ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. ഹാട്രിക് വിജയം ഉറപ്പിക്കുന്ന ബിജെപിയും തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും സജീവമായി മത്സരരംഗത്തുണ്ട്. ഇടതുപക്ഷം തമ്മിലടിക്കുകയാണിവിടെ. ആദിവാസി മേഖയയില്‍ സ്വാധീനമുള്ള പ്രാദേശിക പാര്‍ട്ടിയും ഒന്നോരണ്ടോ സീറ്റുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ രംഗത്തുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഒഴുക്കുന്നതു തടയാന്‍ കര്‍ശന പരിശോധനകളാണ് നടന്നത്. ചെറുതും വലുതുമായ എല്ലാത്തരം വാഹനങ്ങളും തടഞ്ഞുനിര്‍ത്തി പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു.
വളരെ ശാന്തമായിരുന്നു ഇത്തവണത്തെ പ്രചാരണം, സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കട്ടൗട്ടുകള്‍, കൊടിതോരണങ്ങള്‍ വളരെ ചുരുക്കം, അതും നഗരങ്ങളില്‍ മാത്രം. ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ പ്രതീതി പോലും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന ഇടപെടലാണ് പ്രചാരണമാറ്റ് കുറയ്‌ക്കാന്‍ കാരണം.
പ്രമുഖനേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളായിരുന്നു പ്രധാന പ്രചാരണപരിപാടികള്‍. എല്‍ കെ അദ്വാനി, നരേന്ദ്ര മോദി, രാജ് നാഥ് സിംഗ്, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, അനന്തകുമാര്‍ തുടങ്ങിയ ദേശീയ നേതാക്കളെല്ലാം ബിജെപിക്കായി പ്രചാരണത്തിനെത്തി. നാലു ദിവസങ്ങളിനായി 17 പരിപാടികളില്‍ പങ്കെടുത്ത മോദിയുടെ യോഗങ്ങളില്‍ വന്‍ ജനക്കുട്ടമായിരുന്നു. ദേശീയ നേതാക്കള്‍ എത്തിയെങ്കിലും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്നെയായിരുന്നു ബിജെപിയുടെ താര പ്രചാരകന്‍. ദിവസവും 10-12 യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. സ്ഥാനാര്‍ത്ഥികളെല്ലാം ചൗഹാനെ മണ്ഡലത്തില്‍ കിട്ടാനായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകന്‍. രാഹുല്‍ ഗാന്ധി ഏതാനും യോഗങ്ങളില്‍ പങ്കെടുത്തെങ്കിലും കാര്യമായി ജനങ്ങളെ ആകര്‍ഷിക്കാനായില്ല. പത്തു വര്‍ഷമായി ഭരണത്തിനു പുറത്തുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രശ്‌നം ഗ്രൂപ്പുപോരാണ്. മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്, കേന്ദ്രമന്ത്രി കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ ഗ്രൂപ്പുകളാണ് പ്രധാനം. മുന്‍കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, എംപി മാരായ അരുണ്‍ യാദവ്, മീനാക്ഷി നടരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകള്‍ വേറെയും. ഇവര്‍ക്കെല്ലാം സീറ്റ് വീതം വെച്ചു നല്‍കുന്നതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതിനാല്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം ഏറെ വൈകിയിരുന്നു. സിറ്റിംഗ് എംപി തന്നെ കഴിഞ്ഞയാഴ്ച പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കി.
ഇത്തവണ രാഷ്ടിയത്തിലുപരി വികസനമായിരുന്നു പ്രധാന പ്രചാരണ വിഷയം. റോഡ്, വൈദ്യുതി, ജലസേചനം എന്നീ മേഖലകളില്‍ ചൗഹാന്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളാണ് ബിജെപി വോട്ടാക്കാന്‍ ശ്രമിച്ചത്. അടിസ്ഥാന സൗകര്യ വികസനരംഗത്തെ കുതിപ്പുതന്നെയാകും ബിജെപിക്ക് കൂടുതല്‍ നേട്ടം കൊണ്ടുവരുക. റോഡുകളുടേയും വൈദ്യുതിയുടെയും കാര്യത്തില്‍ സമാനതയില്ലാത്ത പുരോഗതിയാണ് ചൗഹാന്‍ ഭരണത്തില്‍ ഉണ്ടായത്. ഒപ്പം ജനക്ഷേമ പദ്ധതികള്‍ വേറെയും. കാര്‍ഷിക വളര്‍ച്ചാ നിരക്കിലുണ്ടായ വന്‍ ഉയര്‍ച്ചയാണ് മറ്റൊന്ന്.
ഇക്കര്യത്തില്‍ മറുത്ത് പറയാന്‍ കോണ്‍ഗ്രസിനും കഴിയുമായിരുന്നില്ല. ചില മന്ത്രിമാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പ്രചരണവിഷയങ്ങള്‍ ആക്കാന്‍ ശ്രമിച്ചെങ്കിലും പറയുന്നത് കോണ്‍ഗ്രസായതിനാല്‍ വിലപോയില്ല.അവസാനം ചൗഹാന്റെ കുടുബത്തിനെതിരെ ആരോപണം ഉന്നയിച്ചുനോക്കി.സോണിയ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് വന്നതുമാത്രമായിരുന്നു ഫലം.
സിപിഎമ്മും സിപിഐയും തമ്മിലടിക്കുന്ന ഇടതു പക്ഷ ഐക്യമാണിവിടെ. ആദ്യ നിയമസഭമുതല്‍ കമ്മ്യണിസ്റ്റ് എംഎല്‍എ മാര്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ പ്രതീക്ഷയില്ല. ഉത്തര്‍ പ്രദേശിന്റെ അതിര്‍ത്തി മണ്ഡലങ്ങളില്‍ ചിലതില്‍ സമാജ് വാദി പര്‍ട്ടികള്‍, പ്രത്യേകിച്ച് ബിഎസ്പി നേടും.
അഭിപ്രായ സര്‍വേകളെല്ലാം ബിജെപി വിജയിക്കുമെന്നാണ് പറയുന്നത്. സീറ്റുകളുടെ എണ്ണത്തെക്കുറിച്ചുമാത്രമേ തര്‍ക്കമുള്ളു. 230 അംഗ നിയമസഭയില്‍ ബിജെപിക്ക്143 സീറ്റാണുള്ളത്. കോണ്‍ഗ്രസിന് എഴുപത്തിയൊന്നും.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: