പാലാ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകദ്രോഹ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയേ കേരളത്തില്‍ നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലായില്‍ ദേശീയപാത നിലവാരത്തില്‍ പുതുതായി നിര്‍മ്മിച്ച നാലുവരി ബൈപാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന് റിപ്പോര്ട്ടിന്മേല് കേരളത്തിലെ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല. എല്ലാ തലങ്ങളിലും ചര്‍ച്ചചെയ്തതിന് ശേഷമേ റിപ്പോര്‍ട്ട് നടപ്പിലാക്കൂ. അതിനായി മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. നാടിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനസൗകര്യങ്ങളുടെ വികസനം അനിവാര്യമാണ്. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തില്‍ പിന്നിലായിരുന്ന കേരളം ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും എല്ലാ ജില്ലകളിലും നാലുവരിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്ന തായും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ. എം. മാണി അദ്ധ്യക്ഷത വഹിച്ചു. അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വാമദേവാനന്ദ മഹരാജ്, പാലാ ബിഷപ്പ് മാര്‍. ജോസഫ് കല്ലറങ്ങാട്, എംപിമാരായ ജോസ് കെ. മാണി, അഡ്വ. ജോയി എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, പാലാ നഗരസഭാ ചെയര്മാന് കുര്യാക്കോസ് പടവന്, ഫിലിപ്പ് കുഴികുളം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെലിന് ഐസക്, വക്കച്ചന് മറ്റത്തില്‍, എന്‍എസ്എസ് താലൂക്ക് പ്രസിഡന്റ് സി.പി.ചന്ദ്രന് നായര്‍, എസ്എന്‍ഡിപിയോഗം മീനച്ചില്‍ യൂണിയന് സെക്രട്ടറി അഡ്വ.കെ.എം.സന്തോഷ്കുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: