പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കെ.വി.തോമസ് വിഭാഗവും എംഎല്‍എ ഡൊമിനിക് പ്രസന്റേഷന് വിഭാഗവും തമ്മിലുള്ള ശീതസമരം തുറന്ന പോരാട്ടത്തിലേക്ക്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഉഷാ പ്രദീപാണ് കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തുടരുന്നത് ഇതിനിടയില്‍ ഡൊമിനിക് പ്രസന്റേഷന് വിഭാഗം പഞ്ചായത്തംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഒന്നാം വാര്‍ഡ് മെമ്പര്‍ സൂസന് ജോസഫിനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന വേളയില്‍ രണ്ടര വര്‍ഷം വീതം ഭരണം നടത്താമെന്ന ധാരണയിലാണ് ഉഷാ പ്രദീപിനെ പ്രസിഡന്റാക്കാന്‍ അനുവദിച്ചതെന്ന വാദവുമായി മറുവിഭാഗം രംഗത്തെത്തുകയായിരുന്നു. എംഎല്‍എയും കേന്ദ്രമന്ത്രിയും തമ്മിലാണ് ധാരണയുണ്ടാക്കിയതെന്ന് ഇവര്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. എന്നാല്‍ ഇവര്‍ പറയുന്ന തരത്തില്‍ ഒരു ധാരണയും പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞു.
ഇതേത്തുടര്‍ന്ന് ഡൊമിനിക് വിഭാഗക്കാരായ എട്ട് പഞ്ചായത്തംഗങ്ങള്‍ കേന്ദ്രമന്ത്രി കെ.വി.തോമസ് വിഭാഗക്കാരിയായ ഉഷാ പ്രദീപിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. 25 ന് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് വരാനിരിക്കെ ഡിസിസി പ്രസിഡന്റ് വി.ജെ.പൗലോസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയ എട്ട് യുഡിഎഫ് അംഗങ്ങള്‍ക്ക് ഉഷാ പ്രദീപിന് അനുകൂലമായി നിലപാടെടുക്കണമെന്ന് കാണിച്ച് വിപ്പ് എഴുതി നല്‍കുകയായിരുന്നു. ഇതോടെ പ്രതിസന്ധിയിലായ ഡൊമിനിക് വിഭാഗം ഡിസിസി പ്രസിഡന്റിന് എതിരെ നിലപാടെടുത്ത് രംഗത്തുവന്നു. 17അംഗ പഞ്ചായത്തില്‍ 9 പേര് കോണ്‍ഗ്രസും ഒരു കേരള കോണ്‍ഗ്രസും ഏഴുപേര്‍ എല്‍ഡിഎഫുമാണ്. കേരള കോണ്‍ഗ്രസ് അംഗം ഉഷാ പ്രദീപിന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. ഏഴംഗങ്ങളുള്ള എല്‍ഡിഎഫ് അവിശ്വാസ വന്നാല്‍ ഉഷാ പ്രദീപിന് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് സൂചന. ഇതിനിടയില്‍ കൊച്ചി രൂപതയും സൂസന് ജോസഫിനെ പഞ്ചായത്തു പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി ഡിസിസിയേയും കെപിസിസിയേയും സമീപിച്ചതായും അറിയുന്നു.
കെ.കെ.റോഷന് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: