തിരുവനന്തപുരം: ശബരിമലക്ഷേത്രത്തില്‍ നിലവാരം കുറഞ്ഞ കല്ക്കണ്ടമുപയോഗിച്ച് പ്രസാദങ്ങള്‍ തയ്യാറാക്കുന്ന ദേവസ്വംബോര്‍ഡിന്റെ നടപടിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി. ശബരിമല ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും ബിജെപി വക്താവ് വി.വി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുറിവാടക ക്രമാതീതമായി വര്‍ധിപ്പിച്ചും ഭക്തര്‍ക്ക് കുടിവെള്ളം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതെയും ദേവസ്വംബോ ര്‍ഡും സര്‍ക്കാരും ശബരിമലയോട് അവഗണന തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസാദ നിര്‍മാണത്തിനാണ് കല്‍ക്കണ്ടം വ്യാപകമായി സന്നിധാനത്ത് ഉപയോഗിക്കുന്നത്. 95 ശതമാനം പരിശുദ്ധിയുള്ള കല്‍ക്കണ്ടം ഉപയോഗിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ ഉത്തരവിട്ടിട്ടുള്ളത്. 80 ശതമാനത്തില്‍ താഴെ പരിശുദ്ധിയുള്ള കല്ക്കണ്ടത്തില് നിര്‍മിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ പോലും വിഷമയമാകുമെന്നിരിക്കെ ശബരിമലയിലുപയോഗിക്കുന്ന കല്‍ക്കണ്ടം 65 ശതമാനത്തില്‍ താഴെ പരിശുദ്ധിയുള്ളതാണ്. ഇത്ര ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായിട്ടും വലിയതോതില്‍ പ്യൂരിറ്റി കുറഞ്ഞ കല്‍ക്കണ്ടം സന്നിധാനത്ത് സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത് ശബരിമലയില്‍ നിന്നെടുത്തതാണെന്ന പേരില്‍ മറ്റുസ്ഥലങ്ങളില്‍ നിന്നുള്ള ഗുണനിലവാരം കൂടിയ കല്ക്കണ്ടമാണ്. തെറ്റായ ലാബ് റിപ്പോര്‍ട്ട് സംഘടിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പരിശോധനയ്ക്ക് സന്നിധാനത്തു നിന്നെടുത്ത കല്ക്കണ്ടംമാറ്റി, പകരം വേറെ കല്‍ക്കണ്ടം വച്ചത് ഉന്നത ഗൂഢാലോചനയാണെന്ന് രാജേഷ് പറഞ്ഞു. മാ ധ്യമപ്രവര്ത്തകരുടെ സാന്നിധ്യത്തില്‍ സന്നിധാനത്തു സൂക്ഷിച്ചിരിക്കുന്ന കല്‍ക്കണ്ടം പിടിച്ചെടുത്ത് സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്കയയ്ക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.
അരവണ നിര്‍മാണത്തിലും അഴിമതിയാണ്. ഒരു തവണ അരവണ നിര്‍മാണത്തിനായി തയ്യാറാക്കുന്ന കൂട്ടില്‍ നിന്ന് 968 ടിന് അരവണ ലഭിക്കുമെന്നാണ് ബോര്‍ഡ് പറഞ്ഞിരുന്നത്. ഇത്തവണ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അരവണ നിര്‍മിച്ചപ്പോള്‍ ഒരു കൂട്ടില്‍ നിന്ന് 60വരെ ടിന്നുകള്‍ അധികമുണ്ടായി. വ്യാഴാഴ്ചവരെ ബോര്‍ഡ് പറഞ്ഞതിലും അധികമായി ലഭിച്ചത് ഒരു ലക്ഷം ടിന് അരവണയാണ്. 60 ലക്ഷം രൂപയാണ് ഇത്തരത്തില്‍ അധികമായി ലഭിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ അരവണ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇതും അന്വേഷണ വിധേയമാക്കണം. ശബരിമലയിലെ വിജിലന്‍സ് ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ഉദ്യോഗസ്ഥരെ മാറ്റി സ്വന്തക്കാരെ നിയമിക്കാനാണ് വകുപ്പു മന്ത്രി വി.എസ്. ശിവകുമാര്‍ ശ്രമിക്കുന്നത്. മായംകലര്‍ന്ന കല്‍ക്കണ്ടം വന്‍തോതില്‍ ഇറക്കുമതി ചെയ്തതിനു പിന്നിലും അരവണ തട്ടിപ്പിലും ശിവകുമാറിനു പങ്കുണ്ടെന്ന് വി.വി. രാജേഷ് ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം വരെ 1200 രൂപ വാടകയുണ്ടായിരുന്ന മുറികള്‍ക്ക് ഇപ്പോള്‍ സന്നിധാനത്ത് 6000 രൂപ വരെയാണ് ഈടാക്കുന്നത്. എല്ലാവര്‍ഷവും ഭക്തര്‍ക്ക് സൗജന്യമായി ചുക്കുവെള്ളം കുടിക്കാന്‍ നല്‍കിയിരുന്നത് ഇത്തവണയില്ല. പകരം ഭക്തര്‍ക്ക് കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. കുപ്പിവെള്ളക്കച്ചവട ലോബിയുമായി ചേര്‍ന്നുള്ള തട്ടിപ്പാണ് ഇതിനു പിന്നില്‍. വന്‍കിട കുപ്പിവെള്ള നിര്‍മാതാക്കളെ സഹായിക്കാനായി സൗജന്യ കുടിവെള്ള വിതരണം നിര്‍ത്തലാക്കിയിരിക്കുകയാണെന്നും വി.വി.രാജേഷ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: