഥലത്ത് ഇറക്കണം.
നിരപ്പാക്കിയ തലയില്‍ എട്ടുവരിപ്പാത
ചുമന്ന് നിന്നുകൊളളണം.
തലക്കുമീതെ കാലം ‘ശൂം’ ന്ന് പായും
അനങ്ങരുത് ! ‘
(കാറ്റേ കടലേ – പി.പി. രാമചന്ദ്രന്‍)
കവി പറയുന്നപോലെ ഇപ്പോള്‍ കുന്നുകളെല്ലാം റോഡുപണിക്ക് പോവുന്നു, പാടം നികത്താന്‍ പോവുന്നു കരയുന്ന വീടുകളെ ഉറക്കിക്കിടത്തിക്കൊണ്ട്. കേരളത്തിലെ കുന്നുകള്‍ക്കിത് മരണകാലമാണ്. മലയാളനാട്ടിലെ പാടശേഖരങ്ങള്‍ക്കും ബലിഷ്ഠരായി അതികായരായി കാവല്‍നിന്ന കുന്നുകള്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെടുന്നു. പണ്ട് ഗ്രാമാന്തരങ്ങളില്‍ കാല്പനികസൗന്ദര്യം നിറച്ചുനിന്ന കണ്ണാന്തളികുന്നുകളെല്ലാം ഇന്ന് ഗ്രാമീണ ഭൂപടങ്ങളില്‍നിന്നും മാഞ്ഞുപോയിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം ആയിരക്കണക്കിന് കുന്നുകളാണ് കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ കല്ലും മണ്ണുമായി നാടുനീങ്ങിയത്. മലയാള സാഹിത്യഭൂപടത്തിലും ഗ്രാമീണപുരാവൃത്തങ്ങളിലും തലയുയര്‍ത്തിനിന്ന കുന്നുകള്‍ പുതിയ തലമുറയ്‌ക്ക് കാണണമെങ്കില്‍ ഇനി പഴയ നോവലുകളിലേയ്‌ക്ക് കയറിപ്പോവുകയേ നിര്‍വ്വാഹമുളളൂ. വയലാറും ഇടശ്ശേരിയും ചങ്ങമ്പുഴയും പി.യുമെല്ലാം ഈ കുന്നുകളില്‍നിന്ന് ദൃശ്യമായപ്രകൃതിയെക്കുറിച്ച് വാതോരാതെപാടി. വളളുവനാടന്‍ കുന്നുകളുടെ വശ്യസൗന്ദര്യത്തെക്കുറിച്ച് എം.ടി. തന്റെ സാഹിത്യ സാമ്രാജ്യത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
‘നിരത്തില്‍നിന്നും വീണ്ടും പാടത്തേക്കിറങ്ങി. അവിടെനിന്ന് ഇടവഴി കയറി കുറെ നടന്നപ്പോള്‍ കുന്നിന്‍ചെരുവിലെത്തി. എങ്ങോട്ടാണീ നടത്തമെന്ന് ആലോചിച്ചില്ല. അവസാനം ചെന്നെത്തിയത് നരമാളന്‍ കുന്നിന്റെ ചെരുവിലാണ്. അപ്പോള്‍ അവന് ഓര്‍മ്മ വന്നു. വീട്ടില്‍ നിന്നിറങ്ങിപ്പോന്ന ആ പ്രഭാതത്തിലും വന്നിരുന്നത് ഇവിടെയാണ്. സെയ്താലിക്കുട്ടിയെ ഇവിടെവെച്ച് കണ്ടു. കുന്നിന്‍പുറത്ത് കരിഞ്ഞുണങ്ങിയ പുല്‍പ്പരപ്പുമാത്രം കാണാം. ഇളവെയില്‍ പരക്കുന്നു…
തുറിച്ചു നില്‍ക്കുന്ന ആ പാറക്കെട്ട് അപ്പോഴും പഴയപടിതന്നെയുണ്ട്. അപ്പുണ്ണി അതിന്റെ മുകളിലിരുന്നു. ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്ന ആ പ്രഭാതത്തില്‍ പാറക്കെട്ടിന്റെ മുകളില്‍ വന്നിരുന്നത്. അതെ, രണ്ടു കൊല്ലം മുമ്പാണ്, അന്ന് കുന്നിന്‍പുറം നിറച്ചും കണ്ണാന്തളികള്‍ ഉണ്ടായിരുന്നു.’ (നാലുകെട്ട്, എം.ടി.)
പണ്ട് കുന്നുകയറിപ്പോയ മഹാരഥന്മാര്‍ പുതിയ ദര്‍ശനങ്ങളുടെ വഴിച്ചൂട്ടുമായാണ് കുന്നിറങ്ങി വന്നത്. സായന്തനങ്ങളിലെ കാറ്റ് കുന്നിനോട് മൊഴിഞ്ഞ കഥകള്‍ കേട്ട് പ്രകൃതിസ്‌നേഹികളും സാഹിത്യകുതുകികളും അസ്തമയങ്ങള്‍ ആസ്വദിച്ചിരുന്നത് ഈ കുന്നുകളില്‍ നിന്നായിരുന്നു. ദൂരെ നൂലുപോലെ ഒഴുകുന്ന പുഴയും പാടങ്ങളും സമൃദ്ധമായ കാഴ്ചകളായിരുന്നു. കന്നുകളെയും പൈക്കളെയും മേച്ചുനടന്നിരുന്ന കരുമാടിക്കുട്ടന്മാര്‍ക്ക് കല്ലെറിയാനായി ഇവിടെ ഫലം തിങ്ങിയ ഞാവല്‍മരങ്ങളും നാട്ടുമാവുകളുമുണ്ടായിരുന്നു. ഓണത്തിന് പൂവ് തേടിയിറങ്ങുന്ന കുരുന്നുകള്‍ക്ക് തല കുമ്പിട്ടുകൊടുക്കുന്ന തുമ്പയും കണ്ണാന്തളിയും ഇവിടെ തിങ്ങിനിറഞ്ഞിരുന്നത് ഈ കുരുന്നുകള്‍ വലിയവരായപ്പോഴും ഓര്‍മ്മയില്‍ കെടാതെ സൂക്ഷിക്കുന്നുണ്ട്.
‘കുന്നിന്‍ചെരുവിലെ തെച്ചിക്കാടുകള്‍ക്കിടയിലാണ് മുളളംചെടികള്‍ വളര്‍ന്നിരുന്നത്. കുറ്റിച്ചെടികളാണത്. ഓണക്കാലമാവുമ്പോഴേയ്‌ക്കും മുളളുചെടികളില്‍ കായ്കള്‍ നിറയും. തെച്ചിപ്പഴത്തിന്റെ വലിപ്പമാണ് മുളളുംപഴത്തിനും. പച്ചക്കായക്ക് പുളിയാണ്. രസമുളള പുളിയും ഞങ്ങള്‍ക്കിഷ്ടമായിരുന്നു. നന്നായിപഴുത്താല്‍ കറുത്തനിറമാവും. നല്ല മധുരമാണ്. ചെറുപഴങ്ങളില്‍ പ്രിയപ്പെട്ടത് മുളളുംപഴമാണ്.
തൊരടിയെന്നൊരു ചെടിയുണ്ട്. അടുത്തുകൂടിപോയാല്‍ മതി മുള്ളുകൊളുത്തി വലിയ്‌ക്കും. തൊരടിമുള്‍ക്കാട് അതിരിലുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട. ഒരു ജീവിയും അതിരുകടക്കില്ല. എന്നാല്‍ തൊരടിക്കായ്കള്‍ മൂക്കുമ്പോള്‍ മുളളുകൊണ്ട് വേദനിച്ചാലും അത് പറിച്ചെടുക്കാന്‍ പോകും. ചെറിയ പഴമാണ് തൊരടിയിടേത് പക്ഷേ, നല്ല സ്വാദാണ്…’ (ഞാറപ്പഴങ്ങള്‍ – പി. സുരേന്ദ്രന്‍)
കൃഷിയെ ആശ്രയിച്ചു ജീവിച്ച പഴയ നാട്ടുപ്രദേശങ്ങളിലെ കൈത്തോടുകളിലും പാടശേഖരങ്ങളിലും കിണറുകളിലും ഈ കുന്നുകളില്‍നിന്ന് ഉറഞ്ഞൊഴുകിയ വെളളം നിറഞ്ഞ് ഇവിടത്തുകാര്‍ക്ക് കുടിവെളളത്തിനും കൃഷിയ്‌ക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അക്കാലത്ത് വരള്‍ച്ചയും ഇവര്‍ക്ക് അന്യമായിരുന്നു. കുന്നിന്റെ അടിവാരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും ജലക്ഷാമം അനുഭവപ്പെട്ടിരുന്നില്ലെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കുന്നുകളില്‍നിന്നും ചവറടിച്ച് കൃഷിയിടം കാച്ചി വിഷുവിന് വിത്തിട്ടിരുന്നത് ഇന്നും ഇവിടുത്തെ പഴയ കര്‍ഷകരുടെ മനസ്സിലുണ്ട്. ഔഷധസസ്യങ്ങളുടെ കലവറയായിരുന്നു കുന്നുകള്‍. വീട്ടിലാര്‍ക്കെങ്കിലും അസുഖം വന്നാല്‍ ഔഷധസസ്യങ്ങള്‍തേടി കുന്നുകള്‍ കയറുന്ന മുത്തശ്ശിമാരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പഴയ സ്മൃതികളുടെ മടിശ്ശീലയഴിച്ച് ഇപ്പോഴും പഴമക്കാര്‍ ഈ കുന്നുകളെ നമിക്കുന്നു.
കണ്‍മുമ്പിലുളളതെല്ലാം ഇടിച്ചുനിരപ്പാക്കി വികസനം വരുത്താനുളള ത്വരയിലാണ് ഇന്ന് കേരളീയര്‍. പുത്തന്‍ പരിഷ്‌ക്കാരങ്ങളുടെ ഘോഷയാത്രയില്‍ മലയാളി മറന്നുപോകുന്നത് നമ്മുടെ തനത് സംസ്‌കൃതിയെയാണ്. കേരളത്തിലെ ഒരു പഞ്ചായത്തില്‍ ശരാശരി 25 കുന്നുകളെങ്കിലും മുഴുവനായോ ഭാഗികമായോ ഇടിച്ചുനിരത്തപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. കുന്നുകളുടെ നീരൊഴുക്കിനെ അടിസ്ഥാനമാക്കിയുളള നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതികളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
പ്രകൃതിയുടെ തലയെടുപ്പുകളും പച്ചപ്പുകളും തകര്‍ത്ത് മനുഷ്യന്റെ ആര്‍ത്തി വളരുകയാണ്. നിയമാനുസൃതവും അല്ലാതെയുമുളള മണ്ണെടുപ്പ് സംസ്ഥാനത്ത് വ്യാപകമാണ്. കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ തീര്‍ക്കാനുളള വ്യഗ്രതയില്‍ നമുക്ക് നഷ്ടമാവുന്നത് ഭൂമിയുടെ നിനവും നിറവുമാണ്. കുന്നുകളെ കൊന്നൊടുക്കുമ്പോള്‍ കൃഷിയിടങ്ങള്‍ നികത്തപ്പെടുന്നു. കുന്നുകളിലെ നീരുറവ നില്‍ക്കുകയും പാടങ്ങള്‍ തരിശിടപ്പെടുകയും ചെയ്യുന്നു. വെറുതെ ഒരു പുറംയാത്രയ്‌ക്കിറങ്ങിയാല്‍പോലും മനുഷ്യന്‍ പ്രകൃതിക്കേല്പിച്ച മുറിപ്പാടുപോലെ പാതി മണ്ണുമാന്തി ചോരയൊലിപ്പിച്ചു നില്ക്കുന്ന കുന്നുകളെ യഥേഷ്ടം നമുക്ക് കാണാനാവും. പാലക്കാട്, കാസര്‍കോഡ്, മലപ്പുറം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കുന്നുകള്‍ ഉണ്ടായിരുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നാണ് കൂടുതല്‍ കുന്നുകള്‍ തകര്‍ക്കപ്പെട്ടിട്ടുമുളളത്. കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയില്‍ 40% ത്തോളം കൃഷിഭൂമി നികത്തപ്പെടുകയോ തരിശിടപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
അനിയന്ത്രിതമായ കുന്നിടിക്കല്‍ പ്രാദേശിക പരിസ്ഥിതി സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും വരള്‍ച്ചക്ക് കാരണമാവുമെന്നും പ്രത്യേകം പറയേണ്ടതില്ല. ജലസംഭരണ കേന്ദ്രങ്ങളായ പാടശേഖരങ്ങള്‍, കായല്‍ പ്രദേശങ്ങള്‍ എന്നിവ നികത്തപ്പെടുന്നതുകൊണ്ട് കാര്‍ഷികമേഖലയുടെ തകര്‍ച്ചക്കുതന്നെ ഭാവിയില്‍ കാരണമായേയ്‌ക്കുമെന്നും ഹൈഡ്രോളജിസ്റ്റുകളും പരിസ്ഥിതി ശാസ്ത്രജ്ഞരും പറയുന്നു. മാത്രമല്ല, കുന്നിടിക്കല്‍ ചെറിയ തോതിലെങ്കിലും ഭൂചലനസാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭാവിയില്‍ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെയും കാലാവസ്ഥയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
കുന്നുകള്‍ ഇടിച്ച് നിരപ്പാക്കി പാടങ്ങള്‍ മണ്ണിട്ട് നികത്തി ഉയര്‍ന്ന വിലയ്‌ക്ക് വില്ക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കേരളത്തില്‍ സജീവമായതോടുകൂടിയാണ് കേരളത്തിലെ കുന്നുകള്‍ക്ക് കഷ്ടകാലം തുടങ്ങിയത്. കുന്നുകളും പാടങ്ങളും തുച്ഛവിലയ്‌ക്ക് വാങ്ങുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കുന്നിടിച്ച് പാടം നികത്തി പ്‌ളോട്ടുകളാക്കിത്തിരിച്ച് ഉയര്‍ന്നവിലയ്‌ക്ക് വില്ക്കുന്നു. ഇങ്ങനെ നികത്തിയ പ്‌ളോട്ടുകളില്‍ ഹൗസിങ്ങ് കോളനികള്‍ നിര്‍മ്മിച്ച് വില്ക്കുന്ന വന്‍കിട കരാറുകാരും കമ്പനികളും കേരളത്തില്‍ ഇന്ന് സജീവമാണ്. മുമ്പ് നഗരങ്ങളോടടുത്ത് കിടക്കുന്ന സ്ഥലങ്ങള്‍ക്കാണ് ഈ ദുര്യോഗമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗ്രാമങ്ങളിലേക്കും പാടശേഖരങ്ങളിലേക്കും ഇവരുടെ കരാളഹസ്തങ്ങള്‍ നീണ്ടു. കുന്നിടിക്കാനുളള അനുവാദവും പാടം നികത്താനുളള സൗകര്യങ്ങളും ചുളിവില്‍ അവര്‍ കൈക്കലാക്കുകയാണ്. ഈ പരിസ്ഥിതി നാശത്തിനെതിരെ പരിസ്ഥിതി സാംസ്‌ക്കാരിക സംഘടനകളുടെ സംഘടിതമായ പ്രതിരോധങ്ങള്‍ ശക്തമാവാത്തതും ഈ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് അനുഗ്രഹമാവുന്നു. പ്രതിരോധിക്കുന്നവരെ നിലംപരിശാക്കാനും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും രാഷ്‌ട്രീയ കേന്ദ്രങ്ങളിലും ശക്തമായ സ്വാധീനം ചെലുത്താനും ഇവര്‍ക്ക് കഴിയുന്നു. പണാധിപത്യത്തിന് പ്രാമുഖ്യമുളള പുതിയകാലത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും തളര്‍ന്നുപോകുന്നു.
ഇങ്ങനെപോയാല്‍ പാടങ്ങള്‍ക്കു പകരം കോണ്‍ക്രീറ്റ് കാടുകള്‍ കാണേണ്ട ഗതികേടിലേക്കാണ് മലയാളി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കേരളക്കരയില്‍ പണ്ട് കുന്നുകളുണ്ടായിരുന്നെന്ന് പുതിയ തലമുറയെ കാണിക്കാന്‍ പഴയ ഫോട്ടോകളോ സിനിമകളോ ഡോക്യുമെന്ററികളോ നാം കരുതിവെയ്‌ക്കുക.
കല്ലും മണ്ണുമായി പുഴ കടക്കുന്നത് ഈ ഭൂമിയുടെ രക്തധമനികളാണെന്ന് ഇവരറിയുന്നില്ല. മനുഷ്യന്റെ കരാളഹസ്തങ്ങള്‍ കാര്‍ന്നു തിന്നുതീര്‍ത്ത കുന്നുകള്‍ കാലത്തെ അതിജീവിക്കാനാവാതെ മണ്ണടിയുകയാണിപ്പോള്‍. കഥകളിലും ഭാവിയില്‍ ഉണ്ടായേക്കാവുന്ന നോവലുകളിലും ഗ്രാമീണപുരാവൃത്തങ്ങളിലും കാലത്തിനും കര്‍മ്മങ്ങള്‍ക്ക് സാക്ഷിയായി ഗ്രാമങ്ങള്‍ക്കതിരിട്ട് കാവല്‍ക്കാരെപോലെ നിവര്‍ന്നുനിന്ന കുന്നുകള്‍ക്ക് ചരമഗീതം പാടി ശ്രാദ്ധമൂട്ടേണ്ട ഗതികേടിലേയ്‌ക്ക് നാം എത്തിയിരിക്കുന്നു. പാരിസ്ഥിതിക ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ അവശേഷിക്കുന്ന കുന്നുകളെങ്കിലും സംരക്ഷിക്കാന്‍ ശക്തമായ നടപടികളുണ്ടാവണമെന്ന് പരിസ്ഥിതിവാദികളും പ്രകൃതിസ്‌നേഹികളും ഒരുപോലെ ആഗ്രഹിക്കുന്നു. കിട്ടുന്നതെല്ലാം പങ്കിട്ടെടുക്കുന്ന മലയാളി ഇവിടുത്തെ മണ്ണിനും ജലത്തിനും വായുവിനും എല്ലാം വിലപറയുമ്പോള്‍ ഈ കെട്ടകാലത്തിന്റെ സങ്കടങ്ങള്‍ ഏറ്റുവാങ്ങി ചരിത്രത്തിന്റെ നിലവറയിലേക്ക് പടിയിറക്കാനാവും കുന്നുകളുടെ നിയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക