കൊച്ചി: തുരുത്തിപ്പുറം കോര്‍പ്പറേറ്റീവ് സൊസൈറ്റി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പുത്തന്‍വേലിക്കര സ്വദേശിയായ ടി.എന്‍ രാജന് നിഷേധിക്കപ്പെട്ടത് ഭാര്യയുടെ പേരില്‍ അതേ ബാങ്കില്‍തന്നെ കുടിശ്ശിക ഉണ്ടെന്ന കാരണത്താലാണ്. കാക്കനാട് ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന് സിറ്റിംഗില്‍ രാജന്റെ പരാതിക്ക് അനുകൂല നടപടിയായി. കോ-ഓപ്പറേറ്റീവ് ട്രൈബ്യൂണലില്‍ പരാതി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കമ്മിഷന് ചെയര്മാന് പി.എന്‍.വിജയകുമാര്‍ അനുകൂലമായ നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്കി.
തെളിവെടുപ്പില്‍ പത്ത് പരാതികളാണ് പരിഗണിച്ചിരുന്നത് പുതുതായി 13 പരാതിയും ലഭിച്ചു. പരാതികളെല്ലാം തന്നെ ഗൗരവമര്‍ഹിക്കുന്നതാണെന്നും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിചാരണ ചെയ്ത് തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമാണങ്ങള്‍ വ്യാജമായി ചമച്ച് ബാങ്ക് ലോണ്‍ എടുക്കുകയും സിവില്‍ കോടതിയുടെ സഹായമില്ലാതെ ജപ്തി ചെയ്യുകയും ചെയ്തിട്ടുള്ളതാണ് ലഭിച്ച പരാതികളിലേറെയും. വ്യാജപ്രമാണം ചമക്കല്‍, വിശ്വാസ വഞ്ചന, ചതി എന്നീ വകുപ്പുകളാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കേസുകളില്‍ വിചാരണ നടക്കുന്നതായതിനാല്‍ കമ്മീഷനു മുന്പില് തെളിവെടുപ്പ് നടന്നില്ല.
കാക്കനാട് നിലംപതിഞ്ഞിമുകള്‍ കോളനിയില്‍ താമസക്കാരനായ പൂക്കോട്ടില് ബാബുവിന്റെ ആറു സെന്റ് ഭൂമി മകളുടെ വിവാഹാവശ്യത്തിനായി ബാങ്ക് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ കബളിപ്പിച്ചെന്ന പരാതിയിലും കമ്മീഷന് തെളിവെടുപ്പ് നടത്തി.അത്യാവശ്യഘട്ടങ്ങളില്‍ പണം ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഭൂവുടമകള്‍ക്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് രേഖകള്‍ കൈക്കലാക്കുകയും ഉയര്‍ന്ന തുകയ്ക്ക് ലോണ്‍ തരപ്പെടുത്തി ഭൂവുടമയ്ക്ക് തുച്ഛമായ പണം നല്‍കുകയും ചെയ്യും. ഇത്തരത്തില്‍ പണയക്കരാറില്‍ അകപ്പെട്ട ഭൂമികള്‍ ബാങ്ക് ജപ്തി ചെയ്യുകയും ഭൂവുടമയ്ക്ക് ഭൂമി നഷ്ടപ്പെടുകയും ചെയ്യും.
ഇത്തരത്തില്‍ ചതിയില്‍പ്പെട്ടവരുടെ പരാതികളായിരുന്നു സിറ്റിംഗിലേറെയും. കേടതി ഉത്തരവു കാത്തിരിക്കാതെ ബാങ്കിനു തന്നെ ജപ്തി നടപടികളേറ്റെടുത്തു നടത്താവുന്നതാണെങ്കിലും ഇത്തരം വിഭാഗങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ അവബോധമോ നിയമ വശങ്ങളോ അറിയില്ലാത്തത് മുതലെടുക്കുന്നതായാണ് പരാതി. തെളിവെടുപ്പില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ആര്. സഞ്ജീവ്, ജില്ല പട്ടികജാതി വികസന ഓഫീസര്‍ ടോമി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫോര്‍ട്ടുകൊച്ചിയില്‍
മട്ടാഞ്ചേരി: അഖിലകേരള ഇന്റര്‍സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫോര്‍ട്ടുകൊച്ചിയില്‍ നടക്കും. വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 24-ാമത് പി.എല്‍.ലോറന്‍സ് സ്മാരകട്രോഫി ചാമ്പ്യന്‍ഷിപ്പ് ജനുവരി 6 ന് തുടങ്ങും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് 16-ഓളം വനിത-പുരുഷ ടീമുകള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2215288, 2216090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: