കാസര്‍കോട്: നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത് ഇരുന്നൂറിലേറെ കരിങ്കല്‍ ക്വാറികള്‍. സ്ഫോടനം നടത്തുന്നതിനുള്ള എക്സ്പ്ളോസീവ് ലൈസന്‍സ് ഉള്ളത് ഏഴ് ക്വാറികള്‍ക്ക് മാത്രമാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെട്രോളിയം ആണ്റ്റ് എക്സ്പ്ളോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പിഇഎസ്‌ഒ) ആണ് ലൈസന്‍സ് നല്‍കേണ്ടത്. ജില്ലാ പരിസ്ഥിതി സമിതി ജോ.സെക്രട്ടറി പി.കൃഷ്ണന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ മറുപടിയുള്ളത്. സെബാസ്റ്റ്യന്‍ ജോര്‍ജ് (കള്ളാര്‍ വില്ലേജ്), എ.എ.ജോണി (ബേളൂറ്‍ വില്ലേജ്), കെ.ജെ.വിന്‍സണ്റ്റ് (ബളാല്‍ വില്ലേജ്), സി.നാരായണന്‍ (പരപ്പ വില്ലേജ്), വി.വി.സത്യന്‍ (കിനാനൂറ്‍ വില്ലേജ്), മുഹമ്മദ് ഇഖ്ബാല്‍ (മാലോം വില്ലേജ്) എന്നിവര്‍ മാത്രമാണ് എക്സ്പ്ളോസീവ് ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്നത്. പരപ്പയിലെ വി.വി.മനോജന്‍ എന്നയാള്‍ക്ക് ലൈസന്‍സ് ഉണ്ടെങ്കിലും ക്വാറി പ്രവര്‍ത്തിക്കുന്നില്ല. ഇതിനുപുറമെ തലയടുക്കത്ത് കളിമണ്‍ ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ക്ളേസ് ആണ്റ്റ് സിറാമിക്സ് പ്രോഡക്ട് ലിമിറ്റഡിനും ലൈസന്‍സ് ഉണ്ട്. ജിയോളജി വകുപ്പിണ്റ്റെ പ്രാഥമിക അനുമതി ലഭിച്ച ക്വാറികള്‍ പോലും ജില്ലയില്‍ ൧൧൩ എണ്ണം മാത്രമാണ്. ഇതില്‍ തന്നെ ഗ്രാമപഞ്ചായത്തിണ്റ്റെ അനുമതിയുള്ളത് പത്തില്‍ താഴെയും. ഗ്രാമപഞ്ചായത്തിണ്റ്റെ ഡെയിഞ്ചറസ് ആണ്റ്റ് ഒഫന്‍സീവ് ട്രേഡ് സര്‍ട്ടിഫിക്കറ്റില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്ന നിയമം ലംഘിച്ചാണ് ൯൫ ശതമാനം ക്വാറികളുടേയും പ്രവര്‍ത്തനം. ഇത് സംബന്ധിച്ച് ൨൦൧൨ ഏപ്രിലില്‍ എഡിഎം എച്ച്.ദിനേശണ്റ്റെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കര്‍ശന നടപടികളെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രേഖാമൂലം പരാതിപ്പെട്ടാല്‍ പോലും നടപടികള്‍ക്ക് ജില്ലാ ഭരണകൂടം മടിക്കുകയാണ്.
അനധികൃത ക്വാറികളുണ്ടെന്ന് പഞ്ചായത്തുകള്‍
കാസര്‍കോട്: അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഞ്ചായത്തുകള്‍ തന്നെ വ്യക്തമാക്കുന്നു. ജില്ലാ പരിസ്ഥിതി സമിതിയുടെ വിവരാവകാശ അപേക്ഷയ്‌ക്ക് കോടോംബേളൂറ്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ മറുപടിയില്‍ ഇരുപത് അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്ന് ൨൦൧൧ല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കോളിയാര്‍ പനയാര്‍ കുന്നിലുള്ള ക്വാറിയും ഉള്‍പ്പെടും. കോടോംബേളൂരില്‍ ഒന്‍പത് ക്രഷറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബളാല്‍ പഞ്ചായത്തിലെ ആറ് ക്വാറികളില്‍ ഒന്നിന് മാത്രമാണ് ലൈസന്‍സ്. പനത്തടി പഞ്ചായത്തില്‍ നാലും കള്ളാര്‍ പഞ്ചായത്തില്‍ അഞ്ചും ബേഡഡുക്ക പഞ്ചായത്തില്‍ ൨൧ഉം കുറ്റിക്കോല്‍ പഞ്ചായത്തില്‍ രണ്ടും ക്വാറികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. ഇവിടെ പത്തിലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ് പ്രാഥമിക നിഗമനം. അഞ്ച് ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നതായി പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്. വെസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി പഞ്ചായത്തുകള്‍ വ്യക്തമായ വിവരം നല്‍കാന്‍ തയ്യാറായില്ല. ഭീമനടി വെസ്റ്റ് എളേരി വില്ലേജുകളിലായി ൧൧ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. കയ്യൂറ്‍ ചീമേനി പഞ്ചായത്തില്‍ ചെറുവപ്പാടി, ഞണ്ടാടി സ്ഥലങ്ങളിലെ വന്‍കിട ക്വാറികള്‍ ഉള്‍പ്പെടെ ചീമേനി വില്ലേജില്‍ എട്ടും കയ്യൂരില്‍ രണ്ടും തിമിരിയില്‍ മൂന്നും അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. ജനകീയ സമരം മൂലം അടച്ചുപൂട്ടേണ്ടി വന്ന പോത്താംകണ്ടത്തെ ക്വാറിക്ക് മാത്രമാണ് ലൈസന്‍സ് ഉള്ളത്.
പാരിസ്ഥിതിക, സാമൂഹിക ദുരന്തം വലുത്
കാസര്‍കോട്: നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ വരുത്തിവെക്കുന്ന പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതം ഏറെയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണിക്കാണിക്കുന്നു. ഭൂരിഭാഗം ക്വാറികളും പശ്ചിമഘട്ട മലനിരകളിലാണെന്നത് ദുരന്തത്തിണ്റ്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ബളാലിലെ മുത്തപ്പന്‍ മലയിലും കോടോംബേളൂരിലെ കോളിയാര്‍ മലയിലും നൂറിലധികം ഏക്കര്‍ ഭൂമി ക്വാറി മാഫിയകളുടെ കയ്യിലാണ്. കോളിയാറിലെ പനയാര്‍ക്കുന്ന് മല തീരെ ഇല്ലാതായി. ക്വാറികള്‍ക്ക് ചുറ്റും താമസിക്കുന്ന ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുന്നു. ബളാല്‍ പഞ്ചായത്തിലെ മുത്തപ്പന്‍ മലയില്‍ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം ആരംഭിച്ചശേഷം എഴുപതിലധികം തെങ്ങുകള്‍ ഉണങ്ങുകയും കാര്‍ഷിക വിളകള്‍ കുറയുകയും ചെയ്തു. സ്ഫോടക വസ്തുക്കള്‍ കലര്‍ന്ന് കിണറുകളിലെ വെള്ളം കറുപ്പ് നിറമാണ്. ഭൂമി കുലുങ്ങുന്ന കനത്ത സ്ഫോടനത്തില്‍ സമീപപ്രദേശത്തെ വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കരിങ്കല്‍പ്പൊടിയും വിഷപ്പുകയും നിറയുന്ന അന്തരീക്ഷവും. വേനലെത്തുന്നതിനുമുമ്പ് തന്നെ ഇവിടങ്ങളില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുന്നു. കിണറുകളും നീര്‍ച്ചാലുകളും വറ്റിവരളുന്നു. കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്ന ഇവിടെ പ്രതികരിക്കുന്നതിനുപോലും ജനങ്ങള്‍ ഭയക്കുകയാണ്. പണവും സ്വാധീനവും ആള്‍ബലമുള്ള ക്വാറി മാഫിയകള്‍ സമാന്തര ഭരണമാണ് നടത്തുന്നത്. പരിപാടികള്‍ക്കും മറ്റും സംഭാവന നല്‍കി രാഷ്‌ട്രീയ പാര്‍ട്ടികളെ കയ്യിലെടുക്കുന്നു. നടപടിയെടുക്കേണ്ട അധികൃതരാകട്ടെ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: