കറാച്ചി: ദക്ഷിണകറാച്ചിയിലെ ഷിയാ ഭൂരിപക്ഷ മേഖലയായ അഞ്ചോളിയിലുണ്ടായ ശക്തമായ രണ്ട് സ്ഫോടനങ്ങളില്‍ പത്തോളം പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.
തിരക്കേറിയ പ്രദേശത്ത് രണ്ട് മോട്ടോര്‍ സൈക്കിളുകളില്‍ സൂക്ഷിച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്തെ വൈദ്യുതബന്ധവും വിഛേദിക്കപ്പെട്ടു. സംഭവത്തില്‍ സിന്ധ് ഗവര്‍ണര്‍ ഇസ്രത്തുള് ഇബാദ് ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷിയാകളെ ലക്ഷ്യമാക്കിയാണോ ബോംബു വച്ചതെന്നത് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സുന്നികളും ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഷിയാകള്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കുകയാണ്. പാകിസ്ഥാനില്‍ വര്‍ദ്ധിച്ചുവരുന്ന ഷിയാ-സുന്നി ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
മൊബൈല്‍ ഫോണ്‍ ശൃംഖലകളും നിര്‍വീര്യമാക്കിയിട്ടുണ്ട്. ഇന്നലെ റാവല്‍പിണ്ടിയിലും ഏറ്റുമുട്ടലുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: