‘ഹരിതഭംഗിയില്‍ മുങ്ങിനില്‍ക്കുമീ
പ്രണയസുന്ദരി കേരളം
കായലോരവും കേരവൃക്ഷവും
ചാരുതയേകുമെന്‍ കേരളം’
സഹ്യന്റെ മകളായ ഈ മലയാളനാടിനെക്കുറിച്ചുള്ള കാവ്യകല്പനയാണിത്. തുഞ്ചന്റെ പൈങ്കിളിക്കും കുട്ടനാടിന്റെ വയല്വരമ്പുകള്ക്കും മീനച്ചിലാറിന്റെ തീരങ്ങള്‍ക്കും കാണപ്പെട്ട ഹരിതാഭമായ സമാനത, കൈരളിയുടെ സാംസ്കാരികവും പാരിസ്ഥിതികവുമായ ഏകതയെ സൂചിപ്പിക്കുന്നു. മലനാടായും ഇടനാടായും തീരദേശമായും കിടക്കുന്ന ഈ സുന്ദരഭൂമിയിലേക്ക് സഞ്ചാരികള്‍ ആര്‍ത്തുവരുന്നത് മനോഹരമായ ഇവിടുത്തെ ഭൂപ്രകൃതി ആസ്വദിക്കുവാനാണ്. നിളയുടെ നൃത്തംകണ്ടാനന്ദിച്ചവരും, പെരിയാറിന്റെ തീരങ്ങളെ മോഹിച്ചവരും, വേമ്പനാടിന്റെ കായലോളങ്ങളില്‍ ഒഴുകിനടന്നവരും ഒരുമിച്ചുപറയുന്നു.. ‘ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്’. പ്രസിദ്ധരായ രാഷ്ട്രീയനേതാക്കളുടെ പേരിലോ, സാഹിത്യനായകന്മാരുടെ പേരിലോ, ബുദ്ധിജീവികളുടെ പേരിലോ അല്ല കേരളം ലോകത്തിന്റെ ശ്രദ്ധനേടിയത്. മറിച്ച് ഇവിടുത്തെ പ്രകൃതിയുടെ ആകര്‍ഷണീയതയാണ് ഈ നാടിന് ലോകഭൂപടത്തില്‍ സ്ഥാനംനല്‍കിയത്. എന്നാല്‍ ദൈവം അനുഗ്രഹിച്ചു നല്കിയ പ്രകൃതിയുടെ പേരിലാണ് കഴിഞ്ഞ കുറച്ച്ദിവസങ്ങളായി കേരളത്തില്‍ ചര്‍ച്ചകളും സമരങ്ങളും നടക്കുന്നത്. പ്രകൃതിക്കുവേണ്ടിയുള്ള ചര്‍ച്ചകളും സംവാദങ്ങളും നല്ലതുതന്നെ. പക്ഷേ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിവേചനരാഷ്ട്രീയം പ്രകൃതിസംരക്ഷണരംഗത്തേക്ക് കടന്നുചെന്നാല്‍ എന്താണ് സംഭവിക്കുക?
പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പഠനം നടത്തിയ കസ്തൂരിരംഗന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചപ്പോള്‍ കേരളം കലാപഭൂമിയായി. അതുവരെ അരമനയിലും നിരക്ഷരര്‍ക്കിടയിലും മാത്രം ദൈവശുശ്രൂഷ നടത്തിയിരുന്ന ശാന്തരൂപ വേഷങ്ങള്‍ രൗദ്രരൂപികളായതും, അദ്ധ്വാനിക്കുന്നവന്റെയും കൂലിപ്പണിക്കാരന്റെയും പ്രസ്ഥാനങ്ങള്‍ പാറമടമുതലാളിമാരുടെയും കരിങ്കല്ക്വാറികളുടെയും ക്വട്ടേഷന്‍ സ്വീകരിച്ചതും മലയാളികള്‍ക്ക് കാണേണ്ടിവന്നു. കോഴിക്കോടും, ഇടുക്കിയിലും, വയനാട്ടിലും സായുധസമരങ്ങള്‍ക്ക് നേതൃത്വംനല്‍കിയത് തിരുസഭയുടെ മേധാവികളാണെന്നതും, അവരുടെ ആജ്ഞാനുവര്‍ത്തികളായത് ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട രാഷ്ട്രീയക്കാരാണെന്നതും വിചിത്രകരമാണ്. പരിസ്ഥിതിദുര്‍ബ്ബല പ്രദേശങ്ങളില്‍ കരിങ്കല്‍ക്വാറികള്‍ക്കും പാറമടകള്‍ക്കും മണല്‍ഖനനത്തിനും നിയന്ത്രണം ഏര്പ്പെടുത്തുമ്പോഴെന്തിനാണ് കേരളത്തിലെ പ്രതിപക്ഷം ഹര്‍ത്താലും കല്ലേറും നടത്തിയത്? ദൈവവിളി നടപ്പാക്കേണ്ടവര്‍ ആരാധനാലയങ്ങളടച്ചുപൂട്ടി നടുറോഡിലക്രമം നടത്തിയത്? ഇരുപതിനായിരം ചതുരശ്ര അടിയില്‍ കുറയാത്ത കെട്ടിടങ്ങള്‍ക്കും, സമ്പന്നര്‍ മാത്രം സന്ദര്‍ശിക്കുന്ന ബഹുനില ഷോപ്പിംഗ്മാളുകള്ക്കും വേണ്ടിയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇടതുപക്ഷം എതിര്‍ത്തതെങ്കില്‍, ഇവര്‍തന്നെയല്ലേ ഒരുവര്ഷംമുന്പ് കൊച്ചിയിലെ ലുലു മാളിനെതിരെ ശബ്ദമുയര്‍ത്തിയത്? കേരളത്തില്‍ പശ്ചിമഘട്ടത്തിന്റെ പേരില്‍ സമരങ്ങള്‍ നടക്കുമ്പോഴും, അവയ്ക്ക് സ്വന്തം സമുദായനേതൃത്വം പിന്തുണനല്കുമ്പോഴും ദില്ലിയിലെത്തിയ താമരശേരിയിലെ സഭാമേധാവി, യുപിഎ അധ്യക്ഷയോട് ചര്ച്ചനടത്തുന്നതിനുമുന്പ് സ്വന്തം സമുദായാംഗങ്ങളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടാതിരുന്നതും ശ്രദ്ധേയമാണ്. കൂടാതെ സമരങ്ങളുടെ മറവില്‍ ആയുധപരിശീലനംനേടിയ തീവ്രവാദികള്‍ തങ്ങളുടെ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം നടപ്പാക്കാന്‍ ശ്രമിച്ചതും നമ്മെ ചിലകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇവിടുത്തെ രാജ്യദ്രോഹ പ്രസ്ഥാനങ്ങളിലും, സഭാവിശ്വാസികളുടെ അരമനയിലും, രാഷ്ട്രീയപ്രസ്ഥാനങ്ങളിലും കരിങ്കല്ക്വാറിയുടമകള്ക്കും ഭൂമാഫിയകള്ക്കുമുള്ള സ്വാധീനം ഭയപ്പെടുത്തുന്നതാണ്. അവരുടെ ഒരു ആഹ്വാനത്തിന് മുമ്പില്‍ മതവും രാഷ്ട്രീയവും എല്ലാംമറന്ന് മുന്നോട്ടുവന്നുവെങ്കില് ഇത് സാംസ്കാരികകേരളത്തിന് അപമാനമാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഹര്‍ത്താലും സമരങ്ങളും നടന്ന് രണ്ടാംനാള്‍ കേരളത്തിന്റെ ഹരിതപൈതൃകത്തെ തകര്‍ക്കുന്ന മറ്റൊരു പ്രഖ്യാപനമുണ്ടായി. കൈരളിയുടെ ഗ്രാമഭംഗിക്ക് കാവല്നില്ക്കുന്ന ആറന്മുളയിലെ കര്‍ഷകരുടെ നെല്പാടങ്ങളും പ്രകൃതിയും നശിപ്പിച്ചുകൊണ്ടുള്ള സ്വകാര്യവിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നു. തിരുവാറന്മുളയപ്പന്റെ സ്വര്‍ണ്ണകൊടിമരവും, ഉത്രട്ടാതി ജലോത്സവവും, ആറന്മുളക്കണ്ണാടിയും, പച്ചപുതച്ച നെല്‍പ്പാടവും കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നുവെങ്കില്‍, ആറന്മുളയിലെ സാധാരണക്കാര്‍ക്ക് അത് ഉപജീവനത്തിന്റെയും കാര്‍ഷികവൃത്തിയുടെയും ഭാഗമാണ്. കര്‍ഷകന്റെ കുടുംബത്തെ തീരാദുരന്തത്തിലേക്ക് കൈപിടിച്ചുനടത്താന്‍ വയല്‍നികത്തി വിമാനത്താവളം നിര്‍മ്മിക്കുമ്പോള്‍, വയല്‍നികത്തലിനെതിരെ കൊടികുത്തി നടക്കുന്ന വിപ്ലവപ്രസ്ഥാനങ്ങള്‍ മൗനത്തിലാണ്. പാടങ്ങള്‍ മണ്ണിട്ടുനികത്തി കര്‍ഷകന്റെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മുകളില്‍ സ്വകാര്യസ്ഥാപനം വിമാനത്താവളം നിര്‍മ്മിക്കുമ്പോള്‍ അതിലേക്ക് സംസ്ഥാനസര്‍ക്കാര്‍ അമ്പതുകോടി രൂപ പ്രാരംഭനിക്ഷേപം നടത്തിയെങ്കില്‍, പ്രതിപക്ഷം അത് കണ്ടില്ലെന്നുനടിച്ചുവെങ്കില്, കോഴിക്കോട്ടും ഇടുക്കിയിലും പശ്ചിമഘട്ടത്തിന്റെ പേരില്‍ തെരുവിലിറങ്ങിയ തിരുസഭ ആറന്മുളയില് കണ്ണടച്ചുവെങ്കില്.. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ആറന്മുള വിമാനത്താവളവും മലയാളിയെ ചിലത് ഓര്‍മ്മപ്പെടുത്തുകയാണ്. ഇവരാരും കര്‍ഷകരുടെയും സാധാരണക്കാരുടെയും ആപത്ബാന്ധവരല്ല, മറിച്ച് ക്വാറി ഉടമകളുടെയും ഭൂമാഫിയയുടെയും കുത്തകക്കമ്പനികളുടെയും കൂലിത്തല്ലുകാരാണ്.
അനീഷ് കുറുവട്ടൂര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: